HOME
DETAILS

എളിമയുടെ നറുനിലാവ് മാഞ്ഞു

  
backup
March 07 2022 | 04:03 AM

editorial-894562489523-2


സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അനിഷേധ്യ നേതാവും ഒരു വ്യാഴവട്ടക്കാലം ഇന്ത്യൻ യൂനിയൻ മുസ്‌ലിംലീഗിനെ നയിച്ച സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നാഥനിലേക്ക് മടങ്ങി. എളിമയും വിനയവുമായിരുന്നു തങ്ങളുടെ മുഖമുദ്ര. കോപവും വിദ്വേഷവും ഒരിക്കലും ആ മുഖത്ത് കാണാൻ കഴിയുമായിരുന്നില്ല. വേദനിക്കുന്നവരുടെ മുമ്പിൽ ആർദ്ര സാന്നിധ്യമായി. പരേതരായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഉമറലി ശിഹാബ് തങ്ങളുടെയും ഇളയ സഹോദരനായ ഹൈദരലി ശിഹാബ് തങ്ങളിൽ ഇരു സഹോദരങ്ങളുടെയും സ്വഭാവ വൈശിഷ്ട്യങ്ങൾ സമഞ്ജസമായി സമ്മേളിച്ചു. മുഹമ്മദലി ശിഹാബ് തങ്ങളുടെ രത്നദീപ്തി യാർന്ന പുഞ്ചിരിയും ഉമറലി ശിഹാബ് തങ്ങളുടെ നിലപാടുകളിലെ കണിശതയും ഒരുപോലെ സമ്മേളിച്ച മഹദ് വ്യക്തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടേത്. പ്രാർഥനാനിർഭരം പോലെയായിരുന്നു അദേഹത്തിന്റെ ജീവിതം. 2009ൽ മുഹമ്മദലി ശിഹാബ് തങ്ങൾക്ക് ശേഷം മുസ് ലിം ലീഗിന്റെ അധ്യക്ഷസ്ഥാനത്ത് അവരോധിതനായ ഹൈദരലി ശിഹാബ് തങ്ങൾ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിലും നേരിന്റെ സഞ്ചാരപഥത്തിലൂടെ നയിക്കുന്നതിലും വിജയിച്ചു. 1990 മുതൽ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്ത് പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ പാർട്ടിയെ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് അദ്ദേഹത്തിന് തുണയായി. പാർട്ടി അച്ചടക്ക സമിതിയുടെ നേരർഥമായിരുന്നു തങ്ങൾ. ഈ അനുഭവസമ്പത്തും പ്രവർത്തനപാരമ്പര്യവും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ തങ്ങൾക്ക് ഏറെ ഗുണം ചെയ്തു. അതോടൊപ്പം ആത്മീയ ജ്യോതിസായി പ്രകാശംപരത്താനും അദ്ദേഹത്തിന് കഴിഞ്ഞു. സുന്നി വിദ്യാർഥി ഫെഡറേഷന്റെ പ്രഥമ സംസ്ഥാന പ്രസിഡൻ്റായിരുന്നു. കേരളത്തിൽ ഏറ്റവുമധികം പള്ളികളുടെ ഖാസിയാകാനുള്ള സൗഭാഗ്യം ലഭിച്ച ഏക പണ്ഡിതരത്നവും ഹൈദരലി തങ്ങൾ തന്നെയായിരുന്നു. സമസ്ത മുശാവറ അംഗവുമായിരുന്നു. നിരവധി മത - ഭൗതിക വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രസിഡന്റുമായിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ മത, ഭൗതിക സ്ഥാപനങ്ങളുടെ പ്രസിഡൻ്റ് പദവി അലങ്കരിച്ച ഏക വ്യക്തിയും ഹൈദരലി തങ്ങൾ തന്നെ.


കാണാൻവരുന്നവരെ വലുപ്പ, ചെറുപ്പ പരിഗണനയില്ലാതെ നിറഞ്ഞുതുളുമ്പുന്ന മൗന മന്ദഹാസത്തോടെ അദ്ദേഹം സ്വീകരിച്ചു. പുറത്തെ ആൾക്കൂട്ടത്തിൽ നിൽക്കുന്ന സാധാരണ പ്രവർത്തകരെ വരെ പേരെടുത്തുവിളിക്കാൻ കഴിഞ്ഞു. അവരെ അരികിൽ വിളിച്ചുവരുത്തി ചേർത്തുപിടിച്ചു.


