ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് പൊലിസ് നിരീക്ഷണത്തില്‍
കൊല്ലം: ചവറയില്‍ ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് അപകടനില തരണം ചെയ്തതായി സൂചന. ഇയാളെ ഡിസ്ചാര്‍ജ് ചെയ്താല്‍ പൊലിസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തും. തേവലക്കര കോയിവിള ബംഗ്ലാവില്‍ കിഴക്കതില്‍ ബാബു വല്ലേരിയനാ(46)ണ് ചികിത്സയില്‍ കഴിയുന്നത്. ഭാര്യ: ഡോമി പിയര്‍ലിയെ (34) കിടപ്പുമുറിയിലെ കുളിമുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സമീപത്ത് അബോധാവസ്ഥയിലായ നിലയിലായിരുന്നു ബാബു കിടന്നിരുന്നത്. അവശനിലയിലായ ബാബുവിനെ പൊലിസെത്തി ആലപ്പുഴ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ. കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായ ഡോമി ബാബുവുമായി പിണങ്ങി കുട്ടികളുമായി തിരുമുല്ലവാരത്തെ സ്വന്തം വീട്ടിലാണ് കഴിഞ്ഞു വന്നത്. എറണാകുളം ഡിപ്പോയിലെ ജോലി കഴിഞ്ഞ് തിരികെ വന്ന ഡോമിയെ വ്യാഴാഴ്ച രാത്രിയില്‍ കോയിവിള ഭരണിക്കാവില്‍ ബൈക്ക് വച്ച ശേഷം ഓട്ടോ വിളിച്ച് ടൈറ്റാനിയം ജങ്ഷനിലെത്തി. ബസില്‍ നിന്നും വിളിച്ചിറക്കി രാത്രി 12.30ന് കോയിവിളയിലെ വീട്ടിലെത്തിച്ചിരുന്നു. സമീപവാസിയും ബാബുവിന്റെ കുഞ്ഞമ്മയുമായ റീത്തയാണ് മൃതദേഹം ആദ്യം കാണുന്നത്. ബാബു വാങ്ങിയ ടോര്‍ച്ച് വാങ്ങാന്‍ സംഭവദിവസം രാവിലെ 11 ഓടെ എത്തിയ റീത്ത പുറത്താരെയും കാണാത്തതിനെ തുടര്‍ന്ന് കിടപ്പുമുറിയുടെ ജനല്‍ തുറന്ന് നോക്കുമ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കുളിമുറിയില്‍ മൃതദേഹം കാണുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതോടെ എത്തിയ തെക്കുംഭാഗം പൊലിസ് നടത്തിയ പരിശോധനയിലാണ് ബാബുവിന് ജീവനുള്ളതായി കണ്ടത്. ഉടന്‍ തന്നെ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഡോമിയുടെ കഴുത്തില്‍ ആഴത്തിലുള്ള 12 മുറിവുകളാണ് ഉണ്ടായിരുന്നത്. വലത് കൈപ്പത്തിക്ക് മുകള്‍വശം വെട്ടി പിളര്‍ന്ന നിലയിലുമായിരുന്നു. തെക്കുംഭാഗം എസ്.ഐ വിവരമറിയിച്ചതനുസരിച്ച് ചവറ സി.ഐ ഗോപകുമാറും സംഘവും സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തി.
കിടപ്പുമുറിയില്‍ കണ്ട ഗുളികകള്‍ ബാബു കഴിച്ചതിന്റെ ബാക്കിയാണെന്നാണ് കരുതുന്നത്. വിദേശത്തായിരുന്ന ബാബു ആറു മാസമായി നാട്ടിലുണ്ട്.
മുന്‍പ് പഞ്ചായത്തംഗത്തെ കുത്തി പരിക്കേല്‍പിച്ച കേസില്‍ പ്രതിയായിരുന്ന ഇയാള്‍ മാസങ്ങള്‍ക്ക് മുന്‍പ് ഡോമിയുടെ കൈയ്യും കാലും അടിച്ചൊടിച്ചിരുന്നു. ഇതിന്റെ കേസ് നടന്നു വരുന്നതിനിടയിലാണ് ഡോമിയെ വിളിച്ചു കൊണ്ടുവരുന്നതും കൊല നടത്തുന്നതും. ബാബുവിനെ കുറിച്ച് അയല്‍വാസികള്‍ക്കും നല്ല അഭിപ്രായമല്ല ഉള്ളത്. പരിസരവാസികളുമായി സഹകരണമില്ലാതെ ഒറ്റയ്ക്കാണ് ഇയാള്‍ വീട്ടില്‍ കഴിഞ്ഞിരുന്നതും. മക്കള്‍: ബനഡിക്ട്, ബര്‍ണന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."