കോണ്‍ഗ്രസില്‍ ന്യുനപക്ഷ മുസ്ലിം വിഭാഗങ്ങള്‍ക്കായി വിലപേശാന്‍ ആളില്ല: അവഗണിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നു സോഷ്യല്‍ മീഡിയ
കോഴിക്കോട്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ന്യുനപക്ഷ മുസ്ലിം വിഭാഗങ്ങള്‍ക്കായി കോണ്‍ഗ്രസില്‍ വിലപേശാന്‍ ആളില്ലെന്നാക്ഷേപം. എല്ലാ വിഭാഗങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള സൂക്ഷ്മത കൊണ്ടാണ് സ്ഥാനാര്‍ഥി പട്ടിക വൈകാന്‍ കാരണമെങ്കിലും പട്ടികി വരുമ്പോള്‍ മുസ്ലിം പങ്കാളിത്തം അട്ടിമറിക്കപ്പെടുമെന്നുതന്നെയാണ് ഉയരുന്ന ആശങ്ക.
തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, കോട്ടയം, വയനാട്, ജില്ലകളില്‍ പേരിനുപോലും മുസ്ലിം പ്രാതിനിധ്യം ഇല്ലാത്ത സ്ഥിതിയാണ് തെളിയുന്നത്. യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ പോലും പടിക്കുപുറത്താണ്. മലപ്പുറത്ത് യു.ഡി.എഫില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളുണ്ടാകുമല്ലോ എന്ന കാരണം പറഞ്ഞ് ഇവിടെയും മുസ്ലിം സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പരിഗണിക്കാന്‍ സാധ്യത കുറവാണ്.
അതേ സമയം യു.ഡി.എഫിന്റെ വോട്ടു ബാങ്കായ ഒരു സമുദായം സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പുറത്തായാല്‍ തിരിച്ചടികളുണ്ടാകുമെന്ന സൂചനയാണ് പലയിടത്തുനിന്നും കേള്‍ക്കുന്നത്. സോഷ്യല്‍ മീഡിയയിലെല്ലാം ഇത്തരം ചര്‍ച്ചകള്‍ സജീവമാണ്. പേരിന് മാത്രമായി തോല്‍ക്കുന്ന സീറ്റുകളില്‍ മത്സരിപ്പിക്കുന്ന തന്ത്രങ്ങള്‍ പുറത്തെടുക്കരുതെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
സമുദായത്തിന്റെ വോട്ടിനായി നേതാക്കളെ നിരന്തരം കാണുകയും സ്ഥാനാര്‍ഥി പട്ടികയുണ്ടാക്കുമ്പോള്‍ സമുദായത്തോട് അയിത്തം കല്‍പ്പിക്കുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാകരുതെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. സാമൂഹ്യ നീതിയാണ് പ്രധാനം.
നായര്‍ക്കും നസ്രാണിക്കും കൊടുക്കുന്നത് ഈഴവര്‍ക്കും മുസ്ലിമിനും കൊടുക്കണമെന്നും പട്ടികജാതിക്കാരനും ആദിവാസിക്കും അര്‍ഹതപ്പെട്ടത് നല്‍കണമെന്നും കണക്ക് കൂട്ടാന്‍ കൈ വിരല്‍ മാത്രമല്ല, കാല്‍ക്കുലേറ്റര്‍ കൂടി ഉള്ള കാലമാണിതെന്നുമാണ് ചിലര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. ഇത് സാധാരണ പ്രവര്‍ത്തകരുടെ വികാരം കൂടിയാണെന്ന് തിരിച്ചറിഞ്ഞ് കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും ഉത്തരവാദിത്തം നിര്‍വഹിക്കുമെന്നു പ്രതീക്ഷിക്കുകയാണെന്നും അല്ലെങ്കില്‍ അത് വോട്ടെടുപ്പില്‍ പ്രകടമാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."