മറഞ്ഞത് മതേതര മനസുകളെ പ്രചോദിപ്പിച്ച നേതാവ്
വി.ഡി സതീശന്‍
മാനവികതയാണ് ഏറ്റവും ഉയരത്തില്‍ നില്‍ക്കേണ്ടതെന്ന് ആത്മീയ, രാഷ്ട്രീയ ജീവിതങ്ങളിലൂടെ ആഹ്വാനം ചെയ്ത പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മതേതര മനസുകളെ എന്നും പ്രചോദിപ്പിക്കുന്ന ദീപ്തമായൊരു ഓര്‍മയായി. ശ്രേഷ്ഠവും ഉദാത്തവുമായ മതേതര ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് തങ്ങള്‍ അവസാന ശ്വാസം വരെ ജീവിച്ചത്. അത് തുടരാനുള്ള ഉത്തരവാദിത്തം നമ്മള്‍ക്കെല്ലാവര്‍ക്കുമുണ്ട്. ബഹുസ്വര സമൂഹത്തില്‍ പാരസ്പര്യത്തോടും സാഹോദര്യത്തോടും കൂടി എല്ലാവരും ഒരുമിച്ച് ജീവിക്കുന്ന സാഹചര്യം നമുക്കുണ്ടാക്കണം. അതിനെ എതിര്‍ക്കുന്ന എല്ലാ ശക്തികളെയും ചെറുത്ത് തോല്‍പ്പിക്കണമെന്ന പാഠമാണ് ഹൈദരലി ശിഹാബ് തങ്ങള്‍ പകര്‍ന്നു തന്നത്. ഐക്യജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടുത്തോളം അദ്ദേഹത്തിന്റെ വിയോഗം നികത്താനാകാത്ത നഷ്ടമാണ്. മുന്നണിയെ ഒറ്റക്കെട്ടായി മുന്നില്‍ നിന്ന് നയിച്ച വ്യക്തിത്വം. മൃദുഭാഷിയായിരുന്നെങ്കിലും കാര്‍ക്കശ്യം നിറഞ്ഞ നിലപാടുകളായിരുന്നു അദ്ദേഹത്തിന്റേത്. നിര്‍ണായകമായ രാഷ്ട്രീയ ഘട്ടങ്ങളില്‍ യു.ഡി.എഫിനെയും മുസ്ലിം ലീഗിനെ കാലഘട്ടം ആവശ്യപ്പെട്ട തരത്തില്‍ നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. യു.ഡി.എഫ് രാഷ്ട്രീയത്തെ മുന്നില്‍ നിന്നു നയിച്ച അദ്ദേഹം, എന്നും മത സാഹോദര്യത്തിനും മതേതരത്വത്തിനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി പ്രവര്‍ത്തിച്ചു.
'യു.ഡി.എഫ് ശക്തിപ്പെടുത്താനാണ് എല്ലാക്കാലത്തും ലീഗ് ശ്രമിച്ചിട്ടുള്ളത്. അതുതന്നെയാണ് ഇപ്പോഴത്തെ ലക്ഷ്യവും. കോണ്‍ഗ്രസുമായുള്ള ബന്ധം കുടുംബ ബന്ധം പോലെ തന്നെയാണ്' 2009 ല്‍ ലീഗ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങള്‍ പറഞ്ഞ വാക്കുകളാണിത്. ലീഗ് അധ്യക്ഷ സ്ഥാനത്തിരുന്ന 12 വര്‍ഷവും അദ്ദേഹത്തിന് ഇതേ നിലപാട് തന്നെയായിരുന്നു. രാഷ്ട്രീയത്തിനൊപ്പം മത സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്ന വ്യക്തി കൂടിയായിരുന്നു തങ്ങള്‍. മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടക്കലര്‍ത്തില്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതേസമയം മതത്തിലെ നല്ല വശങ്ങള്‍ രാഷ്ട്രീയത്തിലും പ്രയോജനപ്പെടുത്തുമെന്നും അത് അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നുമുള്ള നിര്‍ബന്ധം കണിശതയോടെ പാലിക്കാന്‍ തങ്ങള്‍ക്കായി.
ആത്മീയ, രാഷ്ട്രീയ നേതൃത്വത്തിനും അപ്പുറം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും തങ്ങള്‍ ശ്രദ്ധ വച്ചു. പാവപ്പെട്ടവന്റെ ദുഃഖം സ്വന്തം ദുഃഖമായി കണ്ട്, സ്‌നേഹ, സാഹോദര്യങ്ങള്‍ പകര്‍ന്നു നല്‍കിയ വ്യക്തിത്വമായിരുന്നു തങ്ങള്‍. നിരവധി മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും അഗതി അനാഥ മന്ദിരങ്ങളുടേയും സംഘടനകളുടേയും അധ്യക്ഷനും മഹല്ലുകളുടെ ഖാസിയുമായിരുന്നു. ഇതിനൊപ്പം എക്കാലത്തും ഉദാത്തമായ മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കാനും അദ്ദേഹത്തിന് സാധിച്ചു.
