മുറുമുറുപ്പുകള്‍ക്കിടയിലും പാലക്കാട്ട് പ്രചാരണത്തിനിറങ്ങി എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍
പ്രത്യേക ലേഖകന്‍
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പലയിടത്തും പാര്‍ട്ടി അണികളില്‍ നിന്ന് വ്യാപകപ്രതിഷേധങ്ങള്‍ നേരിടുന്നതിനിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ജില്ലയില്‍ പ്രചാരണരംഗത്തിറങ്ങി. അതേസമയം യു.ഡി.എഫും എന്‍.ഡി.എയും സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പോലും പൂര്‍ത്തിയാക്കിയിട്ടില്ല.
മലമ്പുഴ, കോങ്ങാട്, തൃത്താല, ഷൊര്‍ണൂര്‍, പട്ടാമ്പി മണ്ഡലങ്ങളിലാണ് ഇടത് പ്രവര്‍ത്തകര്‍ക്ക് സ്ഥനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രതിഷേധമുള്ളത്. തൃത്താലയിലും, ഷൊര്‍ണൂരിലും, കോങ്ങാടും ഇറക്കുമതി സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്നും മണ്ഡലത്തില്‍ തന്നെയുള്ളവരെ പരിഗണിക്കണമെന്നും സി.പി.എം നേതൃത്വത്തോട് എല്‍.സികള്‍ നേരത്തെ തന്നെ നിലപാട് അറിയിച്ചിരുന്നു. എന്നാല്‍ മൂന്നുമണ്ഡലങ്ങളിലും ഇതര മണ്ഡലങ്ങളില്‍ നിന്നുള്ളവരാണ് സ്ഥാനാര്‍ഥികള്‍.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം പരസ്യപ്രതിഷേധങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ അല്‍പ്പം പുറകോട്ടുപോയിട്ടുണ്ടെങ്കിലും പ്രചാരണ രംഗത്ത് ഇതിന്റെ അലയൊലികള്‍ ഉണ്ടാവുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. തൃത്താലയിലും കോങ്ങാടുമാണ് പ്രതിഷേധം ശക്തമായിട്ടുള്ളത്. അതേസമയം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമാവാത്തതിനാല്‍ യു.ഡി.എഫ്, എന്‍.ഡി.എ പ്രവര്‍ത്തര്‍ക്ക് പ്രചാരണരംഗത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്.
സര്‍ക്കാര്‍ വിരുദ്ധ വികാരവും ബി.ജെ.പിയിലെ തമ്മിലടിയും തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷ യു.ഡി.എഫ് വച്ചുപുലര്‍ത്തുമ്പോള്‍ ഭക്ഷ്യ കിറ്റും, സാമൂഹ്യസുരക്ഷാ പെന്‍ഷനും തങ്ങളെ രക്ഷപ്പെടുത്തുമെന്ന വിശ്വാസത്തിലാണ് എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍. എന്നാല്‍ മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിലൊഴികെ മറ്റൊരിടത്തും ബി.ജെ.പി വിജയപ്രതീക്ഷ വച്ചുപുലര്‍ത്തുന്നില്ല. മറ്റിടങ്ങളിലെല്ലാം വോട്ടിങ് നില മെച്ചപ്പെടുത്തിയാല്‍ മതിയെന്നതാണ് പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്ന നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."