വലുത് ശ്രേഷ്ഠമാകുന്നില്ല
ജനാധിപത്യത്തിന്റെ മാറ്റ് േനാക്കുന്ന ഒരു അമേരിക്കന്‍ സ്ഥാപനമാണ് ഫ്രീഡം ഹൗസ്. സാമാന്യം വിശ്വാസ്യതയുള്ള ഈ സ്ഥാപനത്തിന്റെ വിലയിരുത്തലില്‍ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത് 67 പോയിന്റാണ്. കഴിഞ്ഞ വര്‍ഷത്തെ 71ല്‍നിന്നുള്ള വീഴ്ചയാണിത്. ന്യൂനതയില്ലാത്ത സമ്പൂര്‍ണ ജനാധിപത്യമാകണമെങ്കില്‍ 100 പോയിന്റ് ലഭിക്കണം. പടിഞ്ഞാറിന്റെ പ്രതികൂലമായ പക്ഷപാതിത്വം ആരോപിച്ച് തള്ളിക്കളയാവുന്ന അവസ്ഥയില്‍ അഭികാമ്യമായ സ്വാതന്ത്ര്യം ഇന്ത്യയിലെ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും ഉണ്ടെന്നു പറയാനാവില്ല. ഭാഗികമാണ് നമ്മുടെ സ്വാതന്ത്ര്യം. അത് പരിപൂര്‍ണമാകണമെന്നതാണ് നമ്മുടെ ആഗ്രഹം.
പൊലിസും ക്രമസമാധാനവും സംസ്ഥാനവിഷയങ്ങളായതിനാല്‍ അത്യാചാരങ്ങള്‍ സംസ്ഥാനങ്ങളുടെമേല്‍ ചാരി കേന്ദ്രത്തിനു പഴിയില്‍നിന്ന് രക്ഷപ്പെടാനാവില്ല. ജനാധിപത്യത്തില്‍ അവിഭാജ്യമായ അഭിപ്രായപ്രകടനസ്വാതന്ത്ര്യം നിയന്ത്രിക്കുന്നതിലും പരിമിതമാക്കുന്നതിലും സംസ്ഥാനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ല. അപകീര്‍ത്തിക്കു പുറമേ സഭയുടെ അവകാശലംഘനവും കോടതിയലക്ഷ്യവും മാധ്യമങ്ങള്‍ക്കെതിരേ നിര്‍ബാധം ചുഴറ്റപ്പെടുന്ന ആയുധങ്ങളാണ്. പരമ്പരാഗതമായ ഇത്തരം പ്രയോഗങ്ങളില്‍ സംസ്ഥാനങ്ങള്‍ വ്യാപരിക്കുമ്പോള്‍ ഇന്റര്‍െനറ്റ് വിച്ഛേദം ഉള്‍പ്പെടെയുള്ള അത്യാധുനിക ചുരികകളാണ് കേന്ദ്രം പ്രയോഗിക്കുന്നത്. പ്രതികൂലമായതിനെ പ്രതിരോധിക്കാന്‍ കോപ്പ് കൂട്ടുന്ന സര്‍ക്കാരിന് ഫ്രീഡം ഹൗസിന്റെ റാങ്കിങ്ങിെന ശത്രുതാപരമായ പക്ഷപാതിത്വം ആരോപിച്ച് തള്ളാനാവില്ല.
