ആത്മീയ രാഷ്ട്രീയത്തോടു ചേരുമ്പോള്‍
പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311
കേരളത്തില്‍ ഒരു രാഷ്ട്രീയ കക്ഷിക്കും ആത്മീയ നേതൃത്വം ഇല്ലെന്ന് ഉറപ്പിച്ചു തന്നെ പറയാം. എന്നാല്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിന്റെ മുഖമുദ്ര തന്നെ പാണക്കാട് തങ്ങള്‍മാരുടെ ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വമാണ്. മുസ്ലിം ലീഗില്‍ എക്കാലത്തും പ്രസിഡന്റായിരിക്കുന്ന തങ്ങളുടെ വാക്കാണ് അവസാന വാക്ക്. ആരും ചോദ്യം ചെയ്യാനാവാത്തവണ്ണം ശക്തമായ വാക്ക്. കേരളത്തിലെ വളരെ ശക്തമായൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അധ്യക്ഷനായിരുന്നുവെങ്കിലും സംഭവബഹുലമായ സംസ്ഥാന രാഷ്ട്രീയത്തിന്റെ ചൂടും ചൂരുമൊന്നും ഹൈദരലി ശിഹാബ് തങ്ങളുടെ വാക്കുകളിലുണ്ടായിരുന്നില്ല. തികഞ്ഞ മൃദുഭാഷണമാണ് എപ്പോഴും അദ്ദേഹത്തിന്റെ പ്രത്യേകത. സൗമ്യതയുടെയും മാന്യതയുടെയും തെളിച്ചം എപ്പോഴും ആ മുഖത്തുണ്ടായിരുന്നു.
ഐക്യകേരള രൂപീകരണത്തെ തുടര്‍ന്ന് 1957-ല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തന്നെ മുസ്ലിം ലീഗ് കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേയ്ക്കിറങ്ങിയിരുന്നു. അതിനും മുമ്പ് മലപ്പുറം സന്ദര്‍ശിച്ച പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുസ്ലിം ലീഗിനെ 'ചത്ത കുതിര' എന്നു വിളിച്ചാക്ഷേപിച്ചതും ലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയ അതിനു ചുട്ട മറുപടി നല്‍കിയതും ചരിത്രം. ലീഗിന്റെ രാഷ്ട്രീയം തുടരുന്നത് അവിടെ നിന്ന്.
ശ്രീനാരായണ ഗുരുവിനെപ്പോലെ അനേകം സുമനസ്സുകള്‍ ഒരുക്കിയ സമത്വത്തിന്റെയും ഐക്യത്തിന്റെയും വഴിയിലൂടെയാണ് കേരള രാഷ്ട്രീയം സഞ്ചരിച്ചത്. അതുകൊണ്ടുതന്നെ കേരളീയരില്‍ ഒരു പുരോഗമന ചിന്താഗതിയും മതേതര ചിന്തയും വേരിട്ടു വളര്‍ന്നു വന്നു. കേരളത്തിലെ പൊതു സമൂഹത്തിന്റെയും പൊതു രാഷ്ട്രീയത്തിന്റെയും സ്വാഭാവികമുഖമായി മാറുകയായിരുന്നു ഇത്.
