സി.എമ്മിന്റെ ശ്രീ എം
യോഗ മാനസികാരോഗ്യവും അതുവഴിയുള്ള ജീവിതവിജയത്തിനുമൊക്കെ കാരണമാകുമെന്ന് യോഗീവര്യന്മാരുടെ പലവുരുവുള്ള അവകാശവാദത്തിലൊന്നാണ്. ഇതുവഴി ലോകത്തിനുതന്നെ സുഖവും ഐശ്വര്യവും പുരോഗതിയുമൊക്കെ പ്രദാനം ചെയ്യുമെന്നാണ് വാദമെങ്കിലും സര്‍വലോകനന്മ മുഖ്യ മാനിഫെസ്‌റ്റോയായിരുന്ന സി.പി.എം പോലുള്ള ഇടതുപക്ഷ സംഘടനകള്‍ ഇതൊന്നും അത്രകണ്ട് ഗൗനിച്ചിരുന്നില്ല. യോഗയില്‍ ആത്മീയതകൂടി അല്‍പം ഇഴചേര്‍ന്നുകിടന്നതിനാലാണ് സി.പി.എം പോലുള്ള പുരോഗമന, മതേതരത്വ പ്രസ്ഥാനങ്ങള്‍ മുഖംതിരിച്ചുനിന്നതെന്നാണ് വയ്പ്. സംഘ്പരിവാര്‍ സംഘടനകള്‍ അവരുടെ രാഷ്ട്രീയഅജന്‍ഡയുടെ ഭാഗമായും യോഗയെ മാറ്റിയതോടെ ഈ കല കൃത്യമായ ഒരു വേര്‍തിരിവ് കേരളസമൂഹത്തിലുണ്ടാക്കിയിരുന്നു. എന്നാല്‍ മനുഷ്യനന്മ മാത്രമല്ല, മനുഷ്യജീവനുകളും നഷ്ടപ്പെടാതിരിക്കാന്‍ യോഗ ഇവിടെ ഇടയാക്കിയതു സംബന്ധിച്ചുള്ള വിവാദങ്ങളാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം.
കണ്ണൂര്‍ ജില്ലയിലെ തലശേരി, പാനൂര്‍ ഭാഗങ്ങളിലൂടെ യാത്ര ചെയ്താല്‍ നിരവധി സ്തൂപങ്ങളെ ചങ്ങലക്കുരുക്കിലും മതില്‍ക്കെട്ടിലുള്ളിലാക്കിയും വഴിയോരങ്ങളില്‍ കാണാം. ചുവപ്പും കാവിയും പെയിന്റടിച്ച രക്തസാക്ഷി സ്തൂപങ്ങളോ ബലിദാനി സ്മാരകങ്ങളോ ആണ് അത്. യോഗയുടെ വഴിയിലൂടെ സി.പി.എം എന്ന വിപ്ലവപ്പാര്‍ട്ടി നേരത്തെ തിരിഞ്ഞിരുന്നുവെങ്കില്‍ മണ്ണിലലിഞ്ഞു ചേര്‍ന്ന് രക്തനക്ഷത്രമായ പലരും ഇന്ന് ജീവിച്ചിരിക്കുമായിരുന്നുവെന്നാണ് 'ശ്രീ എം' എന്ന മഹായോഗി നമുക്ക് കാട്ടിത്തന്നത്. ഇരുകൈയും കൂട്ടിയടിച്ചാലാണ് ശബ്ദമുണ്ടാകുക എന്ന കാര്യം ഇവിടെയും പക്ഷേ ആചാര്യന്‍ സൗകര്യപൂര്‍വം മറന്നു. അണുവിട വ്യതിചലിക്കാതെ യോഗയൊക്കെ അഭ്യസിച്ചെങ്കിലും രാത്രിയില്‍ ആയുധവുമായി രാഷ്ട്രീയ എതിരാളികളെ കാലപുരിക്കയയ്ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ആര്‍.എസ്.എസിന് എന്തുകൊണ്ട് മാനസാന്തരമുണ്ടായില്ല എന്ന ചോദ്യത്തിന് ശ്രീ എം എന്ന ആത്മീയാചാര്യനും ഉത്തരമില്ല.
