സഊദിയിൽ ഗാർഹിക തൊഴിലാളികൾക്കും ലെവി ഏർപ്പെടുത്താൻ തീരുമാനം
റിയാദ്: സഊദിയിൽ ഗാർഹിക തൊഴിലാളികൾക്കും ലെവി ഏർപ്പെടുത്താൻ തീരുമാനം. ചൊവ്വാഴ്ച ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. സഊദി പൗരന്മാരുടെ കീഴിൽ നാലിലധികം ഗാർഹിക തൊഴിലാളികൾ ഉണ്ടെങ്കിലും വിദേശിയുടെ കീഴിൽ രണ്ടിലധികം ഗാർഹിക തൊഴിലാളികൾ ഉണ്ടെങ്കിലും ലെവി നിർബന്ധമാകും.
അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ ഉള്ള ഓരോ അധിക തൊഴിലാളിക്കും പ്രതിവർഷം 9,600 റിയാൽ തുകയാണ് ലെവിയായി നൽകേണ്ടത്. രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം ശവ്വാൽ 21 മുതൽ ആരംഭിക്കും. പുതുതായി വരുന്ന ഗാർഹിക തൊഴിലാളികൾക്കാണ് ആദ്യ ഘട്ടത്തിൽ വരുന്നത്.
നിലവിലുള്ള ഗാർഹിക തൊഴിലാളികൾ അടുത്ത ഹിജ്‌റ വർഷത്തിലെ ശവ്വാലിൽ നടപ്പാക്കുന്ന രണ്ടാം ഘട്ടത്തിലും ഉൾപ്പെടും. അതേസമയം, മെഡിക്കൽ പരിചരണം, പ്രത്യേക ആവശ്യങ്ങൾ വേണ്ടി വരുന്ന പരിചരണ കേസുകൾ എന്നിവക്ക് പ്രത്യേക സമിതി അംഗീകാരത്തിനു ശേഷം ഇളവ് നൽകും.
രാജ്യത്ത് 2014 മുതലാണ് വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കി തുടങ്ങിയത്. 2020 മുതൽ 800 റിയാൽ തോതിൽ വർഷം 9,600 റിയാൽ ആണ് ഇപ്പോൾ ഓരോ വിദേശ തൊഴിലാളിയും അടക്കേണ്ടത്. തൊഴിലാളികളുടെ ലെവി സ്പോൺസർമാരുടെ ഉത്തരവാദിത്വമാണ്. 2017 ജൂലൈ മുതൽ ആശ്രിത ലെവിയും നിലവിൽ വന്നു. 2020 ജൂലൈ മുതൽ മാസം തോറും 400 റിയാൽ എന്ന തോതിൽ ആണ് ആശ്രിതരിൽ ഓരോത്തർക്കുമായി ആശ്രിത ലെവി അടക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."