പാടെ തകര്‍ന്ന് മാടക്കര- താഴത്തൂര്‍-നമ്പ്യാര്‍കുന്ന് റോഡ്
നമ്പ്യാര്‍കുന്ന്: മാടക്കര താഴത്തൂര്‍ നമ്പ്യാര്‍കുന്ന് റോഡ് തോടു പോലെയായി. 2007ല്‍ പി.എം.ജി.എസ്.വൈ പദ്ധതിയില്‍ 1.93 കോടി രൂപ ചിലവഴിച്ച് പ്രവൃത്തി ആരംഭിച്ചതാണ് ഈ റോഡ്. എങ്കിലും ഇന്നുവരെ പൂര്‍ത്തീകരിക്കാത്ത റോഡിന്റെ കോല്ക്കിഴി ഭാഗത്ത് കഴിഞ്ഞ രണ്ട് വര്‍ഷം മുന്‍പാണ് ഗര്‍ത്തം രൂപപ്പെട്ടത്.
ഗതാഗതം മുടങ്ങാതിരിക്കാന്‍ നാട്ടുകാരുടെ ശ്രമ ഫലമായി കല്ലും മണ്ണും നിറച്ച് റോഡ് ഭാഗികമായി നന്നാക്കിയിരുന്നു. ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ വകയിരുത്തി പാച്ച് വര്‍ക്ക് നടത്തിയെങ്കിലും തകര്‍ന്ന ഭാഗത്തെ അറ്റകുറ്റപണികള്‍ പോലും ചെയ്യാതെ ഉപേക്ഷിക്കുകയാണുണ്ടായത്. അതിനിടെ റോഡ് കൈമാറിയതായി സര്‍ക്കാര്‍ ഉത്തരവും വന്നിരുന്നു. കൂടാതെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി സമരങ്ങളും നടത്തിയിരുന്നു.
തകര്‍ന്ന ഭാഗം നന്നാക്കാന്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലങ്കില്‍ പൊതുമരാമത്ത് വകുപ്പ് ഓഫിസിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനറും നെന്മേനി പഞ്ചായത്ത് അംഗവുമായ കെ.സി.കെ തങ്ങള്‍ അധ്യക്ഷനായി. കെ.വി ക്രിസ്തുദാസ്, റ്റി.കെ രാധാകൃഷ്ണന്, പി ഉസ്മാന്, എ.കെ സലീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."