ചേർത്ത് പിടിക്കാൻ പുതിയ തേരാളി
നവാസ് പൂനൂർ
പുതിയ ചക്രവാളങ്ങൾ തേടി ആർത്തലച്ചുവരുന്ന ഒരു സമൂഹത്തിന് പ്രതീക്ഷയുടെ പൊൻകിരണമായി ഇതാ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. നാല് പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തും പ്രവർത്തന മികവും ഈ നവ സാരഥിക്ക് കരുത്താകും. സാധാരണ പ്രവർത്തകരുടെ വികാര വിചാരങ്ങൾ തൊട്ടറിയാനും പഠിക്കാനും കഴിഞ്ഞ നേതാവാണ് സാദിഖലി തങ്ങൾ. നേതൃപദവിയിലേക്ക് കെട്ടിയിറക്കുകയല്ല, സാധാരണ പ്രവർത്തകനായി തുടങ്ങി പടിപടിയായി വളർന്ന് പാർട്ടിയുടെ സമുന്നത പദവിയിലെത്തിയിരിക്കുകയാണദ്ദേഹം. മുസ്ലിം ലീഗിന്റെ അഞ്ചാമത്തെ സംസ്ഥാന പ്രസിഡന്റായ സാദിഖലി തങ്ങൾക്ക് സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച പ്രഥമ പ്രസിഡന്റ് എന്ന പ്രത്യേകതയുമുണ്ട്. ചരിത്രപരമായ കാരണങ്ങളാൽ ഇരുട്ടിൽ ആണ്ടുപോയ ഒരു സമുദായത്തെ ചേർത്ത് പിടിച്ച് അഭിമാനകരമായ ജീവിതം പകർന്ന് നൽകിയതിൽ മുസ്ലിം ലീഗിനുള്ള പങ്ക് ചെറുതല്ല. മലയാള മണ്ണാവട്ടെ അതിന്ന് ഏറെ വളക്കൂറുള്ളതുമായി.
1957 നവംബർ ഒന്നിന് കേരളപ്പിറവിയോടെ മുസ്ലിം ലീഗിന്റെ പ്രവർത്തനവും കൂടുതൽ വ്യവസ്ഥാപിതമായി. 1956 നവംബർ 18 ന് എറണാകുളത്ത് ചേർന്ന മുസ്ലീഗ് സമ്മേളനത്തിൽ മുസ്ലിം ലീഗിന്റെ പ്രഥമ സംസ്ഥാനകമ്മിറ്റി നിലവിൽ വന്നു. സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളായിരുന്നു പ്രസിഡന്റ് . കെ.എം സീതി സാഹിബ് സെക്രട്ടറിയും . കേരളരാഷ്ടീയത്തിൽ മുസ് ലിം ലീഗിന്റെ സാന്നിധ്യം ശക്തമായി ബോധ്യപ്പെടുത്താൻ ഈ നേതൃത്വത്തിന് കഴിഞ്ഞു. 1957 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.എച്ച് മുഹമ്മദ് കോയയുടെ നേതൃത്വത്തിൽ 8 അംഗങ്ങളെ നിയമസഭയിലെത്തിച്ചു. 1959 ൽ ഇ.എം.എസ് ഗവണ്മെന്റിനെതിരെ നടന്ന വിമോചന സമരത്തിൽ പങ്കാളിത്തം വഹിച്ചു. കോൺഗ്രസും പി.എസ്.പി യുമായി ചേർന്ന് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയെ പരാജയപ്പെടുത്തി. പട്ടം താണുപിള്ള സർക്കാറിന് വഴിയൊരുക്കുകയും സീതി സാഹിബിനെയും തുടർന്ന് സി.എച്ചിനേയും സ്പീക്കറാക്കുകയും ചെയ്തു. സി.എച്ചിന്റെ വാക്കുകളിൽ പറഞ്ഞാൽ കോൺഗ്രസിന് ഒരു ഷോക്ക് ട്രീറ്റ്മെന്റ് നൽകാൻ 1967 ൽ ഇ.എം.എസിന്റെ നേതൃത്വത്തിൽ ഐക്യമുന്നണിയുണ്ടാക്കി. മാർച്ച് 6 ന് സി.എച്ചും അഹമ്മദ് കുരിക്കളും മന്ത്രിമാരായി.
1973 ജനുവരി 19 ന് വിശുദ്ധ മക്കയിൽ വച്ച് ബാഫഖി തങ്ങൾ മരണപ്പെട്ടു. ബാഫഖി തങ്ങളുടെ പിൻഗാമിയായി പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങളെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. 1948 ൽ ഹൈദരാബാദ് കലാപ കാലത്ത് പ്രമുഖ നേതാക്കളോടൊപ്പം ജയിൽ വസ മനുഭവിച്ച പൂക്കോയ തങ്ങൾ ഉരുക്കിന്റെ ദൃഢത കൈവരിച്ചിരുന്നു. പക്ഷേ, അതീവ സൗമ്യനായ തങ്ങളുടെ പെരുമാറ്റത്തിന് എന്നും പാൽപായസത്തിന്റെ മധുരമായിരുന്നു.
