സുമിയിൽ കുടുങ്ങിയവരെയും സുരക്ഷിതരാക്കി
കെ.എ സലിം
ന്യൂഡൽഹി
സുമിയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും സുരക്ഷിത ഇടനാഴി തുറക്കുകയും ചെയ്തതിന് പിന്നാലെ അവിടെ കുടുങ്ങിക്കിടന്നിരുന്ന 694 ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു. ഇന്നലെ കാലത്ത് അഞ്ച് മുതൽ ഇന്ത്യൻ എംബസി ഏർപ്പെടുത്തിയ 12 ബസുകളിൽ വിദ്യാർഥികളെ മധ്യ ഉക്രൈനിലെ പോൾട്ടാവയിലെത്തിച്ചു. ഇവരെ ഹംഗറിയിലെത്തിച്ച് അവിടെനിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരും. ദിവസങ്ങൾ നീണ്ട ശ്രമത്തിനൊടുവിലാണ് സുമിയിലുള്ളവരെ ഒഴിപ്പിക്കാനായത്. സുമിയിലുള്ള എല്ലാ വിദ്യാർഥികളെയും ഒഴിപ്പിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു.
റെഡ്‌ക്രോസിന്റെ കൂടി സഹായത്തോടെയാണ് ഇന്ത്യൻ എംബസി ഒഴിപ്പിക്കൽ പൂർത്തിയാക്കിയത്. വിദ്യാർഥികൾ സഞ്ചരിക്കുന്ന ബസുകളെ റെഡ്‌ക്രോസ് വാഹനങ്ങൾ അനുഗമിച്ചു. വിഡിയോ പകർത്തരുതെന്ന് വിദ്യാർഥികൾക്ക് നിർദേശം നൽകിയിരുന്നു. സുമിയടക്കമുള്ള നഗരങ്ങളിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുന്നതിന് വെടിനിർത്താനും പോൾട്ടാവ വരെ സുരക്ഷിത ഇടനാഴി തുറക്കാനും റഷ്യയും ഉക്രൈനും കഴിഞ്ഞദിവസം ധാരണയായിരുന്നു.
സുരക്ഷിത ഇടനാഴി തുറന്ന സാഹചര്യത്തിൽ ട്രെയിനിലോ സാധ്യമായ വാഹനങ്ങളിലോ ഇന്ത്യക്കാർ എത്രയുംപെട്ടെന്ന് പടിഞ്ഞാറൻ ഭാഗത്തേക്ക് മാറാൻ ഇന്ത്യൻ എംബസി നിർദേശം പുറപ്പെടുവിച്ചു. ഇതോടൊപ്പമാണ് സുമിയിൽ കുടുങ്ങിയവരെ സുരക്ഷിത മേഖലയിലെത്തിച്ചത്. 694 വിദ്യാർഥികളെ പോൾട്ടാവയിൽ എത്തിച്ചതായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി മാധ്യമങ്ങളെ അറിയിച്ചു. കൂടാതെ മൈക്കോലെവ് തുറമുഖത്ത് കുടുങ്ങിക്കിടന്ന 75 ഇന്ത്യൻ നാവികരിൽ 52 പേരെ ഇന്ത്യൻ എംബസി ഏർപ്പെടുത്തിയ ബസിൽ സുരക്ഷിതമേഖലയിലേക്ക് മാറ്റി. ബാക്കിയുള്ളവരെ ഇന്നലെ തന്നെ ഒഴിപ്പിക്കുമെന്ന് ഉക്രൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടു ലബനീസ് നാവികരെയും മൂന്ന് സിറിയൻ നാവികരെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."