സിറ്റിങ് സീറ്റുകളും വിട്ടുകൊടുത്തു ലക്ഷ്യം തുടര്‍ഭരണം; പരമാവധി വിട്ടുവീഴ്ചയുമായി സി.പി.എം
തിരുവനന്തപുരം: തുടര്‍ഭരണം ലക്ഷ്യംവച്ച് പരമാവധി വിട്ടുവീഴ്ച ചെയ്യാന്‍ സി.പി.എം. ഉറച്ച പാര്‍ട്ടി കോട്ടകളുള്‍പ്പെടുന്ന സിറ്റിങ് സീറ്റുകളടക്കം വിട്ടുകൊടുത്താണ് മറ്റു ഘടകകക്ഷികളെ ഒപ്പം നിര്‍ത്തുന്നത്.
ഉഭയകക്ഷി ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെങ്കിലും ഇതുവരെ വീതംവച്ചതില്‍ നഷ്ടം സി.പി.എമ്മിനു തന്നെ. കേരളത്തില്‍ കൂടി ഭരണം നഷ്ടപ്പെട്ടാല്‍ പാര്‍ട്ടിയുടെ ദേശീയമുഖം അപ്രസക്തമാകുമെന്നതിനാല്‍ കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് പരമാവധി വിട്ടുവീഴ്ചയ്ക്ക് സി.പി.എം തയാറായത്. ഇതുവരെ ഏഴു സീറ്റുകളാണ് സി.പി.എം ഇങ്ങനെ വീതംവച്ചത്. സി.പി.ഐ ഉള്‍പ്പെടെ മുന്നണിയിലെ മറ്റു ഘടകകക്ഷികളുമായുള്ള സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ അവസാനിച്ചുകഴിഞ്ഞാല്‍ മൂന്നു സീറ്റുകള്‍ കൂടി പാര്‍ട്ടിക്കു നഷ്ടപ്പെട്ടേക്കും. സി.പി.എമ്മിന്റെ നാലു സിറ്റിങ് സീറ്റുകളില്‍ രണ്ടെണ്ണം കേരള കോണ്‍ഗ്രസി(എം)നും ലോക്താന്ത്രിക് ജനതാദളിനും അനുവദിച്ചു. എല്‍.ജെ.ഡിക്ക് അനുവദിച്ച മൂന്നു സീറ്റുകളില്‍ രണ്ടെണ്ണം സി.പി.എമ്മിന്റെ സിറ്റിങ് സീറ്റുകളായ കൂത്തുപറമ്പും കല്‍പ്പറ്റയുമാണ്. 1996 മുതല്‍ രാജു എബ്രഹാം പ്രതിനിധീകരിക്കുന്ന റാന്നിയും 2006ല്‍ കോണ്‍ഗ്രസ് കുത്തക അവസാനിപ്പിച്ച ചാലക്കുടിയും സി.പി.എം മത്സരിച്ചുപോരുന്ന കുറ്റ്യാടി, പിറവം, പെരുമ്പാവൂര്‍ എന്നിവയും കേരള കോണ്‍ഗ്രസി(എം)നു നല്‍കി. ഈ പാര്‍ട്ടിക്ക് ഇത്ര വലിയ പരിഗണന നല്‍കുന്നതില്‍ മുന്നണിയിലെ ചെറുകക്ഷികള്‍ക്ക് മുറുമുറുപ്പുണ്ട്.
മധ്യതിരുവിതാംകൂര്‍ മേഖലയിലെ പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകളിലേക്ക് നുഴഞ്ഞുകയറുക എന്ന ലക്ഷ്യത്തോടെയാണ് സി.പി.എം കേരള കോണ്‍ഗ്രസി(എം)നോട് ഇത്തരത്തില്‍ ഔദാര്യം കാണിക്കുന്നത്. സഖ്യകക്ഷികളില്‍ നിന്ന് സീറ്റുകള്‍ തട്ടിയെടുക്കുന്നുവെന്ന ആരോപണമാണ് സി.പി.എം ഇതുവരെ നേരിട്ടത്.
എന്നാല്‍ ഇത്തവണ അതു പാടേ മാറുകയാണ്. 2016ല്‍ സി.പി.എം സ്വതന്ത്രരടക്കം 92 സീറ്റുകളില്‍ പാര്‍ട്ടി മത്സരിച്ചു. 84 മണ്ഡലങ്ങളില്‍ ഔദ്യോഗിക ചിഹ്നത്തിലും എട്ടിടങ്ങളില്‍ സ്വതന്ത്രരായും പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."