പുലികളെ ഉപേക്ഷിച്ച് ഉക്രൈൻ വിടാനില്ലെന്ന് ഇന്ത്യൻ ഡോക്ടർ
കീവ്
താൻ ഓമനിച്ചുവളർത്തിയ പുള്ളിപ്പുലിയെയും കരിമ്പുലിയെയും വിട്ട് സ്വദേശത്തേക്കില്ലെന്ന് ഉക്രൈനിലെ ഇന്ത്യൻ പൗരൻ.
ഉക്രൈനിൽ ഡോക്ടറായ ഗിരികുമാർ പാട്ടീലാണ് തന്റെ പുലികളെ വിട്ട് എങ്ങോട്ടുമില്ലെന്ന് വ്യക്തമാക്കിയത്. യുദ്ധം രൂക്ഷമായി തുടരുമ്പോൾ പൗരൻമാരെ സ്വന്തം രാജ്യത്തിലേക്ക് തിരികെയെത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിനിടെയാണ് ഡോക്ടർ വളർത്തുമൃഗങ്ങളെ വിട്ട് നാട്ടിലേക്കില്ലെന്ന് പറഞ്ഞത്.
രണ്ട് പുലികളുമായി ഡോൺബാസിലെ സെവറോഡോനെസ്‌കിലെ വീടിന് സമീപത്തെ ബങ്കറിലാണ് ഇയാൾ കഴിയുന്നത്. പ്രദേശം സുരക്ഷിതമല്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടും പുലികളെ ഉപേക്ഷിച്ച് വരാൻ ഡോക്ടർ തയാറാകുന്നില്ല. 'എന്റെ ജീവൻ രക്ഷിക്കാൻ ഇവരെ ഞാൻ ഉപേക്ഷിക്കില്ല. ഇവർ രണ്ടും എന്റെ കുട്ടികളാണ്. വീട്ടുകാർ അവയെ ഉപേക്ഷിച്ച് തിരിച്ചുവരാൻ പറയുന്നുണ്ട്. എന്നാൽ, എന്റെ അവസാനശ്വാസം വരെ ഇവയോടൊപ്പമായിരിക്കും'- ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
സമീപത്തെ മൃഗശാലയിൽ നിന്ന് ദത്തെടുത്താണ് ഇയാൾ പുലികളെ വളർത്തുന്നത്.2007 മുതലാണ് ഡോക്ടർ ഉക്രൈനിൽ താമസിക്കുന്നത്. 20 മാസം പ്രായമുള്ള ആൺ പുള്ളിപ്പുലിയുടെ പേര് യാഷ എന്നാണ്. ആറുമാസം പ്രായമുള്ള പെൺ കരിമ്പുലിക്ക് സബ്രീന എന്നും പേരിട്ടു. ഇവയ്ക്ക് ഭക്ഷണം വാങ്ങാൻ മാത്രമാണ് ഇയാൾ പുറത്തിറങ്ങുന്നതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. ഇതുകൂടാതെ ഇയാൾക്ക് മൂന്ന് വളർത്തുനായ്ക്കളുമുണ്ട്. തന്റെ യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിൽ നിന്നാണ് ഇവയെ പരിപാലിക്കാൻ ഇയാൾ ഫണ്ട് കണ്ടെത്തുന്നത്. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ തനുകു സ്വദേശിയാണ് ഡോ. പാട്ടീൽ. തന്റെ വളർത്തുമൃഗങ്ങളെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഇന്ത്യൻ സർക്കാർ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഉക്രൈനിൽ നിന്ന് മടങ്ങിയ കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ അടക്കം വളർത്തുമൃഗങ്ങളുമായി നാട്ടിലെത്തിയത് വാർത്തയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."