1975 ജൂലൈ 6 ന് പൂക്കോയതങ്ങളുടെ വേർപാടിനെ തുടർന്ന് തികച്ചും അപ്രതീക്ഷിതമായി മൂത്ത മകൻ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ പ്രസിഡന്റായി. ഏറ്റവും ചെറിയ പ്രായത്തിൽ ഈ വലിയ പദവിയിലെത്തിയ തങ്ങളാണ് ഏറ്റവും കൂടുതൽ കാലം അധ്യക്ഷ പദവിയിലിരുന്നത്. സ്ഫടികസമാനമായ വ്യക്തിത്വവും മധുരോദാരമായ പെരുമാറ്റവും കൊണ്ട് വിശാലമായ സ്നേഹ സാമ്രാജ്യം പണിയാൻ തങ്ങൾക്ക് കഴിഞ്ഞു. ചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രി സ്ഥാനവും കേന്ദ്രമന്ത്രി സ്ഥാനവുമൊക്കെ മുസ് ലിം ലീഗിന് നേടിത്തന്നു അദ്ദേഹം.
2009 ൽ ശിഹാബ്തങ്ങളുടെ വേർപാടിനെ തുടർന്നാണ് ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷനാകുന്നത്. ഒരു വ്യാഴവട്ടം മുസ് ലിം ലീഗിനെ നയിച്ച തങ്ങൾക്ക് ഒരു പക്ഷമുണ്ടായിരുന്നു. നീതിയുടെ, സത്യത്തിന്റെ, നന്മയുടെ പക്ഷം. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ തങ്ങൾക്ക് മുമ്പിൽ അപ്രസക്തമായിരുന്നു. തങ്ങളുടെ വേർപാടിന്റെ വേദനയും പേറി ഒരു പകലും രാത്രിയും മലപ്പുറത്തേക്കൊഴുകിയ ജനലക്ഷങ്ങൾ ആ സ്നേഹത്തണലിന്റെ കരുതലും കാവലും അടുത്തറിഞ്ഞവരായിരുന്നു.
തങ്ങൾ അസുഖമായി കിടന്ന നാൾ മുതൽ തന്നെ ചുമതല വഹിച്ചിരുന്നത് സാദിഖലി തങ്ങളായിരുന്നു. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്, മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്നു. അത് കൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം വ്യാപിച്ച് കിടക്കുന്നു സാദിഖലി തങ്ങളുടെ സൗഹൃദ് വലയം. പേരെടുത്തു വിളിക്കാനറിയുന്നവരുണ്ടെവിടെയും. കേരളത്തിനകത്തും പുറത്തും ഇന്ത്യക്കകത്തും പുറത്തും മലയാളി സമൂഹത്തിൽ ഏറെ വേരോട്ടമുള്ള പൊതുപ്രവർത്തകനാണ് തങ്ങൾ . എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാ ബോർഡ് പ്രവർത്തക സമിതി അംഗം, സമസ്തയുടെ കീഴിലുളള ഒട്ടേറെ സ്ഥാപനങ്ങളുടെ ഭാരവാഹി തുടങ്ങിയ സ്ഥാനങ്ങളിൽ നിലവിൽ പ്രവത്തിക്കുന്നു. മുസ് ലിം മത സംഘടനകളുമായി ഇങ്ങനെ ലയിച്ച് ചേരുന്ന തങ്ങൾ മറ്റ് മത പുരോഹിതന്മാരുമായും ഹൃദ്യമായ വ്യക്തി ബന്ധമാണ് പുലർത്തുന്നത്.
മലപ്പുറത്തെ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പദവി മുതൽ പടിപടിയായി അദ്ദേഹം കയറിപ്പോയി. മണ്ഡലം, ജില്ലാ പ്രസിഡന്റ് പദവികൾ പിന്നിട്ട് സംസ്ഥാന പ്രസിഡന്റ് പദവിയിലെത്തുമ്പോൾ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒരു വലിയ സമൂഹമുണ്ട്. പ്രവർത്തന മേഖല കൂടുതൽ വിപുലമാക്കാൻ മുസ് ലിം സംഘടനകളേയും മറ്റ് മത വിഭാഗങ്ങളെയും സൗഹൃദത്തിന്റെ പാതയിൽ ഒരുമിപ്പിക്കാൻ സാദിഖലി തങ്ങൾക്ക് സാധിക്കും. നാഥൻ തുണക്കട്ടെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."