എല്‍.ഡി.എഫില്‍ ചങ്ങനാശ്ശേരി ജോസ് വിഭാഗത്തിന്: മലപ്പുറത്ത് സീറ്റു വിട്ടുകൊടിക്കില്ലെന്ന് സി.പി.ഐ
കോട്ടയം: ദിവസങ്ങളായി എല്‍.ഡി.എഫില്‍ തര്‍ക്കം തുടരുന്ന ചങ്ങനാശ്ശേരി സീറ്റിന്റെ കാര്യത്തില്‍ തീരുമാനമായി. കേരളാ കോണ്‍ഗ്രസ് എമ്മിന് വിട്ടു നല്‍കാനാണ് ധാരണ. ചങ്ങനാശ്ശേരി വേണമെന്ന ഉറച്ച നിലപാടിലായിരുന്നു സി.പി.ഐ. അല്ലങ്കില്‍ കാഞ്ഞിരപ്പള്ളി വിട്ടുനല്‍കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു അവര്‍. ആദ്യഘട്ടത്തില്‍ ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും മലപ്പുറത്തെ രണ്ടു സീറ്റും ഉള്‍പ്പടെയുള്ളവയില്‍ നിന്ന് നാല് സീറ്റ് വിട്ടുനല്‍കാനാണ് ആദ്യം ധാരണയായത്.
എന്നാല്‍, ചങ്ങനാശ്ശേരി കേരള കോണ്‍ഗ്രസിന് എന്ന് ഉറപ്പായിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് ചങ്ങനാശ്ശേരി വിട്ടുനല്‍കില്ലെന്ന് ഉറപ്പായതോടെ മലപ്പുറത്ത് വിട്ടുനല്‍കാമെന്ന് പറഞ്ഞ സീറ്റുകള്‍ വിട്ടുനല്‍കില്ലെന്ന് സി.പി.ഐ നിലപാടെടുത്തത്.
എന്നാല്‍ മലപ്പുറത്തെ ഏറനാട് സീറ്റില്‍ സി.പി.എം പൊതു സ്വതന്ത്രനെ നിര്‍ത്താനായിരുന്നു തീരുമാനം. ഫുട്ബാള്‍ താരം യു.ഷറഫലിയെയായിരുന്നു ഇവിടെ സ്ഥാനാര്‍ഥിയാക്കാന്‍ കണ്ടുവെച്ചിരുന്നത്. സി.പി.ഐ മത്സരിച്ചിരുന്ന സീറ്റായിരുന്നു ഏറനാടും മഞ്ചേരിയും. ഏറനാട്ടില്‍ ശക്തമായൊരു മത്സരം കാണാമെന്ന പ്രതീക്ഷയിലായിരുന്നു. അതു വെറുതെയാകുമോ എന്നാണിപ്പോള്‍ ഉയരുന്ന ചോദ്യം. ചങ്ങനാശ്ശേരി സീറ്റ് സംബന്ധിച്ച തീരുമാനത്തില്‍ സിപിഐ ഇനി പരസ്യപ്രതിഷേധത്തിന് തയ്യാറാകുമോ എന്ന കാര്യവും ഉറപ്പായിട്ടില്ല. കോട്ടയത്ത് ഇപ്പോള്‍ വൈക്കം മാത്രമാണ് സിപിഐക്ക് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."