ഡി.ജി.പിയുടെ പേരില്‍ ഓണ്‍ ലൈന്‍ തട്ടിപ്പ്; നൈജീരിയന്‍ സ്വദേശി ഡല്‍ഹിയില്‍ അറസ്റ്റില്‍
തിരുവനന്തപുരം: പൊലിസ് മേധാവിയുടെ പേരുവെച്ചു ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ നൈജീരിയന്‍ സ്വദേശി ഡല്‍ഹിയില്‍ പിടിയില്‍. നൈജീരിയന്‍ സ്വദേശി റൊമാനസ് ക്ലിബ്ബൂസാണ് ഡല്‍ഹിയില്‍ ഉത്തംനഗറില്‍ നിന്ന് തിരുവനന്തപുരത്തെ സിറ്റിപൊലിസിന്റെ പിടിയിലായത്.
കൊല്ലം കുണ്ടറയിലെ അധ്യാപികയില്‍ നിന്ന് 14 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിയെടുത്തത്. സംസ്ഥാന പൊലിസ് മേധാവി അനില്‍കാന്തിന്റെ പേരിലായിരുന്നു ഓണ്‍ ലൈന്‍ തട്ടിപ്പ്. അനില്‍ കാന്തിന്റെ പേരില്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കിയാണ് കൊല്ലത്തെ ഒരു അധ്യാപികയെ ഹൈടെക് സംഘം വലയില്‍ കുരുക്കിയത്.
വിവരമറിഞ്ഞപ്പോള്‍ ഡി.ജി.പി പോലും ഞെട്ടി. ഉത്തരേന്ത്യന്‍ ഹൈ-ടെക് ലോബിയാണ് സംഭവത്തിനു പിന്നിലെന്നായിരുന്നു പൊലിസ് സംശയിച്ചിരുന്നത്. അന്വേഷണം വ്യാപിച്ചതോടെയാണ് ഇയാള്‍ വലയിലായത്. ഓണ്‍ ലൈന്‍ ലോട്ടറി അടിച്ചുവെന്ന സന്ദേശമാണ് കൊല്ലം കുണ്ടറ സ്വദേശിയായ അധ്യാപികക്ക് ആദ്യം ലഭിച്ചത്.
സമ്മാനത്തുക നല്‍കുന്നതിന് മുമ്പ് നികുതി അടയക്കണം. ഇതിനുള്ള പണം കമ്പനിക്ക് നല്‍കണമെന്ന് സംഘം സന്ദേശമയച്ചു. സംശയം തോന്നിയ അധ്യാപിക തിരിച്ചു സന്ദേശമയച്ചപ്പോള്‍ പിന്നെയെത്തിയത് ഡി.ജി.പിയുടെ സന്ദേശമാണ്. ടാക്സ് അടയ്ക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടി നേരിടുമെന്നും ഡിജിപിയുടെ ചിത്രം വച്ച് വാട്സ് ആപ്പ് സന്ദേശത്തില്‍ പറഞ്ഞു. ഡി.ജി.പിയുടേതെന്ന പേരിലുള്ള സന്ദേശത്തില്‍ താന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണെന്നും അറിയിച്ചു.
ഇവര്‍ പൊലിസ് ആസ്ഥാനത്തേക്ക് വിളിച്ചപ്പോള്‍ അന്ന് ഡി.ജി.പി ഡല്‍ഹിയിലേക്ക് പോയെന്ന മറുപടിയും ലഭിച്ചു. സന്ദേശമയക്കുന്നത് ഡിജിപിയാണെന്ന് ഉറപ്പിച്ച അധ്യാപിക ഹൈടെക്ക് സംഘത്തിന്റെ വലയില്‍ കുരുങ്ങി പണമയച്ചു കൊടുത്തു.14 ലക്ഷം രൂപ. എന്നാല്‍ പിന്നീട് ലോട്ടറിയുമില്ല, നികുതിയുമില്ല. അസം സ്വദേശിയുടെ പേരിലെടുത്ത നമ്പറില്‍ നിന്നാണ് വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയതെന്ന് ഹൈ ടെക് സെല്ലിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."