മുബാറക് ഖാന്‍ ശഹീദ് ദര്‍ഗ പൊളിക്കാനുള്ള യു.പി സര്‍ക്കാര്‍ നീക്കം സുപ്രിംകോടതി തടഞ്ഞു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലെ വിഖ്യാതമായ മുബാറക് ഖാന്‍ ശഹീദ് ദര്‍ഗ പൊളിക്കാനുള്ള അധികൃതരുടെ നീക്കം സുപ്രിംകോടതി തടഞ്ഞു. ഇതു സംബന്ധിച്ച് വിചാരണാ കോടതിയിലുള്ള കേസുകള്‍ തീര്‍പ്പാകുന്നതുവരെ ദര്‍ഗ പൊളിക്കാന്‍ പാടില്ലെന്ന് ജസ്റ്റിസുമാരായ നവീന്‍ സിന്‍ഹ, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. മുബാറക് ഖാന്‍ ശഹീദിന്റെ മഖ്ബറയും ദര്‍ഗയുടെ വലതുവശത്തെ മസ്ജിദും അധികൃതര്‍ ഇന്ന് പൊളിക്കാനിരിക്കെയാണ് കോടതി ഇത് തടഞ്ഞത്. അതോടൊപ്പം ഉത്തര്‍പ്രദേശ് സര്‍ക്കാറിന് കോടതി നോട്ടിസയച്ചു.
നൂറ്റാണ്ടുകളായി രാജ്യത്തെ മുസ്‌ലിംകള്‍ സന്ദര്‍ശിക്കുകയും പ്രാര്‍ഥന നിര്‍വഹിക്കുകയും ചെയ്യുന്ന സ്ഥലമാണ് മുബാറക് ഖാന്‍ ശഹീദ് ദര്‍ഗ. ദര്‍ഗ നില്‍ക്കുന്നത് കൈയേറ്റ ഭൂമിയിലാണെന്നാരോപിച്ച് സര്‍ക്കാര്‍ നോര്‍മല്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ കോടതിയെ സമീപിക്കുന്നത് മുതലാണ് ഇതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ ആരംഭിക്കുന്നത്. ഇതോടെ ഇവിടേക്കുള്ള പ്രവേശനം തടസ്സപ്പെടുകയും മുന്‍സിഫ് കോടതിയില്‍ നിയമനടപടി ആരംഭിക്കുകയും ചെയ്തു.
ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ ദര്‍ഗക്കെതിരായ നടപടികള്‍ ശക്തമായി. 2019 ജൂണില്‍ യു.പി പബ്ലിക് പ്രിമൈസസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം ദര്‍ഗയും പള്ളിയും പൊളിച്ചു നീക്കാന്‍ സബ് ഡിവിഷനല്‍ ഓഫിസര്‍ ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന് റവന്യു വിഭാഗം ദര്‍ഗയടക്കം 18 കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് കാണിച്ച് റിപ്പോര്‍ട്ട് നല്‍കി. ഇതിനെതിരേ ദര്‍ഗ കമ്മിറ്റി കോടതിയെ സമീപിച്ചു. എന്നാല്‍, കമ്മിറ്റിക്ക് ദര്‍ഗയ്ക്കു മേല്‍ അവകാശമില്ലെന്നു കാണിച്ച് ഗൊരഖ്പൂര്‍ വികസന അതോറിറ്റി ഹരജിക്കാരന് നോട്ടിസ് പോലും നല്‍കാതെ പൊളിച്ചുമാറ്റല്‍ നടപടിയുമായി മുന്നോട്ടു പോയി.
ദര്‍ഗയുടെ ഒരു ഭാഗം പൊളിച്ചതിനു ശേഷം, ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ ഹാജരാക്കാന്‍ അധികൃതര്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. ദര്‍ഗ കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞ ഫെബ്രുവരിയില്‍ കേസ് കോടതി തള്ളി. ഇതേത്തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."