ഈ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്ലിം സമുദായത്തെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് വ്യക്തവും ശക്തവുമായൊരു രാഷ്ട്രീയാടിത്തറയുണ്ടാക്കുന്നതെങ്ങനെ എന്നത് എക്കാലത്തും മുസ്ലിം ലീഗിനും മുന്നില്‍ ഉയര്‍ന്നു നിന്ന ചോദ്യമാണ്. ഒരു വശത്ത് സ്വന്തം സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുക എന്ന ദൗത്യം മറുവശത്ത് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വിവിധ സമുദായങ്ങള്‍ ഒന്നിച്ചു കഴിയുന്ന, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പൊതുസമൂഹത്തിലൊണെന്ന വസ്തുത. അതിസങ്കീര്‍ണ്ണമായ ഇത്തരമൊരു സമുദായരാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരു രാഷ്ട്രീയക്ഷിയായി നിലകൊള്ളണമെങ്കില്‍ ശക്തമായൊരു നേതൃത്വം കൂടിയ മതിയാവൂ. അങ്ങനെയാണ് ലീഗ് നേതൃത്വത്തില്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്ഥാനത്തിനും വ്യക്തിത്വത്തിനും പുതിയ പ്രസക്തിയുണ്ടായത്. അതും കനത്ത വെല്ലുവിളികളിലൂടെ
1991-ലെ പൊതു തെരഞ്ഞെടുപ്പുകാലത്ത് ലീഗ് നേരിട്ട കനത്ത വെല്ലുവിളികള്‍ ഉദാഹരണം. രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണത്തെ ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേട്ട് നിശിതമായി വിമര്‍ശിച്ചിരുന്ന കാലം. ബാബ രി മസ്ജിദിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒന്നും ചെയ്യാത്ത സാഹചര്യത്തില്‍ ആ പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധവും ലീഗ് ഉപേക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
ഈ വാദഗതി ലീഗ് കേരള നേതൃത്വത്തിലും വലിയ വിള്ളലുകളുണ്ടാക്കി. ലീഗ് യു.ഡി.എഫ്. വിടണമെന്ന വാദത്തിനു ശക്തിയേറി. 1991 ഫെബ്രുവരിയില്‍ ലീഗ് ആ തിരുമാനമെടുത്തു. മുസ്ലിം ലീഗ് ഐക്യജനാധിപത്യ മുന്നണി വിട്ടു. പക്ഷെ ഇടതു മുന്നണിയില്‍ സ്ഥാനം കിട്ടുമെന്നു പ്രതീക്ഷിച്ച മുസ്ലിം ലിഗ് നിരാശരായി തിരികെ യു.ഡി.എഫിലേയ്ക്കു തന്നെ പോയി. രണ്ടു പതിറ്റാണ്ടിലേറെ കാലമായി ഐക്യജനാധിപത്യ മുന്നണിയില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ കക്ഷിയായി നിന്ന ലീഗാണ് മുന്നണി വിടുകയും ഉടന്‍ തന്നെ മടങ്ങിപ്പോരുകയും ചെയ്തതെന്നോര്‍ക്കണം.
പിന്നീട് ബാബ രി മസ്ജിദ് തകര്‍ച്ച എന്ന വലിയ പ്രശ്‌നം ലീഗിനു പുതിയ വെല്ലുവിളിയായി. ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ വാദഗതികള്‍ക്ക് സമുദായത്തില്‍ പിന്തുണ കിട്ടുന്ന സ്ഥിതി. ഒപ്പം കൊല്ലം അന്‍വാറുശേരിയിലെ മതപ്രസംഗകനായ അബ്ദു നാസര്‍ മഅ്ദനിയുടെ മുന്നേറ്റം. മഅ്ദനിയുടെ കടന്നു കയറ്റവും മുസ്ലിം ലീഗിനെതിരെയായിരുന്നു. തീപ്പൊരി പ്രസംഗങ്ങളുമായി മഅ്ദനി മുസ്ലിം യുവാക്കളെ സ്വാധീനിക്കാന്‍ തുടങ്ങി. ഇസ്ലാമിക് സേവക് സംഘ് (ഐ.എസ്.എസ്.) എന്ന സംഘടനയും രൂപീകരിച്ച് മഅ്ദനി ലീഗ് കോട്ടകളില്‍ കടുത്ത പ്രചാരണമഴിച്ചു വിട്ടു.
ഇബ്രാഹിം സുലൈമാന്‍ സേട്ടിനെ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനത്തു നിന്നു നീക്കാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചു. പാര്‍ട്ടിയില്‍ നിന്നും രാജിവച്ച സേട്ട് ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍.) രൂപീകരിച്ചു. മുസ്ലിം ലീഗ് നേരിടുന്ന വെല്ലുവിളികളുടെ ശക്തി കൂടുകയായിരുന്നു.
ഇക്കാലത്തൊക്കെയും മുസ്ലിം ലീഗിനെ നയിച്ചത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട് കേരള രാഷ്ട്രീയത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായി മാറുകയായിരുന്നു. മുസ്ലിം ലീഗില്ലെങ്കില്‍ യു.ഡി.എഫിനു തന്നെ നിലനില്‍പ്പുണ്ടാവില്ലെന്ന് മുന്നണി നേതാക്കളായ കെ. കരുണാകരനും എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയുമെല്ലാം മനസ്സിലാക്കിയ കാലഘട്ടം. ശിഹാബ് തങ്ങളുടെ സൗമ്യമായ മുഖവും മൃദുവായ ശബ്ദവും ശാന്തമായ സ്വഭാവവും കേരള രാഷ്ട്രീയത്തില്‍ പ്രധാന ഘടകമായി മാറുകയായിരുന്നു.