ശ്രീ എമ്മിന്റെ ഇരുഭാഗത്തുമിരുന്നു സി.പി.എം - ആര്‍.എസ്.എസ് നേതാക്കള്‍ ചര്‍ച്ച നടത്തിയപ്പോള്‍ കണ്ണൂരിലെ കൊലപാതകരാഷ്ട്രീയത്തിന് ശമനമുണ്ടായെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. കാരണം കൊലക്കണക്ക് നമ്മുടെ മുന്‍പിലുണ്ട്. മനുഷ്യനന്മയ്ക്കായുള്ള എല്ലാ ശ്രമങ്ങളും ആരുടെ ഭാഗത്തുനിന്നുണ്ടായാലും സ്വാഗതം ചെയ്യപ്പെടേണ്ടതു തന്നെയാണ്. എന്തുകൊണ്ട് ഇതൊക്കെ നേരത്തെയായിക്കൂടായിരുന്നുവെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ഇവിടെയാണ് പ്രസക്തമായ മറ്റൊരു ചോദ്യം ഉയരുന്നത്. മൂന്നു മാസത്തെ യോഗ പരിശീലനത്തിന്റെ തുടര്‍ച്ചയായി ഒന്നോ രണ്ടോ ചര്‍ച്ചകൊണ്ട് അരനൂറ്റാണ്ട് ഒരു നാടിനെ ചോരയില്‍ മുക്കി 300 ലേറെ ജീവനെടുത്ത കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കാന്‍ കഴിഞ്ഞുവെങ്കില്‍ ഈ കൊലകളുടെ 'സ്വിച്ച്' ഏതൊക്കെയോ കൈകളിലോ രഹസ്യകേന്ദ്രത്തിലോ ആയിരുന്നുവെന്നല്ലേ വ്യക്തമാക്കുന്നത്. അതെവിടെയായിരുന്നെന്നുകൂടി അറിയാനുള്ള അവകാശം കൊലപാതകരാഷ്ട്രീയത്തിനിടെ സമാധാനത്തിനായി ഈ തെരുവില്‍ ഒരുപാടുകാലം കോലം കെട്ടിയ എല്ലാവര്‍ക്കുമുണ്ട്.
കണ്ണൂരില്‍ നടക്കുന്ന ഓരോ രാഷ്ട്രീയക്കൊലപാതകത്തിന്റെയും വേരുതേടി പലരും എത്തിയത് ഒരു സമുദായത്തിന്റെ അങ്കക്കലിയിലായിരുന്നു. കൊല്ലപ്പെട്ടവരുടെയും പ്രതിപ്പട്ടികകളിലുള്ളവരുടെയും ജാതി കണക്കില്‍ ഈ സമുദായത്തിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന കലിയും തിരിച്ചടിയും പഠന വിഷയമായി. പഴയ അങ്കച്ചേകവരുടെ പുരാണങ്ങളും രക്തം കാണാന്‍ കൊതിക്കുന്ന ഊരിയ വാളുമെല്ലാം ഉപകഥകളായി. ഇപ്പോള്‍ എവിടെപ്പോയി ഈ അങ്കക്കലി? സി.പി.എമ്മിന്റെയും സംഘ്പരിവാര്‍ സംഘടനകളുടെയും മുതിര്‍ന്ന നേതാക്കള്‍ ശ്രീ എം എന്ന ആത്മീയാചാര്യന്റെ അരികിലിരുന്ന് സമാധാന ചര്‍ച്ച നടത്തിയപ്പോള്‍ എങ്ങനെയാണ് ഒരു സമുദായത്തിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന പ്രതികാരാഗ്‌നി ചോര്‍ന്നുപോയതെന്നും പരിശോധിക്കപ്പെടേണ്ടതു തന്നെയാണ്.
