മജ്‌ലിസുന്നൂർ ; പുണ്യം പൂത്തുലഞ്ഞ ഹൈദരലി തങ്ങളുടെ ദശവർഷങ്ങൾ
ഇസ്മാഈൽ അരിമ്പ്ര
മലപ്പുറം
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇജാസത്തോടു കൂടി വ്യവസ്ഥാപിതമായി നടക്കുന്ന ആത്മീയസംഗമമാണ് മജ്‌ലിസുന്നൂർ. അസ്ഹാബുൽ ബദ്‌റിനെ സ്മരിക്കുന്ന പുണ്യസദസുകളാണ് മജ്ലിസുന്നൂർ എന്നറിയപ്പെടുന്നത്. 2012 മെയ് 30ന് ഹിജറ വർഷത്തിലെ റജബ് മാസത്തിലാണ് ഇതിന് തുടക്കം. മലപ്പുറത്ത് എസ്.വൈ.എസ് നേതൃത്വത്തിൽ തുടക്കംകുറിച്ച ഈ സംഗമങ്ങളുടെ പ്രാരംഭത്തിൽ തങ്ങൾ ഇങ്ങനെ പറഞ്ഞു: ഹൃദയങ്ങളെ ശുദ്ധീകരിക്കാൻ ഹൃദയം ശുദ്ധിചെയ്ത മഹാന്മാരുമായും നാം അടുക്കണം. അതിനുള്ള മാർഗമാണ് അസ്ഹാബുൽ ബദ്ർ പാരായണം ചെയ്യലും അതിനായി സദസുകൾ സംഘടിപ്പിക്കലും.''
തങ്ങളുടെ ഇജാസത്ത് പ്രകാരമുള്ള ഈ ആത്മീയ സദസുകൾ നാടുനീളെ വ്യാപിച്ചു. 2014ൽ എസ്.വൈ.എസ് അറുപതാം വാർഷിക സമ്മേളനത്തോടെ ഇതു സംസ്ഥാന തലത്തിൽ വ്യവസ്ഥാപിതമായി നടപ്പാക്കി. ഇതര സംസ്ഥാനങ്ങളിലും വിദേശ രാഷ്ട്രങ്ങളിലുമായി ആയിരക്കണക്കിന് സ്ഥിരം സദസുകളായി ഇതു വർധിക്കുകയായിരുന്നു. ഏഴു തവണ സൂറത്തുൽ ഫാതിഹ പാരായണം ചെയ്തു പ്രാർഥിച്ചാണ് മജ്‌ലിസുന്നൂറിന്റെ തുടക്കം. തുടർന്ന് ബദ് രീങ്ങളുടെ നാമങ്ങൾ ഉൾപ്പെടുത്തിയ ബദ ർ ബൈത്ത് പാരായണം ചെയ്യും. ശേഷം സൂറത്ത് യാസീൻ പാരായണം ചെയ്തു പ്രാർഥന നടത്തും. ഹൈദരലി തങ്ങൾ നിർദേശിച്ച ഇതേ ക്രമത്തിലാണ് മജ്‌ലിസുന്നൂർ നടന്നുവരുന്നത്. പത്ത് വർഷം ഈ സദസുകൾ പിന്നിട്ടുകഴിഞ്ഞു.
പാണക്കാട് തങ്ങളുടെ ആത്മീയ സമ്മതത്തോടെ ആരംഭിച്ച മജ്‌ലിസുന്നൂർ പള്ളികൾ, മദ്‌റസകൾ, എസ്.വൈ.എസ് കമ്മിറ്റികൾ, സമസ്ത പോഷകഘടക പരിപാടികൾ എന്നിവിടങ്ങളിൽ വ്യാപകമായതോടെ മഹല്ല് തലങ്ങളിൽ വീടുകളിലും സ്ഥിരംസദസുകൾ ഒരുങ്ങി. ആഴ്ചയിലോ മാസത്തിലോ കുടുംബാംഗങ്ങൾ ഒത്തുചേർന്നും സഹപ്രവർത്തകർ ചേർന്നും മജ്‌ലിസുന്നൂർ സദസുകൾ വ്യാപകമാണ്. വിവാഹവീടുകൾ, ഗൃഹപ്രവേശനം തുടങ്ങി കുടുംബത്തിലെ പ്രധാന പരിപാടികളിലും മജ്‌ലിസുന്നൂർ നടന്നുവരുന്നു.
ഓരോ വർഷവും പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനങ്ങളോട് അനുബന്ധിച്ചാണ് ഇതിന്റെ വാർഷിക സദസ് സംഘടിപ്പിക്കാറുള്ളത്. സമ്മേളന ദിവസങ്ങളിലെ വ്യാഴാഴ്ച വൈകീട്ടാണ് മജ്ലിസുന്നൂർ ആത്മീയ സദസ്. കേരളത്തിലുടനീളം മജ്‌ലിസുന്നൂർ സംഗമങ്ങൾക്ക് നേതൃത്വം നൽകുന്ന അമീറുമാരുടെയും സ്ഥിരാംഗങ്ങളുടെയും വാർഷിക സദസ് കൂടിയാണ് ജാമഅ നൂരിയ്യയിൽ നടക്കാറുള്ളത്. ഈ വേദിയിൽ പ്രാർഥനയ്ക്ക് നേതൃത്വം കൊടുക്കാറുള്ളത് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ്. പത്താമത്തെ വാർഷിക സദസ് ഈ വർഷം ഇന്നലെയായിരുന്നു നിശ്ചയിച്ചിരുന്നത്. തങ്ങൾ വിശ്വാസികൾക്കായി സമ്മാനിച്ച ആത്മീയ മജ്‌ലിസ് പത്ത് വർഷം പിന്നിടുന്ന വേളയിലാണ് ഹൈദരലി തങ്ങൾ യാത്രയായത്. ബദ് രീങ്ങളുടെ സ്മരണ തുടിക്കുന്ന ആത്മീയ വേദികൾ സംഘടപ്പിക്കുമ്പോഴെല്ലാം ഇതു സമ്മാനിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണയിലും ഇനി വിശ്വാസികൾ പ്രാർഥനയിൽ ലയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."