വൈദ്യുതി വിച്ഛേദിച്ചുകൊണ്ടായിരുന്നു അടിയന്തരാവസ്ഥയുടെ ആദ്യരാത്രി പത്രങ്ങളുടെ പ്രസിദ്ധീകരണം തടഞ്ഞത്. ഇന്റര്‍െനറ്റ് അപ്രകാരം സര്‍ക്കാരിന്റെ കൈപ്പിടിയില്‍ ഒതുങ്ങില്ലെന്ന് കരുതിയിരുന്നെങ്കിലും അതും സാധ്യമാണെന്നതിന് ജമ്മു-കശ്മിരിലെ അനുഭവം നമ്മുടെ മുന്നിലുണ്ട്. 'താല്‍ക്കാലികമായ' ഇന്റര്‍െനറ്റ് ഷട്ട്ഡൗണിന്റെ അവിടത്തെ ദൈര്‍ഘ്യം 213 ദിവസമായിരുന്നു. ഹിമാലയം ഇടിഞ്ഞുവീണാലെന്നപോലെ തങ്ങളുടെ സംസ്ഥാനം അപ്രത്യക്ഷമായ കാര്യം ജനങ്ങള്‍ അറിഞ്ഞത് മാസങ്ങള്‍ക്കു ശേഷമാണ്. ദുരുപദിഷ്ടമായ ഭരണകൂട നീക്കങ്ങള്‍ക്കെതിരേ യോജിച്ച നിലപാട് സ്വീകരിക്കാന്‍ കഴിയണം. സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം ഭരണഘടനാപരമായി ജുഡീഷ്യറിയുടെ ചുമതലയാണെങ്കിലും അവിടെനിന്ന് കേള്‍ക്കുന്ന ശബ്ദങ്ങള്‍ പലപ്പോഴും പ്രതീക്ഷയ്ക്ക് വകനല്‍കുന്നില്ല.
സുപ്രിംകോടതിയിലെത്തുന്നതിനു മുന്‍പ് അശോക് ഭൂഷണ്‍ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. ആമസോണ്‍ പ്രൈം വിഡിയോയുടെ ഇന്ത്യയിലെ മേധാവി അപര്‍ണ പുരോഹിത് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ അശോക് ഭൂഷണ്‍ ചോദിച്ച ചില ചോദ്യങ്ങള്‍ സ്വതന്ത്രസമൂഹത്തെ ഭയപ്പെടുത്തുന്നവയാണ്. താണ്ഡവ് എന്ന വെബ് പരമ്പരയുടെ പേരില്‍ അറസ്റ്റ് ഭയക്കുന്ന അപര്‍ണ അലഹബാദ് ഹൈക്കോടതിയുടെ സംരക്ഷണം കിട്ടാതെ വന്നപ്പോഴാണ് സുപ്രിംകോടതിയിലെത്തിയത്. അപര്‍ണ ആവശ്യപ്പെട്ട സംരക്ഷണം സുപ്രിംകോടതി നല്‍കിയെങ്കിലും അതിനിടയില്‍ സാന്ദര്‍ഭികമെന്ന രീതിയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ അനുചിതവും ഭയജനകവുമാണ്.
വാര്‍ത്താ പോര്‍ട്ടലുകള്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ബാധകമായ മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത് വലിയ തോതിലുള്ള ആശങ്കയ്ക്കും പ്രതിഷേധത്തിനും കാരണമായി. സോഷ്യല്‍ മീഡിയയെ സ്വയംനിയന്ത്രിതമാക്കുന്നതിനുള്ള സംവിധാനമെന്ന നിലയിലാണ് രണ്ട് മന്ത്രിമാര്‍ ചേര്‍ന്ന് മാര്‍ഗരേഖ അവതരിപ്പിച്ചത്. ത്രിതല പരാതി പരിഹാര സംവിധാനത്തെ നിര്‍ദോഷമായി അവതരിപ്പിച്ചപ്പോള്‍ പല്ലും നഖവും കൗശലത്തോടെ മറച്ചുവയ്ക്കുന്നതിനുള്ള വൈദഗ്ധ്യം മന്ത്രിമാര്‍ കാണിച്ചു. ഓണ്‍ലൈന്‍ മാധ്യമങ്ങളെ കേന്ദ്ര സര്‍ക്കാരിന്റെ വരുതിയിലാക്കുന്നതിനുള്ള കുത്സിതമായ നീക്കമാണ് മാര്‍ഗരേഖ എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ടത്. മാര്‍ഗരേഖയും പെരുമാറ്റച്ചട്ടവും കണ്ടെങ്കിലും പരാതി പരിഹാര സംവിധാനത്തിന് പല്ലില്ലെന്നാണ് കോടതി പറഞ്ഞത്.
