സി.പി.എമ്മിന് തലവേദനയായി നാലിടത്തെ സ്ഥാനാര്‍ഥി തര്‍ക്കം: കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ച് കുറ്റ്യാടി മണ്ഡലം കമ്മിറ്റി
കുറ്റ്യാടി: നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ചൊല്ലി സി.പി.എമ്മില്‍ തര്‍ക്കം സംസ്ഥാന നേതൃത്വത്തിന് തലവേദനയാകുന്നു. കുറ്റ്യാടിയും പൊന്നാനിയിലേയും മഞ്ചേശ്വരത്തെയും കോങ്ങാട്ടെയും സ്ഥാനാര്‍ത്ഥികളെ വേണ്ടെന്നാണ് മണ്ഡലം കമ്മിറ്റികളുടെ നിലപാട്. സി.പി.എം സംസ്ഥാന നേതൃത്വം നാല് മണ്ഡലം കമ്മിറ്റികളുടെയും നിലപാടിനോട് അത്ര അനുഭാവത്തോടെയല്ല പ്രതികരിക്കുന്നത്.
കാലങ്ങളായി സി.പി.എം മത്സരിച്ചിരുന്ന കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് (എം.)ന് വിട്ടു നല്‍കാനുള്ള പാര്‍ട്ടി തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് മണ്ഡലം കമ്മിറ്റിയുടെ കത്ത്. യാതൊരു കാരണവശാലും കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കരുതെന്നാവശ്യപ്പെട്ട് സി.പി.എ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയാണ് കേന്ദ്ര കമ്മിറ്റിക്ക് ഇ.മെയില്‍ സന്ദേശം അയച്ചത്.
കുറ്റ്യാടി സീറ്റില്‍ സി.പി.എം തന്നെ മത്സരിക്കണമെന്നും പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. അതേസമയം കുറ്റ്യാടി സീറ്റ് ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുക്കാനുള്ള നീക്കത്തെ ചൊല്ലി സമൂഹ മാധ്യമങ്ങളിലും പാര്‍ട്ടി ഗ്രൂപ്പുകളിലും വലിയ പൊട്ടിത്തെറിക്ക് വഴിവെച്ചിരുന്നു. ഈ പൊട്ടിത്തെറി കഴിഞ്ഞ ദിവസം പരസ്യ പ്രതിഷേധമാക്കി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതോടെ പ്രവര്‍ത്തകര്‍ക്ക് താക്കീത് നല്കി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ.പി കുഞ്ഞമ്മദ് കുട്ടി പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ ചില വ്യക്തികളും വിഭാഗങ്ങളും തന്റെ പേരും ഫോട്ടോയും ഉപയോഗിച്ചു നടത്തുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും പാര്‍ട്ടി തീരുമാനം പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളണമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."