എന്തായാലും ഈ ചര്‍ച്ചയ്ക്കുശേഷം ഇതുവരെ കണ്ണൂരില്‍ ആര്‍.എസ്.എസ് - സി.പി.എം രാഷ്ട്രീയക്കൊലയുണ്ടായിട്ടില്ലെന്നത് വസ്തുതയാണ്. 2019ലാണ് ശ്രീ എമ്മിന്റെ നേതൃത്വത്തില്‍ ആദ്യം തിരുവനന്തപുരത്തും പിന്നീട് കണ്ണൂരിലും ആര്‍.എസ്.എസ് - സി.പി.എം ഉഭയകക്ഷി ചര്‍ച്ച നടന്നത്. 2018 മെയിലെ മാഹിയിലെ ഇരട്ടക്കൊലപാതകമാണ് ആര്‍.എസ്.എസ് - സി.പി.എം രാഷ്ട്രീയക്കൊലപാതകത്തിലെ അവസാനത്തേത്. ഇതിനുമുന്‍പ് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ജില്ലയില്‍ രണ്ട് ഇരട്ടക്കൊലപാതകം ഉള്‍പ്പെടെ 10 പേരാണ് രാഷ്ട്രീയക്കൊലപാതകങ്ങള്‍ക്ക് ഇരയായത്. ഇതില്‍ യൂത്തു കോണ്‍ഗ്രസ് നേതാവ് എസ്.പി ശുഹൈബ് ഒഴികെ ബാക്കിയുള്ളതെല്ലാം സി.പി.എം - ബി.ജെ.പി പ്രവര്‍ത്തകരായിരുന്നു. ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം നടന്ന ഏക രാഷ്ട്രീയക്കൊലപാതകം എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ മുഹമ്മദ് സലാഹുദ്ദീന്റെതാണ്. കൊലയ്ക്കുപിന്നില്‍ ബി.ജെ.പിയാണെന്നാണ് ആരോപണം. പിണറായി സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തിനിടെ 12 രാഷ്ട്രീയക്കൊലപാതകങ്ങള്‍ക്കാണ് കണ്ണൂര്‍ സാക്ഷ്യംവഹിച്ചത്. ശ്രീ എമ്മിന്റെ ഇടപെടലിനുശേഷമുള്ള രണ്ടു വര്‍ഷം ജില്ലയില്‍ ചരിത്രത്തില്‍ ഇതുവരെ കാണാത്തപോലെ സി.പി.എമ്മും ആര്‍.എസ്.എസും കൊലക്കത്തി താഴെവച്ചത്. ഇത് പകല്‍പോലെ വ്യക്തമാക്കുന്നത് നേതാക്കളുടെ വാക്കുകളും നിര്‍ദേശങ്ങളും സഹായവും തന്നെയാണ് ഓരോ കൊലകള്‍ക്കും പിന്നിലെന്നു തന്നെയാണ്. അല്ലാതെ പ്രവര്‍ത്തകരുടെ സ്വാഭാവികപ്രതികരണം മാത്രമല്ല കഴിഞ്ഞുപോയ തലവെട്ടലുകള്‍. അതിനാല്‍ മുന്‍പുനടന്ന ഓരോ കൊലകളുടെയും ഉത്തരവാദിത്വം നേതാക്കളിലേക്ക് തന്നെയാണ് എത്തുന്നത്. ഇതില്‍നിന്നു ഒഴിഞ്ഞുമാറാന്‍ ഈ സമാധാനക്കണക്ക് ആരേയും അനുവദിക്കില്ല.
കൊലപാതകരാഷ്ട്രീയം ഒന്നിനും പരിഹാരമല്ലെന്ന് സി.പി.എമ്മിനേയും അതിന്റെ നേതാക്കളെയും ബോധ്യപ്പെടുത്താന്‍ ഒരു സംഘ്പരിവാര്‍ സഹയാത്രികന്‍ തന്നെ വേണ്ടി വന്നുവെന്നതും അതിന് അദ്ദേഹത്തിന് സര്‍ക്കാര്‍ തലസ്ഥാന നഗരിയിലെ കണ്ണായ സ്ഥലത്ത് ഭവനനിര്‍മാണ ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള നാല് ഏക്കറോളം സ്ഥലം യോഗകേന്ദ്രം തുടങ്ങാന്‍ പാരിതോഷികമായി പാട്ടത്തിന് നല്‍കിയെന്നതുമാണ് മറ്റൊരു വിവാദം. സംസ്ഥാനത്ത് സി.പി.എം - ബി.ജെ.പി അന്തര്‍ധാര സജീവമാണെന്ന് കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഈ മധ്യസ്ഥതയ്ക്കും തുടരുന്ന ബന്ധത്തിലും ഏറെ മാനങ്ങളുമുണ്ട്.
തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂരില്‍ ജനിച്ച മുംതാസ് അലിഖാന്‍ കൈലാസത്തില്‍ എത്തി മഹേശ്വര്‍ നാഥ് ബാബാജി എന്ന സന്ന്യാസിയുടെ ശിഷ്യനായി മധുകര്‍ണനാഥ് എന്ന പേര് സ്വീകരിച്ചു പിന്നീട് ശ്രീ എം ആയി മാറിയ വഴികളില്‍ സംഘ്പരിവാര്‍ ബന്ധം നൂലിഴ തെറ്റാതെയുണ്ട്. സംഘ്പരിവാറുകാര്‍ക്കായി ആത്മീയയോഗയും സി.പി.എം പ്രവര്‍ത്തകര്‍ക്കായി മതേതരയോഗയും പരിശീലിപ്പിച്ച ശ്രീ എമ്മിന്റെ ഒരു ഭാഗത്തെ സൗഹൃദപ്പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മോഹന്‍ ഭാഗവതും തുടങ്ങി ഇങ്ങേയറ്റത്തെ വത്സന്‍ തില്ലങ്കേരി വരെയെത്തി നില്‍ക്കുമ്പോള്‍ മറുഭാഗത്ത് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പിണറായി വിജയനില്‍ തുടങ്ങി കോടിയേരിയിലൂടെ നീളുമ്പോള്‍ വൈരുധ്യാത്മക ഭൗതികവാദമായേ ഇതിനെ കാണാന്‍ കഴിയൂ. ഇങ്ങനെയൊരു സൗഹൃദക്കൂട്ടായ്മ കേരളത്തിലെ രാഷ്ട്രീയമണ്ഡലത്തില്‍ ഏതു വിധേനയുള്ള പരിവര്‍ത്തനത്തിനാണിടയാക്കുകയെന്നതാണ് ഇനി അറിയേണ്ടത്.
ശ്രീ എം എന്ന ആത്മീയാചാര്യന്റെ ആത്മകഥ ഒരു വട്ടം വായിച്ചിട്ടും കമ്മ്യൂണിസ്റ്റുകാരായ പിണറായിയും കോടിയേരിയുമൊക്കെ എങ്ങനെ അദ്ദേഹത്തിന്റെ സൗഹൃദപ്പട്ടികയില്‍ തുടരുന്നുവെന്നതിനോട് സി.പി.എം സൈദ്ധാന്തികന്‍ എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടിയ വൈരുധ്യാത്മക ഭൗതികവാദത്തിലെ തിരുത്തും കൂട്ടിവായിക്കപ്പെടേണ്ടതാണ്. താന്‍ ഒരു ഹിന്ദുവാണെന്ന് പറയുക മാത്രമല്ല ശ്രീ എം ചെയ്യുന്നത്. പൂര്‍വജന്മത്തിലും പുനര്‍ജന്മത്തിലും വിശ്വസിക്കുന്നു. തീരുന്നില്ല, ഭൂമിക്കു പുറത്തുള്ള ജീവജാലങ്ങളുമായി സംസാരിക്കുന്നു! ഏഴു ഗ്രഹങ്ങളും 20 ഉപഗ്രഹങ്ങളുമുള്ള ഒരു നക്ഷത്രയുഥത്തിനുള്ളില്‍ ജീവിക്കുന്ന നാകലോകത്തെ നാഗരാജാവുമായി സ്ഥിരമായി സാംസാരിക്കാറുണ്ടെത്രെ! ഇതൊക്കെ ശ്രീ എം ആത്മകഥയില്‍ എഴുതിവച്ചിട്ടുണ്ട്. സാധാരണ മനുഷ്യര്‍ കാണാത്തതും കേള്‍ക്കാത്തതും താന്‍ കാണുമെന്ന് ശ്രീ എം പറഞ്ഞപ്പോള്‍ ആശങ്കയുണ്ടായിട്ടുണ്ടാവാം പിണറായിക്കും കോടിയേരിക്കും. അതിനാലാവാം തന്റെ ശാസ്ത്രവും യോഗയും പഠിപ്പിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളതുപോലെ ജന്മനാട്ടിലും ഒരാശ്രമം സ്ഥാപിക്കാനുള്ള സ്ഥലത്തിനായി നല്‍കിയ കത്ത് മുഖ്യമന്ത്രിക്ക് ലഭിച്ചപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ തലസ്ഥാന നഗരിയിലെ കണ്ണായ സ്ഥലത്ത് അവസാന മന്ത്രിസഭാ യോഗത്തില്‍ നാലേക്കര്‍ ഭൂമി ലീസിന് നല്‍കിയുള്ള തീരുമാനം എടുത്തത്. ഈ തീരുമാനമൊക്കെ എടുക്കുമ്പോള്‍ ശ്രീ എമ്മിന്റേതത്രയില്ലെങ്കിലും കുറച്ചൊന്നുമല്ലാത്ത 'യോഗവിശ്വാസം' മുഖ്യമന്ത്രിയ്ക്കുമുണ്ടായിരിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."