അധിനിവേശം 12ാം നാള്‍; ആക്രമണം ശക്തമായി തുടര്‍ന്ന് റഷ്യ; ചെറുത്ത് ഉക്രൈന്‍
മോസ്‌ക്കോ: അധിനിവേശത്തിന്റെ 12ാം നാളിലും ശക്തമായ ആക്രമണം തുടര്‍ന്ന് റഷ്യ. ഖാര്‍കീവ്, തെക്കന്‍ നഗരമായ മരിയുപോള്‍, സുമി നഗരങ്ങളെ വളഞ്ഞ് ആക്രമിക്കുന്ന റഷ്യന്‍ സേന ഷെല്ലാക്രമണവും വ്യോമാക്രമണവും നിര്‍ത്താതെ തുടരുകയാണ്.
അതേസമയം ഈ നഗരങ്ങള്‍ ശക്തമായ ചെറുത്തുനില്‍പാണ് നടത്തുന്നത്. കിടങ്ങുകള്‍ നിര്‍മിച്ചും റോഡുകള്‍ അടച്ചുമാണ് കീവില്‍ സൈനികരുടെ പ്രതിരോധം. പ്രധാന പാതയില്‍ മണല്‍ചാക്കുകളും കോണ്‍ക്രീറ്റ് സ്ലാബുകളും നിരത്തി. സമീപ പ്രദേശങ്ങളില്‍ ഷെല്ലാക്രമണം രൂക്ഷമാണ്. തെക്കന്‍ നഗരമായ നോവ കഖോവ്ക്കയില്‍ പ്രവേശിച്ച റഷ്യന്‍ സേനയ്‌ക്കെതിരെ പ്രതിഷേധവുമായി രണ്ടായിരത്തിലേറെപ്പേര്‍ ദേശീയ പതാകയുമായി തെരുവിലിറങ്ങി.
ഇര്‍പിന്‍ പട്ടണത്തിലും റഷ്യ ബോംബിങ് ശക്തമാക്കി. തന്ത്രപ്രധാനമായ ഹോസ്റ്റോമെല്‍ വിമാനത്താവളത്തിന് സമീപമാണ് പട്ടണം. കീവിലേക്ക് മുന്നേറാന്‍ ശ്രമിക്കുന്ന റഷ്യയുടെ സൈനിക വാഹനവ്യൂഹവും ഇതിനടുത്താണുള്ളത്. റഷ്യന്‍ മുന്നേറ്റം തടയുന്നതിനായി ഇര്‍പിലെ പാലങ്ങള്‍ ഉക്രൈന്‍ സൈന്യം തകര്‍ത്തു.
തെക്കന്‍ നഗരമായ ഒഡേസ ആക്രമിക്കാന്‍ റഷ്യന്‍ സേന തയ്യാറെടുക്കുകയാണെന്നും ഖാര്‍കീവ്, മൈക്കലേവ്, ചെര്‍ണീവ്, സുമി എന്നിവിടങ്ങള്‍ വളഞ്ഞിരിക്കുകയാണെന്നും ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ സെലന്‍സ്‌കി പറഞ്ഞു. മധ്യ യുക്രൈനിലെ നിപ്രോ നഗരം ആക്രമിക്കാനും റഷ്യ നീക്കം തുടങ്ങിയെന്നാണു വിവരം.
അതിനിടെ റഷ്യ-ഉക്രൈന്‍ മൂന്നാംവട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കും. റഷ്യക്കെതിരെ ഉപരോധം ശക്തമാക്കണമെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളോട് ഉക്രൈന്‍ വീണ്ടും ആവശ്യപ്പെട്ടു. പോര്‍ വിമാനങ്ങളും ആയുധങ്ങളും എത്തിക്കണമെന്നും അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."