കണ്ണീരുമായി പാണക്കാട് വീടിന്റെ പടികയറി ചെന്നവരാരും തങ്ങളുടെ കരസ്പർശമേറ്റ്, സാന്ത്വന മൊഴികൾ കേട്ട് നറുപുഞ്ചിരിയോടെയല്ലാതെ പടികൾ തിരിച്ചിറങ്ങിയിട്ടില്ല. പതിഞ്ഞ സ്വരത്തിൽ എല്ലാവരോടും അദ്ദേഹം സ്നേഹസാന്ദ്രമായി സംവദിച്ചു. അതോടൊപ്പം തീരുമാനങ്ങളിൽ ഉരുക്കിന്റെ ഊർജവുമായി. നിലപാടുകളിൽ കണിശത പുലർത്തി. പരാതിക്കെട്ടുകളുമായി വരുന്നവരെയെല്ലാം തങ്ങൾ സശ്രദ്ധം കേട്ടു. അപ്പപ്പോൾ തന്നെ പരിഹാരങ്ങളും നിർദേശിച്ചു. രാഷ്ട്രീയ, മതപരമായ തിരക്കുകൾക്കിടയിലും അശരണർക്ക് കാതോർക്കാൻ അദ്ദേഹം സമയം കണ്ടെത്തി. സംസ്ഥാനത്തിനകത്ത് നിന്നും പുറത്തുനിന്നും ആവലാതികളുമായി വന്നവർക്കൊരിക്കലും തങ്ങളെ കാണാതെ നിരാശരായി മടങ്ങേണ്ടിവന്നിട്ടില്ല. തങ്ങൾ വീട്ടിലുണ്ടെങ്കിൽ തീർച്ചയായും പരാതിക്കാരെ സ്നേഹമസൃണമായി സ്വീകരിച്ചിരുത്തും. ആലംബഹീനരുടെ ഏകാന്ത നിലവിളികൾക്ക് കാതോർക്കുന്ന കുടുംബപാരമ്പര്യം ഹൈദരലി ശിഹാബ് തങ്ങളും കാത്തുസൂക്ഷിച്ചു.


