പി.സി ചാക്കോ കോണ്‍ഗ്രസ് വിട്ടു: കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്ല, ഹൈക്കമാന്‍ഡ് ഗ്രൂപ്പുകളുടെ സംരക്ഷകര്‍: നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ചാക്കോ
ന്യുഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടി അവഗണനയില്‍ പ്രതിഷേധിച്ചാണ് കടുത്ത തീരുമാനമെടുത്തതെന്ന് പി.സി ചാക്കോ മാധ്യമങ്ങളോട് വ്യക്തമാക്കി. രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും രാജിക്കത്ത് കൈമാറിയതായും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയില്ല. രണ്ടു ഗ്രൂപ്പുകളുടെ ഏകോപനസമിതി മാത്രമേയുള്ളൂവെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസുകാരനായിരിക്കാന്‍ കേരളത്തില്‍ ഇനി സാധിക്കില്ല. ഗ്രൂപ്പുകാരനായിരിക്കാന്‍ മാത്രമേയാകൂ. അത്തരമൊരു സംവിധാനത്തില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കാനാവാത്തതിനാലാണ് രാജിയെന്നും പി.സി ചാക്കോ വ്യക്തമാക്കി. നാളെ എങ്ങോട്ടുപോകുമെന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ചാക്കോ പറഞ്ഞു. കോണ്‍ഗ്രസിന്റെ എറ്റവും കരുത്തനായ പ്രസിഡന്റായിരുന്നു വി.എം സുധീരന്‍. അദ്ദേഹത്തെ എല്ലാവരും പുകച്ചു പുറത്തുചാടിക്കുകയായിരുന്നുവെന്നും ചാക്കോ തുറന്നടിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയത്തിലോ മറ്റോ തന്നെ സഹകരിപ്പിക്കുന്നില്ല. പാര്‍ട്ടി കാര്യങ്ങള്‍ ആലോചിക്കുന്നില്ല തുടങ്ങിയവയായിരുന്നു ചാക്കോയുടെ ആരോപണം. ഇന്ന് ഭാവി കാര്യങ്ങള്‍ പ്രഖ്യാപിക്കാനായി അദ്ദേഹം മാധ്യമങ്ങളെ കാണുന്നുണ്ട്.
കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം കെ.എസ്.യുവിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തന്നെ സജീവമായിരുന്നു.
1970 മുതല്‍ 1973 വരെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായും പിന്നീട് സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായും 1975 മുതല്‍ 1979 വരെ കെ.പി.സി.സിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
1978-ല്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ആന്റണി വിഭാഗത്തിനൊപ്പം ചേര്‍ന്ന ചാക്കോ 1980-ല്‍ പിറവം മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി 1980-1981 ലെ ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ വ്യവസായ മന്ത്രിയായിരുന്നു.
1991-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് ആദ്യമായി ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1996-ല്‍ മുകുന്ദപുരത്ത് നിന്നും 1998-ല്‍ ഇടുക്കിയില്‍ നിന്നും 2009-ല്‍ തൃശൂരില്‍ നിന്ന് തന്നെ വീണ്ടും ലോക്‌സഭയില്‍ അംഗമായി.
1999-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് നിന്ന് സി.പി.എമ്മിന്റെ കെ.സുരേഷ് കുറുപ്പിനോടും 2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് ഇടത് സ്വതന്ത്രനായി മത്സരിച്ച സിനിമാനടന്‍ ഇന്നസെന്റിനോടും പരാജയപ്പെട്ടു. ടുജി സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകളെകുറിച്ചന്വേഷിച്ച ജോയ്ന്റ് പാര്‍ലമെന്ററി കമ്മിറ്റി (ജെ.പി.സി)യുടെ അധ്യക്ഷനായിരുന്നു പി.സി. ചാക്കോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."