പല്ലില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന പരിഹാസം പ്രസ് കൗണ്‍സിലിെനതിരേയുണ്ട്. ശിക്ഷിക്കുന്നതിന് അധികാരമില്ലെന്നാണ് അതിന്റെ അര്‍ഥം. ധാര്‍മികശക്തി പ്രയോഗിച്ചാണ് പ്രസ് കൗണ്‍സില്‍ പത്രങ്ങളെ നിയന്ത്രിക്കുന്നത്. ഡിജിറ്റല്‍ ന്യൂസ് സംവിധാനത്തിന് പ്രസ് കൗണ്‍സില്‍ ചട്ടങ്ങള്‍ ബാധകമാക്കുമ്പോള്‍ പ്രസ് കൗണ്‍സിലിന്റെ രീതിതന്നെ അവിടെ അനുവര്‍ത്തിക്കണം. പത്രങ്ങളെക്കുറിച്ച് പ്രത്യേകമായ പരാമര്‍ശമില്ലാത്ത ഭരണഘടനയില്‍ പൗരസമൂഹത്തിനു നല്‍കിയിരിക്കുന്ന അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തെ വിപുലീകരിച്ച് പത്രസ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ ഉറപ്പിച്ച ഭരണഘടനാകോടതിയില്‍നിന്ന് പല്ലെവിടെ എന്ന ചോദ്യം ഉണ്ടാകാന്‍ പാടില്ലായിരുന്നു. നിയന്ത്രണം ഉണ്ടാകുമ്പോള്‍ അതിന്റെ സാധുതയും അനിവാര്യതയും പരിശോധിക്കാന്‍ ചുമതലപ്പെട്ട കോടതി അതിനു വിരുദ്ധമായ സമീപനം സ്വീകരിക്കുന്നത് ഉചിതമല്ല.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമം അനുസരിച്ചുള്ള ചട്ടങ്ങളോ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് ബാധകമാക്കിയിരിക്കുന്ന മാര്‍ഗരേഖയോ ആയിരുന്നില്ല സുപ്രിംകോടതിയുടെ മുന്നിലുള്ള വിഷയം. പക്ഷേ സെന്‍സര്‍ഷിപ്പിനെക്കുറിച്ചായി കോടതിയുടെ ചോദ്യം. സിനിമ മാത്രമാണ് മുന്‍കൂര്‍ പരിശോധനയ്ക്ക് വിധേയമാകുന്ന മാധ്യമം. സിനിമയ്ക്കുവേണ്ടിയുള്ള സെന്‍സര്‍ ബോര്‍ഡ് ഇപ്പോള്‍ പേരുമാറ്റി സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡാണ്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു അപകടകരമായ രീതിയില്‍ ഭംഗമുണ്ടാക്കുന്നവരാണ് ഭരണകക്ഷിയുടെ പിണിയാളുകളായ സെന്‍സര്‍മാരും സര്‍ട്ടിഫിക്കേഷന്‍ ഓഫിസര്‍മാരും. അവരെ പ്രോത്സാഹിപ്പിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന ചോദ്യമാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ ചോദിച്ചത്. സെന്‍സര്‍ ഇല്ലെങ്കില്‍ അനാശാസ്യത പെരുകുമെന്ന ആശങ്ക സെന്‍സര്‍ ഉണ്ടെങ്കില്‍ അനാശാസ്യത ഒഴിവാകുമെന്ന ആശപോലെ അസ്ഥാനത്താണ്.
