വെറുപ്പിന്റെ വിഷക്കാറ്റൂതിയ യാത്ര
നാളിതുവരെയുള്ള സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രമെടുത്ത് പരിശോധിച്ചാല്‍ പച്ചക്ക് വര്‍ഗീയത മാത്രം പ്രസംഗിച്ച ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും കേരളത്തില്‍ ഉണ്ടായിട്ടില്ലെന്ന് ബോധ്യമാകും. എന്തിനധികം, ന്യൂനപക്ഷവിരുദ്ധ നിലപാടുകള്‍ അടിസ്ഥാനതത്വമായി എടുത്ത ബി.ജെ.പി പോലും തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ വര്‍ഗീയ വിഷം വമിക്കുന്ന പരാമര്‍ശങ്ങള്‍ക്ക് മുതിര്‍ന്നിരുന്നില്ല. പരസ്യമായ അത്തരം പ്രചാരണങ്ങള്‍ കേരള ജനത അംഗീകരിക്കില്ലെന്ന് ബി.ജെ.പിയുടെ മുന്‍കാല പ്രസിഡന്റുമാര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ബി.ജെ.പി നേതാക്കളെ തന്നെ ഞെട്ടിച്ചുകൊണ്ട് പരസ്യമായ വര്‍ഗീയവിദ്വേഷ പ്രചാരണത്തിനാണ് വിജയ യാത്ര ഉപയോഗപ്പെടുത്തിയത്. പക്ഷേ, കെ. സുരേന്ദ്രന്‍ നടത്തിയ ആ വിഷധൂളികപ്രയോഗം കേരളത്തിന്റെ സമുദായ മൈത്രിയുടെ ആകാശത്തില്‍ വിദ്വേഷത്തിന്റെ പൊടിപടലങ്ങള്‍ അല്‍പം പോലും പടര്‍ത്തിയില്ല എന്നതാണ് യാഥാര്‍ഥ്യം.
കാസര്‍കോട്ട് നിന്ന് പുറപ്പെട്ട യാത്ര ഓരോ ജില്ലയിലും എത്തിയപ്പോള്‍, ഭൂരിപക്ഷ സമുദായം, മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പീഡനങ്ങള്‍ക്ക് വിധേയമാകുന്നു എന്നതരത്തില്‍ പ്രസംഗിച്ച സുരേന്ദ്രന് അവിടങ്ങളിലെ ഭൂരിപക്ഷ സമുദായം അവരുടെ സൗഹാര്‍ദജീവിതം കൊണ്ടാണ് മറുപടി കൊടുത്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എല്‍.കെ അദ്വാനി ബാബരി മസ്ജിദ് തകര്‍ക്കാന്‍ നടത്തിയ രഥയാത്രയായിരിക്കും കെ. സുരേന്ദ്രന് പ്രചോദനമായിട്ടുണ്ടാവുക. അദ്വാനിയുടെ പ്രകോപന പ്രസംഗങ്ങളുമായി അന്ന് യു.പിയിലൂടെ രഥയാത്ര കടന്നുപോയപ്പോള്‍ അവിടങ്ങളിലെല്ലാം വര്‍ഗീയ കലാപങ്ങള്‍ ആളിക്കത്തി. അതില്‍നിന്നു ഊര്‍ജം കൊണ്ടായിരിക്കണം കെ. സുരേന്ദ്രന്‍ തിരുവനന്തപുരത്തേക്കുള്ള വിജയ യാത്രയിലുടനീളം പ്രസംഗങ്ങളില്‍ വിഷം ചീറ്റിയത്.
സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനെ ഒഴിച്ചുനിര്‍ത്തിയാല്‍ യു.ഡി.എഫും എല്‍.ഡി.എഫും രാഷ്ട്രീയം മാത്രം പറയുമ്പോള്‍ ബി.ജെ.പിക്ക് പറയാനുണ്ടായിരുന്നത് മുസ്‌ലിം ന്യൂനപക്ഷത്തോടുള്ള വെറുപ്പ് മാത്രമാണ്. എല്ലാവര്‍ക്കുമൊപ്പമെന്നും എല്ലാവരുടേയും വികസനമെന്നും ബി.ജെ.പി ദേശീയനേതൃത്വം തെരഞ്ഞെടുപ്പ് മുദ്രാവാക്യമായി ഉയര്‍ത്തുമ്പോള്‍ അതേക്കുറിച്ചൊന്നും ഒരക്ഷരം കെ. സുരേന്ദ്രന്‍ പറഞ്ഞില്ല. പകരം കാലിക്കറ്റ് സര്‍വകലാശാല മുസ്‌ലിം സര്‍വകലാശാലയായി മാറിയിരിക്കുന്നുവെന്ന് ബി.ജെ.പി നേതാവ് പച്ചയ്ക്ക് വിളിച്ചുപറയുമ്പോള്‍, അവിടെ മുസ്‌ലിം സംവരണം അട്ടിമറിച്ചുകൊണ്ടിരിക്കുന്ന ലോബികളെ മാത്രമായിരിക്കും ആ പരാമര്‍ശം സന്തോഷിപ്പിച്ചിട്ടുണ്ടാവുക. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഇപ്പോഴും ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ള വ്യക്തിയാണെന്നത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ അറിവില്ലായ്മയായിരിക്കാം. സത്യത്തെ തമസ്‌കരിക്കുകയോ അറിയാത്ത കാര്യം പരസ്യമായി വിളിച്ചുപറയുകയോ ആണ് യാത്രയിലുടനീളം കെ. സുരേന്ദ്രന്‍ ചെയ്തത്.
നിയമനങ്ങളിലും വിദ്യാര്‍ഥി പ്രവേശനങ്ങളിലും മുസ്‌ലിം സംവരണം അട്ടിമറിക്കുന്നതിലും കുപ്രസിദ്ധി നേടിയ ആ സ്ഥാപനത്തിനെതിരേ നിരന്തരം പ്രതിഷേധസമരം നടക്കുന്നതും അദ്ദേഹം അറിഞ്ഞുകാണില്ല. പുതിയ കേരളം സൃഷ്ടിക്കുമെന്നാണ് കേരളത്തില്‍ ബി.ജെ.പിയുടെ മുദ്രാവാക്യം. എന്നാല്‍ അതേക്കുറിച്ച് തന്റെ യാത്രയില്‍ ഒരിടത്ത് പോലും കെ. സുരേന്ദ്രന്‍ പരാമര്‍ശിച്ചില്ല.
കാസര്‍കോട്ട് നിന്ന് യാത്ര ആരംഭിച്ചപ്പോള്‍ ഭൂരിപക്ഷ സമുദായത്തെ ലക്ഷ്യം വച്ച്, കോണ്‍ഗ്രസില്‍ ഹിന്ദു നേതാക്കള്‍ക്ക് രക്ഷയില്ലെന്നാണ് ആദ്യമായി തൊടുത്തുവിട്ട വിഷബാണം. ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകത്തിലെ മംഗളൂരുവിനോട് ചേര്‍ന്നുനില്‍ക്കുന്ന കാസര്‍കോട്ട് ഇത്തരമൊരു വിദ്വേഷ പ്രസംഗം നടത്തിയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന് കെ. സുരേന്ദ്രന്‍ കരുതിയിട്ടുണ്ടാകണം. യു.ഡി.എഫ് സീറ്റുവിഭജനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അതിനിടയിലാണ് ജയിക്കാന്‍ പറ്റുന്ന സീറ്റുകളെല്ലാം മുസ്‌ലിം ലീഗ് വരുതിയിലാക്കിയെന്ന് ജാഥ കോഴിക്കോട്ടെത്തിയപ്പോള്‍ പറഞ്ഞത്. ഇരു മുന്നണികളിലെയും ഭൂരിപക്ഷ സമുദായാംഗങ്ങള്‍ക്ക് ഇനി കോഴിക്കോട് സൗത്ത്, കുന്ദമംഗലം, ബേപ്പൂര്‍, കൊടുവള്ളി എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കാനാവില്ലെന്ന ത്രികാലജ്ഞാനവും അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പുറത്തുവന്നു.
