HOME
DETAILS
MAL
ഒന്നാം റാങ്കുകാരിക്ക് നിയമനം നല്‍കാതെ സര്‍വകലാശാല
backup
March 10 2021 | 01:03 AM
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപക നിയമനത്തില്‍ വിജ്ഞാപന സമയത്ത് സംവരണ തസ്തികകള്‍ വ്യക്തമാക്കാത്തതിനാല്‍ ഇന്റര്‍വ്യൂവിന് ഒന്നാം റാങ്ക് ലഭിച്ചിട്ടും സര്‍വകലാശാല നിയമനം നല്‍കിയില്ല. കംപ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റില്‍ അസിസ്റ്റന്റ് പ്രഫസറുടെ ഒരൊഴിവിലേക്ക് നടത്തിയ ഇന്റര്‍വ്യൂവില്‍ ഒന്നാംറാങ്ക് നേടിയ ടി.പി ഷബീറയ്ക്കാണ് നിയമനം ലഭിക്കാത്തത്. ഈ തസ്തികയിലേക്ക് നൂറോളം പേര്‍ അപേക്ഷിച്ചതില്‍ 31 പേരെയാണ് ഇന്റര്‍വ്യൂവിന് വിളിച്ചിരുന്നത്. ഇതില്‍ മുഴുവനാളുകളും എത്തിയിരുന്നുമില്ല. കാലിക്കറ്റ് വാഴ്‌സിറ്റിയില്‍ അധ്യാപക നിയമനത്തിന് അപേക്ഷിക്കാന്‍ 2000 രൂപയായിരുന്നു ഓരോരുത്തരില്‍നിന്നും ഈടാക്കിയിരുന്നത്. ജനുവരിയിലാണ് ഇന്റര്‍വ്യൂ ലെറ്റര്‍ അയച്ചത്. ഫെബ്രുവരി അഞ്ചിനായിരുന്നു ഇന്റര്‍വ്യൂ.
2017 മുതല്‍ ടെക്‌നിക്കല്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ അധ്യാപികയാണ് ഷബീറ. കോഴിക്കോട് എന്‍.ഐ.ടിയില്‍നിന്ന് എം.ടെക്കും പി.എച്ച്.ഡിയും കംപ്യൂട്ടര്‍ സയന്‍സില്‍ നെറ്റും ഉള്‍പ്പെടെ ഉയര്‍ന്ന യോഗ്യതകളും ഷബീറയ്ക്കുണ്ട്.
റാങ്ക് ലിസ്റ്റില്‍ 11 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ മുസ്‌ലിം, ഓപണ്‍, ലത്തീന്‍, പട്ടികജാതി വിഭാഗങ്ങളിലുള്ളവര്‍ റാങ്ക് ലിസ്റ്റില്‍ ഉണ്ടായിരുന്നുവെങ്കിലും സംവരണ റോസ്റ്റര്‍ സര്‍വകലാശാല പുറത്തുവിടാന്‍ തയാറായിട്ടില്ല. ഇന്റര്‍വ്യൂ കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും റാങ്ക് ലിസ്റ്റ് പുറത്തുവരാത്തതും ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ ആശങ്കയ്ക്കിടയാക്കിയിരുന്നു.
അവസാനം മാര്‍ച്ച് അഞ്ച് എന്ന തിയതി വച്ച് ഈ മാസം എട്ടിന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റനുസരിച്ച് ഒന്നാം റാങ്കുകാരിക്ക് നിയമനമില്ലെന്നും എസ്.യു.സി.ഐ നാടാര്‍ വിഭാഗത്തിന് സംവരണം ചെയ്ത തസ്തികയാണിതെന്നും അറിയിക്കുകയായിരുന്നു. ഇതില്‍ ഇപ്പോള്‍ ആളില്ലാത്തതിനാല്‍ ഈ തസ്തികയിലേക്ക് വീണ്ടും അപേക്ഷ ക്ഷണിക്കാനാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം.
ഈ കാര്യത്തില്‍ സംവരണ റോസ്റ്റര്‍ ആവശ്യപ്പെട്ട് ടി.പി ഷബീറ വൈസ് ചാന്‍സലര്‍ക്കും ചാന്‍സലറായ ഗവര്‍ണര്‍ക്കും അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. റോസ്റ്റര്‍ ലഭിച്ചാല്‍ കോടതിയെ സമീപിക്കാനിരിക്കുകയാണ് ഇവര്‍. ഇതേ രീതിയില്‍ റഷ്യന്‍ ആന്‍ഡ് കമ്പാരിറ്റിവ് ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ടുമെന്റിലെ റഷ്യന്‍ അധ്യാപക തസ്തികയിലേക്ക് നടത്തിയ ഇന്റര്‍വ്യൂവിനു ശേഷം കഴിഞ്ഞ എട്ടിന് പുറത്തിറങ്ങിയ ലിസ്റ്റില്‍ ഒന്നാം റാങ്ക് ലഭിച്ച പരിജത് ഭട്ടാചാര്യക്കും നിയമനം നല്‍കിയിട്ടില്ല. ഹിന്ദു നാടാര്‍ സംവരണമായതിനാല്‍ ഈ തസ്തികയിലും നിയമനത്തിന് വീണ്ടും അപേക്ഷ ക്ഷണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."