കോണ്‍ഗ്രസിലും കലാപം : ഇറക്കുമതി സ്ഥാനാര്‍ഥിക്കെതിരേ ഇരിക്കൂരില്‍ മണ്ഡലം ഓഫിസ് താഴിട്ടു പൂട്ടി: ചാലക്കുടിയില്‍ പ്രതിഷേധ പ്രകടനം
കണ്ണൂര്‍: ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ സജീവ് ജോസഫ് സ്ഥാനാര്‍ഥിയാവുമെന്ന സൂചന വന്നതോടെ കോണ്‍ഗ്രസില്‍ കലഹം. കെ.പി.സി.സി ജനറല്‍സെക്രട്ടറി സോണി സെബാസ്റ്റ്യനെ പരിഗണിക്കണമെന്നും കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയെ വേണ്ടെന്നും ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ രംഗത്തെത്തി.
ശ്രീകണ്ഠപുരം, ആലക്കോട്, നടുവില്‍ എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസുകളും മണ്ഡലം കമ്മിറ്റി ഓഫിസുകളും പ്രവര്‍ത്തകര്‍ താഴിട്ടുപൂട്ടിയായിരുന്നു പ്രതിഷേധം. സോണി സെബാസ്റ്റ്യന് സ്ഥാനാര്‍ഥിത്വം നല്‍കണമെന്നാവശ്യപ്പെട്ടാണ് മണ്ഡലത്തിലെ മൂന്നു ബ്ലോക്ക് കമ്മിറ്റി ഓഫിസുകളും ആലക്കോട്, കരുവഞ്ചാല്‍, എരുവേശി, പയ്യാവൂര്‍, നടുവില്‍, തേര്‍ത്തല്ലി, ഇരിക്കൂര്‍ എന്നിവിടങ്ങളിലെ മണ്ഡലം കമ്മറ്റി ഓഫിസുകളും പ്രവര്‍ത്തകര്‍ പൂട്ടിയിട്ടത്.
നാലുപതിറ്റാണ്ടായി ഇരിക്കൂറിനെ പ്രതിനിധീകരിച്ച കെ.സി ജോസഫിനു പകരമായി കെ.സി വേണുഗോപാലിന്റെ അനുയായിയായ കെ.പി.സി.സി ജനറല്‍സെക്രട്ടറി സജീവ് ജോസഫിനെ നിര്‍ത്താനുള്ള നീക്കത്തിനെതിരേയായിരുന്നു പ്രതിഷേധം. പ്രതിഷേധ പോസ്റ്ററുകളും കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു മുന്നില്‍ പ്രവര്‍ത്തകര്‍ പതിച്ചിട്ടുണ്ട്.
അതേ സമയം ചാലക്കുടി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തദ്ദേശീയരാവണമെന്നും നൂലില്‍കെട്ടിയിറക്കിയ ആളുകള്‍ വേണ്ടെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. രാവിലെയും വൈകീട്ടും നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. കഴിഞ്ഞ 40 വര്‍ഷമായി മണ്ഡലത്തില്‍പെട്ട ഒരാളെ പോലും നേതൃത്വം സ്ഥാനാര്‍ഥിയായി പരിഗണിച്ചിട്ടില്ല. ആറ് ജില്ലാ സെക്രട്ടറിമാരും കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുമുള്ള ചാലക്കുടിയില്‍ ഇവരില്‍ നിന്ന് ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു പ്രവര്‍ത്തകരുടെ പ്രധാന ആവശ്യം. ചാലക്കുടി മണ്ഡലത്തിലെ എല്ലാ മണ്ഡലം, ബൂത്ത് പ്രസിഡന്റുമാരും പോഷകസംഘടനകളുടെ നേതാക്കളും ഭാരവാഹികളും പ്രകടനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."