മന്ത്രി ചന്ദ്രശേഖരന്റെ സ്ഥാനാര്‍ഥിത്വം; ഏഴ് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവച്ചു
നീലേശ്വരം: റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെ മൂന്നാമതും സ്ഥാനാര്‍ഥിയാക്കിയതിനെതിരേ മടിക്കൈയില്‍ സി.പി.ഐക്കുള്ളില്‍ പൊട്ടിത്തെറി.
കാസര്‍കോട് ജില്ലയില്‍ സി.പി.ഐ യുടെ ശക്തികേന്ദ്രമായ മടിക്കൈയിലെ രണ്ട് ലോക്കല്‍ കമ്മറ്റികള്‍ക്ക് കീഴിലെ ഏഴ് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവച്ചത് പാര്‍ട്ടി നേതൃത്വത്തിന് വന്‍ തലവേദനയായി.
ഇനിയും കൂടുതല്‍ ബ്രാഞ്ച് സെകട്ടറിമാര്‍ രാജിവയ്ക്കുമെന്നാണ് അണികള്‍ പറയുന്നത്.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്‍പ് തന്നെ ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റികളില്‍ മന്ത്രി ചന്ദ്രശേഖരനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
മന്ത്രി എന്ന നിലയില്‍ ചന്ദ്രശേഖരന് പൂര്‍ണ പരാജയമാണെന്നും മണ്ഡലത്തില്‍ കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്നും പാര്‍ട്ടി അംഗങ്ങള്‍ യോഗത്തില്‍ ആരോപിച്ചിരുന്നു. മൃഗ സംരക്ഷണ വകുപ്പ് മടിക്കൈയില്‍ അനുവദിച്ച പദ്ധതികള്‍ക്ക് പാരവച്ചതും മന്ത്രി ചന്ദ്രശേഖരനാണെന്നും ഇത് അദ്ദേഹത്തിന്റെ ഈഗോ കാരണമാണെന്നും വരെ അണികള്‍ യോഗത്തില്‍ തുറന്നടിച്ചിരുന്നു.
രണ്ടു തവണ മത്സരിച്ച മന്ത്രി സ്വയം മാറി നില്‍ക്കണമെന്നും പകരം സംസ്ഥാന കൗണ്‍സില്‍ അംഗം ബങ്കളം കുഞ്ഞികൃഷ്ണനെ സ്ഥാനാര്‍ഥിയാക്കണമെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം.
സംസ്ഥാന നേതൃത്വം ഇത് തള്ളിയതോടെയാണ് അണികള്‍ രാജി ഉള്‍പ്പെടെ കടുത്ത നടപടികളുമായി രംഗത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."