ശരീരത്തില്‍ 44 മുറിവുകള്‍,മരണാനന്തരം തുടയെല്ല് പൊട്ടി; വേല്‍മുരുകന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
പടിഞ്ഞാറത്തറ:ബപ്പനയില്‍ കഴിഞ്ഞ നവംബറിലുണ്ടായ പൊലിസ് മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വേല്‍മുരുകന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വേല്‍മുരുകന്റെ ശരീരത്തില്‍ 44 മുറിവുകളുണ്ടെന്ന് റിപ്പോര്‍ട്ട്.മരിച്ചതിന് ശേഷമാണ് രണ്ടു തുടയെല്ലുകളും പൊട്ടിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആന്തരികാവയവങ്ങള്‍ക്കേറ്റ മുറിവാണ് മരണകാരണമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സി.പി.റഷീദിന്‍റെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ശരീരത്തിന്റെ മുന്‍ഭാഗത്തും പിന്നിലും വശങ്ങളിലും വെടിയുണ്ട തുളഞ്ഞ് കയറിയ മുറിവുകളുണ്ട്. ഇത് തണ്ടര്‍ബോള്‍ട്ട് നടത്തിയ ക്രൂരവും നിയമവിരുദ്ധവുമായ വളത്തിട്ടാക്രമണമാണെന്ന് വ്യക്തമാക്കുന്നുവെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി സി.പി റഷീദും മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. പി.ജി ഹരിയും ചേര്‍ന്ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
2020 നവംബര്‍ മൂന്നിനായിരുന്നു മാവോയിസ്റ്റുകള്‍ക്കെതിരെ പൊലീസിന്റെ ഏറ്റുമുട്ടല്‍ നടന്നത്. സംഭവത്തിന് തൊട്ടുപിന്നാലെ തന്നെ ഏറ്റുമുട്ടലെന്ന ആരോപണവുമായി ബന്ധുക്കള് രംഗത്തെത്തിയിരുന്നു. ശരീരത്തില്‍ വെടിയുണ്ടയേറ്റ ഒന്നിലധികം മുറിവുകളുണ്ടെന്ന് വേല്‍മുരുകന്റെ സഹോദരന്‍ പറഞ്ഞിരുന്നു. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് കാണിച്ച് പ്രതിപക്ഷ കക്ഷികളടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."