ബഹുസ്വര സമൂഹത്തിൽ മുസ്‌ലിംലീഗിനെപ്പോലുള്ള ഒരു രാഷ്ട്രീയപ്രസ്ഥാനത്തെ എങ്ങനെ നയിക്കണമെന്ന തികഞ്ഞ ബോധ്യമുള്ള നേതാവായിരുന്നു അദ്ദേഹം. പാർട്ടിയെ സൂക്ഷ്മ തീഷ്ണതയോടെ നയിക്കണമെന്നതിന്റെ അണയാദീപമായി പ്രശോഭിച്ച മുഹമ്മദലി ശിഹാബ് തങ്ങൾ തന്നെയായിരുന്നു ഹൈദരലി തങ്ങളുടെയും മാതൃക. അതാകട്ടെ വന്ദ്യ പിതാവായിരുന്ന പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങൾ പിൻതലമുറയ്ക്കായി അവശേഷിപ്പിച്ചുപോയ ധന്യമാം മാതൃകയുമായിരുന്നു. മതേതരത്വത്തിന്റെ പ്രതീകമായിരുന്നു ഹൈദരലി തങ്ങൾ. വർഗീയതയെ ബഹുസ്വരത കൊണ്ട് ചെറുത്തുതോൽപ്പിക്കണമെന്ന നിശ്ചയദാർഢ്യം അദ്ദേഹത്തിന്റെ വാക്കുകളിൽ മുഴങ്ങി. പ്രവർത്തനങ്ങളിൽ പ്രതിഫലിച്ചു. വെല്ലുവിളികളെയും നേട്ടങ്ങളെയും ഒരേ പുഞ്ചിരിയോടെ അഭിമുഖീകരിക്കാൻ തങ്ങൾക്കു കഴിഞ്ഞിരുന്നു. സാമുദായിക സൗഹാർദം എന്തുവില കൊടുത്തും നിലനിർത്തുന്നതിന് അദ്ദേഹം പ്രതിജ്ഞാബദ്ധനായത്, മതനിരപേക്ഷതയുടെ ദീപസ്തംഭങ്ങളായി പിതാവും സഹോദരങ്ങളും ഓർമകളുടെ അടരുകളിൽ ജ്വലിച്ചുനിന്നതിനാലായിരുന്നു. സംശുദ്ധമായ വ്യക്തിജീവിതത്തെ പൊതുജീവിതത്തിന്റെ ശബളിമ ബാധിച്ചില്ല. വ്യതിരിക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാട് പുലർത്തുമ്പോഴും ഇതര രാഷ്ട്രീയ നേതാക്കളെ കൻമഷത്തിന്റെ നേരിയ ഛായ പോലും ഇല്ലാതെ സ്നേഹാർദ്രമായി സ്വീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് പൂർവസൂരികൾ അവശേഷിപ്പിച്ചുപോയ സുകൃതത്താലായിരുന്നു. .........അത്തരത്തിലുള്ള നേതാവായിരുന്നു തങ്ങളെന്ന് സാക്ഷ്യപ്പെടുത്തുന്നത് ഗോവ ഗവർണറും ബി.ജെ.പിയുടെ മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്ന അഡ്വ. പി.എസ് ശ്രീധരൻ പിള്ളയാണ്. മുഹമ്മദലി ശിഹാബ് തങ്ങൾക്ക് ശേഷവും ഇതര മത, സാമുദായിക ബന്ധം ഊഷ്മളമായി നിലനിർത്തുന്നതിൽ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. സാമുദായിക ഐക്യത്തിനുവേണ്ടി എന്ത് ത്യാഗവും സഹിക്കാൻ അദ്ദേഹം തയാറായി. രാഷ്ട്രീയത്തിലും മത, സാമുദായിക വിഷയങ്ങളിലും പക്വമായ നിലപാടെ ടുക്കുന്ന പാണക്കാട് കുടുംബത്തിന്റെ പാരമ്പര്യം കെടാവിളക്കായി ഹൈദരലി ശിഹാബ് തങ്ങളും സൂക്ഷിച്ചു. മുസ്‌ലിം ലീഗ് പ്രസ്ഥാനം നിരവധി പ്രതിസന്ധികളിലുടെ കടന്നു പോയപ്പോൾ അതിനെയെല്ലാം സംയമനത്തോടെ, നിശ്ചയദാർഢ്യത്തോടെ അഭിസംബോധന ചെയ്യാൻ തങ്ങൾക്ക് പ്രാപ്തിനൽകിയത് അനുഭവജ്ഞാനമായിരുന്നു. ഇന്ത്യ പോലുള്ള ഒരു ബഹുസ്വര സമൂഹത്തിൽ മുസ്‌ലിംകൾ എങ്ങനെ പെരുമാറണമെന്നതിന്റെ ഉദാഹരണമായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളുടേത് പോലെ ഹൈദരലി ശിഹാബ് തങ്ങളുടെയും ജീവിതം...... സമാധാനത്തിന്റെയും ശാന്തിയുടെയും മതമാണ് ഇസ്‌ലാം എന്നത് സ്വജീവിതത്തിലൂടെ തങ്ങൾ കുടുംബം സമൂഹത്തിന് നൽകിയ ജ്ഞാനപ്രസാദമായിരുന്നു. ആ നന്മയുടെ വറ്റാത്ത ഉറവ കൂടിയായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ. മതതീവ്രവാദത്തെ അതിനിശിതമായി എതിർക്കുന്നതിൽ തങ്ങൾ എന്നും മുൻപന്തിയിലുണ്ടായിരുന്നു.


കാലം ഹൈദരലി ശിഹാബ് തങ്ങളെ രേഖപ്പെടുത്തുക ജ്യേഷ്ഠ സഹോദരങ്ങളായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും തുല്യ അളവിൽ സമ്മേളിച്ച പുരുഷ രത്നം എന്ന നിലയിലായിരിക്കും. പ്രിയപ്പെട്ടവരുടെ "ആററപ്പൂ" ഇനിയില്ല. ആ സുകൃത ജന്മത്തിന് പരിസമാപ്തി. സ്നേഹയല പോലെ ഒഴുകിയെത്തുന്ന അനശ്വര ഓർമകൾക്ക് മുമ്പിൽ, തങ്ങളുടെ മഗ്ഫിറത്തിനായുള്ള ജനലക്ഷങ്ങളുടെ പ്രാർഥനകളിൽ നോവലിയും മിഴികളോടെ ഞങ്ങളും പങ്കുചേരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  6 minutes ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  10 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago