ഇരുനില വീടിനു തീപിടിച്ചു ; പിഞ്ചുകുഞ്ഞുൾപ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
വർക്കല
ഇരുനിലവീടിനു തീപിടിച്ച് പിഞ്ചുകുഞ്ഞുൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേർ ദാരുണമായി മരിച്ചു. വർക്കല ചെറുന്നിയൂർ പന്തുവിളയിൽ രാഹുൽ നിവാസിൽ ബേബി എന്ന പ്രതാപൻ (62), ഭാര്യ ഷെർലി(53), ഇളയമകൻ അഹിൽ (25), രണ്ടാമത്തെ മകൻ നിഹുലിൻ്റെ ഭാര്യ അഭിരാമി (24), ഇവരുടെ എട്ടുമാസം പ്രായമുള്ള മകൻ റയാൻ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിഹുലിനെ (29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ ഒന്നരയ്ക്കാണ് സംഭവം.തീ കത്തുന്നതിൻ്റെയും പൊട്ടിത്തെറിയുടെയും ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയ അയൽക്കാരനാണ് അപകടവിവരം ആദ്യമറിഞ്ഞത്. വീടിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന നാല് ബൈക്കുകൾക്ക് തീപിടിക്കുന്നതാണ് കണ്ടത്. തുടർന്ന് ബഹളം വച്ച് ആളെക്കൂട്ടുകയും പൊലിസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. അതിനിടെ അയൽവാസി നിഹുലിനെ ഫോണിൽ വിളിച്ചെങ്കിലും ഇയാൾക്ക് പുറത്തേക്ക് വരാനായില്ല. പിന്നീട് അയൽക്കാരും ഫയർഫോഴ്‌സും ചേർന്ന് തീയണക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വീടിനു പിറകുവശത്തെ വാതിലിലൂടെ നിഹുൽ പുറത്തേക്കെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ നിഹുലിൻ്റെ വായിൽ നിന്ന് കറുത്ത പുകയാണ് വന്നതെന്ന് അയൽക്കാർ പറഞ്ഞു. ഏകദേശം നാൽപത് മിനിട്ടിനു ശേഷം ഫയർഫോഴ്‌സും പൊലിസും വീടിൻ്റെ അടുക്കള ഭാഗത്തെവാതിൽ തകർത്ത് അകത്തെത്തിയപ്പോഴേക്കും കുടുംബത്തിലെ അഞ്ചുപേരും മരിച്ചിരുന്നു. പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് കരുതുന്നത്. വീടിൻ്റെ ഉൾഭാഗം പൂർണമായും കത്തി നശിച്ചു. അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം കിടന്നത് മുകൾനിലയിലെ മുറിയിലെ ബാത്ത് റൂമിലായിരുന്നു. ഇളയമകൻ അഹിലിന്റെ മൃതദേഹം മുകളിലത്തെ നിലയിലെ മറ്റൊരു മുറിയിലും പ്രതാപന്റേയും ഷേർലിയുടെയും മൃതദേഹം കിടന്നത് താഴത്തെ ബെഡ്‌റൂമിലും ആയിരുന്നു. മരിച്ചവർക്ക് കാര്യമായി പൊള്ളലേറ്റിരുന്നില്ലെന്നും അപകട കാരണം ഷോർട് സർക്യൂട്ടാണെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."