ഏഴര പതിറ്റാണ്ടിലധികം മതേതരത്വത്തിന്റേയും മാനവികതയുടേയും വെളിച്ചം പകര്‍ന്ന വിളക്കാണ് അണഞ്ഞത്. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയം കറങ്ങിത്തിരിഞ്ഞ പാണക്കാട് കൊടപ്പനക്കല്‍ തറവാടിന്റെ നാഥന്‍. മത രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള കടന്നു വരവിനെ ദൈവീകമായ അനുഗ്രഹമായാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കണ്ടത്. ഉറച്ച വിശ്വാസമാണ് പ്രതിസന്ധികള്‍ തരണം ചെയ്ത് മുന്നോട്ട് പോകാന്‍ ശിഹാബ് തങ്ങള്‍ക്ക് കരുത്തായതും. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ തന്റേതു കൂടിയായി കണ്ട ഹൃദയവിശാലത. മനുഷിക വിഷയങ്ങളില്‍ ഹൃദയം കൊണ്ടാണ് ശിഹാബ് തങ്ങള്‍ സംസാരിച്ചത്.
പ്രവര്‍ത്തന ശൈലിയിലും പ്രസംഗത്തിലുമൊക്കെ തന്റേതായ ഒരു കൈയൊപ്പ് തങ്ങള്‍ക്കുണ്ടായിരുന്നു. പറയാനുള്ളതെല്ലാം സൗമ്യതയോടെ എന്നാല്‍ കണിശമായി പറഞ്ഞു വയ്ക്കാന്‍ അദ്ദേഹത്തിന് വല്ലാത്തൊരു വൈഭവമുണ്ടായിരുന്നു. നിത്യേന നിരവധി പേരാണ് തങ്ങളെ കാണാന്‍ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലേക്കെത്തിയിരുന്നത്. എല്ലാവരെയും സൗമ്യതയോടെ സ്വീകരിക്കാന്‍ തങ്ങള്‍ എപ്പോഴും ആ വരാന്തയിലുണ്ടാകുമായിരുന്നു. ജീവിതത്തിലെ എന്തു പ്രതിസന്ധിയിലും പലര്‍ക്കും അത്താണിയും അവസാനവാക്കുമായിരുന്നു ഈ മനുഷ്യന്‍. പാവങ്ങളെ സഹായിക്കുന്നതിനു വേണ്ടി ഭവന നിര്‍മാണ പദ്ധതിയുള്‍പ്പെടെ നിരവധി ആശയങ്ങളാണ് തങ്ങള്‍ നടപ്പിലാക്കിയത്. മതത്തിനതീതമാണ് മുസ്ലിംലീഗിന്റെ റിലീഫ് പ്രവര്‍ത്തനമെന്ന അഭിപ്രായമാണ് തങ്ങള്‍ എപ്പോഴും ഉയര്‍ത്തിപ്പിടിച്ചിരുന്നത്. മതത്തിന് അതീതമായി മാനവികമായ അംശങ്ങള്‍ക്കുതന്നെയാണ് മുന്‍തൂക്കം നല്‍കിയതും. നോമ്പ്കാലത്ത് പൂര്‍ണമായും റിലീഫ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന നിര്‍ദേശമാണ് തങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നതും. അതുകൊണ്ടുതന്നെ സമുദായത്തിനും ഐക്യമുന്നണിക്കും പൊതുസമൂഹത്തിനും ഈ വിയോഗം വലിയൊരു നഷ്ടമാണ്.
തങ്ങള്‍ എനിക്ക് പകര്‍ന്നു നല്‍കിയ സ്‌നേഹവും വാത്സല്യവും അളവില്ലാത്തതാണ്. കൃത്യമായ ഉപദേശവും നിര്‍ദേശങ്ങളും നല്‍കിയിരുന്നു. കേരളീയ സമൂഹത്തിന് മുന്നില്‍ ഒരു ശൂന്യത സൃഷ്ടിക്കുന്നതാണ് അദ്ദേഹത്തിന്റെ വിയോഗം. ഫാസിസവും വര്‍ഗീയതയും വിഭാഗീയതും രാജ്യത്തെ പിന്നോട്ട് വലിക്കുന്ന പരീക്ഷണ ഘട്ടത്തില്‍ കലര്‍പ്പില്ലാത്ത മതേതരത്വ നിലപാടുകള്‍ മുസ്ലിം ലീഗ് ഉയര്‍ത്തി പിടിക്കുമ്പോള്‍ അതിന്റെ ഊര്‍ജ സ്രോതസായിരുന്നു ശിഹാബ് തങ്ങള്‍. സൗമ്യമായി, ഒരു ചെറു പുഞ്ചിരിയോടെ അദ്ദേഹം നിലപാടുകള്‍ പറഞ്ഞു. അവിടെ മൃദുഭാഷിയായ ഒരു കുറിയ മനുഷ്യന്റെ നിലപാടുകളിലെ കാര്‍ക്കശ്യം തെളിഞ്ഞ് കാണാം. ആ വിയോഗം കേരളത്തെ വേദനിപ്പിക്കുന്നു. കേരളീയ പൊതു സമൂഹത്തില്‍ ഒരു ശൂന്യത അവശേഷിപ്പിച്ച് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തിരിഞ്ഞു നടക്കുന്നു. പിന്നിട്ട വഴികളിലൂടെ ഇനിയൊരു മടക്കമില്ലാത്ത അവസാന യാത്ര. ഗുരുസ്ഥാനീയനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പ്രണാമം. ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.
ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ ഇന്ത്യയിലെ ഏറ്റവും വലിയ ബദല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആയിരിക്കണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച വ്യക്തിയായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. അദ്ദേഹത്തിന് പകരക്കാരനായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ് കണ്ടെത്തിയതും അതേ ആശയവുമായി മുന്നോട്ടു പോകുന്ന പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയാണ്. സാദിഖലി തങ്ങളുടെ വരവോടെ യു.ഡി.എഫ് നേതൃത്വം കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്ന ആത്മവിശ്വാസമുണ്ട്. അദ്ദേഹത്തെ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."