യാത്ര മധ്യകേരളത്തിലെത്തിയപ്പോള്‍ പഴകി പുളിച്ച ലൗ ജിഹാദ് തന്നെയായി വിഷയം. ക്രിസ്ത്യന്‍ സഹോദരങ്ങളെ തെറ്റിധരിപ്പിച്ച് ലൗ ജിഹാദ് വിഷയം ഉയര്‍ത്തിക്കൊണ്ട് വരുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ട വിവരമൊന്നും കെ. സുരേന്ദ്രന്‍ അറിഞ്ഞിട്ടില്ല. കോടതികളില്‍ പോലും വിലപ്പോവാത്ത ഈ ആരോപണം ഉയര്‍ത്തിക്കൊണ്ടുവന്നതിന്റെ പിന്നിലെ ലക്ഷ്യം ഇന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. യു.ഡി.എഫിനൊപ്പവും എല്‍.ഡി.എഫിനൊപ്പവും നില്‍ക്കുന്ന ക്രിസ്ത്യന്‍ സമൂഹത്തെ അടര്‍ത്തിയെടുക്കാതെ കേരള രാഷ്ടീയത്തില്‍ പച്ച തൊടില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഇല്ലാത്ത ലൗ ജിഹാദ് ആരോപണവുമായി വരുന്നത്. ഇതിലൂടെ ക്രിസ്ത്യന്‍ സമൂഹത്തെ പാട്ടിലാക്കാനാണ് ബി.ജെ.പി കിണഞ്ഞ് ശ്രമിച്ചത്. വ്യാജക്രിസ്ത്യന്‍ സംഘടനകളുടെ പേരില്‍ സംഘ്പരിവാര്‍ സൈബര്‍ സംഘം വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരേ കുപ്രചാരണവും നടത്തിയിരുന്നു. യാഥാര്‍ഥ്യം നേരത്തെ തന്നെ മനസിലാക്കിയ ക്രിസ്ത്യന്‍ പുരോഹിത നേതാക്കള്‍ ബി.ജെ.പി കുഴിച്ചകുഴിയില്‍ വീഴാതെ നിന്നപ്പോഴാണ് ഇതൊന്നുമറിയാത്ത കെ. സുരേന്ദ്രന്‍ യാത്ര മധ്യതിരുവിതാംകൂറില്‍ എത്തിയപ്പോള്‍ ലൗ ജിഹാദില്‍ തൊട്ടത്. പക്ഷേ, എവിടെയും വെറുപ്പിന്റെ പ്രചാരകനെ ജനം കേള്‍ക്കാന്‍ തയാറായില്ല
ജാഥ കടന്നുപോന്ന ഓരോ ജില്ലയിലും നടത്തിയ നഗ്‌നമായ വര്‍ഗീയ പ്രചാരണത്തിന് അവിടത്തെ ജനങ്ങള്‍ നല്‍കിയ മറുപടി ആത്മസംയമനത്തിന്റെ ഭാഷയിലുള്ളതായിരുന്നു. കേരളീയ സമൂഹത്തിന്റെ മതനിരപേക്ഷതയെക്കുറിച്ചും പരസ്പര സഹകരണമനോഭാവത്തെക്കുറിച്ചും സ്‌നേഹ ബന്ധങ്ങളെക്കുറിച്ചും ഇനിയെങ്കിലും കെ. സുരേന്ദ്രന്‍ ആഴത്തില്‍ പഠിക്കേണ്ടിയിരിക്കുന്നു. സത്യം വളച്ചൊടിക്കാന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എത്ര ശ്രമിച്ചാലും അത് നിവര്‍ന്നുതന്നെ നില്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."