കൊടപ്പനക്കൽ തറവാടിന്റെ ഉമ്മറത്ത് ശിഹാബ് തങ്ങളെ കാണാനെത്തിയവരിലധികവും പാവപ്പെട്ടവര്‍. അതിന്റെ പിന്‍മുറക്കാരനായി മാറാന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്കും ഒരു പ്രയാസവുമുണ്ടായില്ല. അദ്ദേഹം സാധാരണക്കാരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ എപ്പോഴും തയാറായി നിന്നു. അവരുടെ ആവലാതികള്‍ കേട്ടു. തര്‍ക്കങ്ങള്‍ക്കു മധ്യസ്ഥനായി.
അത്ര മനസാന്നിധ്യത്തോടെ രാഷ്ട്രീയത്തില്‍ ഇടപെട്ടു. ലീഗ് നേതൃത്വത്തിലിരുന്ന് വലിയ തീരുമാനങ്ങളെടുത്തു. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവുകയും പാര്‍ട്ടി കമ്മിറ്റികള്‍ക്കു പരിഹാരം കാണാനാവാതെ വരികയും ചെയ്യുമ്പോള്‍ അന്തിമ തിരുമാനമെടുക്കാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി എന്നത് പി.കെ കുഞ്ഞാലിക്കുട്ടിയുടെയും കെ.പി മജീദിന്റെയും പതിവു പല്ലവികളായി.
ലോക്‌സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയമാവട്ടെ, നിയമസഭാ സീറ്റ് വിതരണമാവട്ടെ, അന്തിമതീരുമാനം ഹൈദരലി തങ്ങളുടേതായി.
ആ തീരുമാനം പാര്‍ട്ടി ഏറ്റെടുക്കുകതന്നെ ചെയ്തു. ഓരോ വിഷയവും ആഴത്തില്‍ പഠിച്ച് എല്ലാവരേയും പരിശോധിച്ചശേഷം മാത്രമേ ഹൈദരലി തങ്ങള്‍ തിരുമാനമെടുക്കൂ. അതുകൊണ്ടു തന്നെ ഓരോ തീരുമാനവും അന്തിമമായി. ലോക്‌സഭാ സീറ്റിലേക്ക് പലരുമെതിര്‍ത്തിട്ടും ഇ. അഹമ്മദിനെ നിര്‍ദേശിച്ചതും പല അഭിപ്രായങ്ങളുണ്ടായിട്ടും രാജ്യസഭയിലേക്കു പോകാന്‍ അബ്ദുൽ വഹാബിന്റെ പേരു നിര്‍ദേശിച്ചതും ഹൈദരലി തങ്ങള്‍ തന്നെ. എല്ലാം പാര്‍ട്ടി പൂര്‍ണമനസ്സോടെ അംഗീകരിച്ചു.
തികഞ്ഞ മതേതരത്വവും മതസൗഹാര്‍ദവും ഒരിക്കലും കൈവിടാതെ സൂക്ഷിക്കാന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്കു കഴിഞ്ഞു. വിവിധ തീവ്രവാദ ചിന്തകള്‍ സമുദായത്തില്‍ ജന്മമെടുക്കുകയും അവയുടെ പേരില്‍ രൂപപ്പെട്ട സംഘടനകള്‍ മുസ്ലിം ലീഗിനെ വെല്ലുവിളിക്കാന്‍ തുടങ്ങുകയും ചെയ്തിട്ടും ലീഗിന് ഒരു കോട്ടവും തട്ടാതിരുന്നത് തങ്ങള്‍ കുടുംബം നല്‍കിയ നേതൃത്വത്തിന്റെ മഹത്വം കൊണ്ടു തന്നെയാണ്. ആ ശ്രേണിയിലെ പ്രബലമായൊരു കണ്ണിയാണ് ഹൈദരലി തങ്ങളുടെ വേര്‍പാടിലൂടെ നഷ്ടമായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."