വധ ഗൂഢാലോചനാ കേസ് ; ദിലീപ് ഫോണിലെ തെളിവുകൾ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് ഫോണിൽ കൃത്രിമം നടത്തിയത് മുംബൈയിലെ സ്വകാര്യ ലാബിൽ വച്ച് ഹാര്‍ഡ് ഡിസ്ക് പൊലിസ് പിടിച്ചെടുത്തു
കൊച്ചി
നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ തെളിവുകൾ ദീലീപ് നശിപ്പിച്ചതിൻ്റെ വിവരങ്ങൾ ക്രൈംബ്രാഞ്ച് ഹൈക്കോടതിക്ക് കൈമാറി.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ടിലുള്ളത്.
ഫോണുകള്‍ കൈമാറാന്‍ കോടതി നിര്‍ദേശിച്ച ജനുവരി 29നും 30നും ഫോണിലെ വിവരങ്ങള്‍ വ്യാപകമായി നീക്കംചെയ്തതായി ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഫോണുകളിലെ തെളിവുനശിപ്പിച്ചത് മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ വച്ചാണ്. ദിലീപ് മുംബൈയിലെ സ്വകാര്യ ലാബിലേക്ക് തെളിവുകളുള്ള നാല് ഫോണുകളും അഭിഭാഷകന് വഴിയാണ് അയച്ചത്.
ലാബ് ഉടമകളെ ചോദ്യംചെയ്തതില്‍ നിന്ന് നാല് ഫോണുകളിലെയും വിവരങ്ങള്‍ നശിപ്പിച്ചെന്ന് മൊഴിനല്‍കിയെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
ഫോണുകളിലെ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്കിലേക്ക് മാറ്റിയെന്ന് മൊഴിയുണ്ടെന്നും ഫോണുകളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ദിലീപിന്റെ അഭിഭാഷകന് മുംബൈയിലെത്തി പരിശോധിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിനേ ത്തുടര്‍ന്ന് ലാബിലെ ഹാര്‍ഡ് ഡിസ്ക് പൊലിസ് പിടിച്ചെടുത്തുവെന്നും ഇത് പരിശോധനയ്ക്ക് അയച്ചുവെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."