കൊവിഡ് കാലത്ത് പ്രദര്‍ശനശാലകള്‍ അടഞ്ഞപ്പോള്‍ സിനിമ എന്ന വ്യവസായത്തെ നിലനിര്‍ത്തിയതും ആസ്വാദകരുടെ തൃഷ്ണ ശമിപ്പിച്ചതുമായ സ്ഥാപനമാണ് ആമസോണ്‍ പ്രൈം വിഡിയോ. ഓവര്‍ ദ് ടോപ് (ഒ.ടി.ടി) എന്ന് സാങ്കേതികമായി അറിയപ്പെടുന്ന ഈ സ്ട്രീമിങ് പ്‌ളാറ്റ്‌ഫോം മതവികാരത്തെ വ്രണപ്പെടുത്തിയെന്ന ആക്ഷേപത്തെ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ ആക്രമിക്കപ്പെടുന്നത്. ശിവനടനവുമായി ബന്ധപ്പെട്ട പദമായതിനാല്‍ താണ്ഡവം എന്ന ശീര്‍ഷകംതന്നെ ദുരുപദിഷ്ടമാണെന്ന് വ്രണിതഹൃദയര്‍ വിലപിക്കുന്നു. ശിവനെ മാത്രമല്ല രാമനെയും അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ശ്രമം സൂക്ഷ്മദൃക്കുകള്‍ കാണുന്നുണ്ട്. ഹിന്ദു ദൈവങ്ങളെ മാന്യമായ രീതിയിലല്ല ഉത്തരേന്ത്യന്‍ സിനിമാനിര്‍മാതാക്കള്‍ കൈകാര്യം ചെയ്യുന്നതെന്ന ആക്ഷേപം പൊതുവേയുണ്ട്. ഇക്കാര്യത്തില്‍ തെന്നിന്ത്യന്‍ സിനിമയാണ് അഭികാമ്യമായ മാര്‍ഗം അനുവര്‍ത്തിക്കുന്നതെന്ന് അവര്‍ പറയുന്നു. ദൈവങ്ങളുടെ കാര്യമാകുമ്പോള്‍ ആരാധനയില്ലെങ്കിലും ആദരവ് വേണം. ആദരവ് അതിരു കടന്ന് ഹിന്ദുത്വപ്രണാമം ആകുന്നുവെന്ന ആക്ഷേപം ഉണ്ടാകുന്നു.
യോഗി ആദിത്യനാഥിന്റെ നിലപാടിനെ സാധൂകരിക്കുന്ന പരാമര്‍ശങ്ങളാണ് അപര്‍ണ പുരോഹിതിന്റെ അറസ്റ്റിെന സംബന്ധിച്ച് അലഹബാദ് ഹൈക്കോടതിയിലുണ്ടായത്. അതാണ് സുപ്രിംകോടതിയുടെ പരിശോധനയ്ക്ക് വിധേയമാകേണ്ടിയിരുന്നത്. ആര്‍ക്കെതിരേയും എവിടെയും ആര്‍ക്കും കേസ് കൊടുക്കാമെന്ന നിലവിലെ അവസ്ഥ വലിയ പീഡനത്തിനു കാരണമാകുന്നു. അപകീര്‍ത്തി ക്രിമിനല്‍ കുറ്റമായിരിക്കുന്നതുപോലെ ഗര്‍ഹണീയമാണ് ഭാഷണത്തിലെ അതിരില്ലായ്മ മതനിന്ദയും രാജ്യദ്രോഹവുമാകുന്നത്.
ന്യൂനപക്ഷത്തിന് സമ്പൂര്‍ണമായ പരിരക്ഷ ലഭിക്കുമ്പോഴാണ് ഇന്ത്യന്‍ ജനാധിപത്യത്തിന് നൂറില്‍ നൂറു പോയിന്റ് ലഭിക്കുക. അതുവരെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്ന ഖ്യാതികൊണ്ട് നമുക്ക് തൃപ്തിപ്പെടേണ്ടിവരും. മതന്യൂനപക്ഷവും ഭാഷാന്യൂനപക്ഷവുമാണ് ഭരണഘടനയില്‍ പരാമര്‍ശിക്കുന്ന രണ്ട് ന്യൂനപക്ഷങ്ങള്‍. തെളിച്ചു പറയുന്നില്ലെങ്കിലും അനുഛേദം 19(1)(എ) മറ്റൊരു ന്യൂനപക്ഷത്തെ വിഭാവനം ചെയ്യുന്നുണ്ട്. നിലപാടിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷമാകുന്ന വിഭാഗമാണത്. വിമതരും വിമര്‍ശകരും അക്കൂട്ടത്തില്‍പ്പെടുന്നു. അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ് ജനാധിപത്യത്തെ ശ്രേഷ്ഠമാക്കുന്നത്. അപര്‍ണ കേസിലെ സുപ്രിംകോടതിയുടെ ചോദ്യങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളും വല്യേട്ടന്‍ പിടി മുറുക്കുന്നുവെന്നതിന്റെ സൂചനയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."