ഉക്രൈൻ: മെഡിക്കൽ വിദ്യാർഥികൾക്ക് തുടർപഠനമൊരുക്കണം
ദിവസങ്ങൾ നീണ്ട ശ്രമത്തിനൊടുവിൽ ഉക്രൈനിൽ കുടുങ്ങിപ്പോയ മുഴുവൻ വിദ്യാർഥികളെയും ഒഴിപ്പിച്ചതായി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പ്രസ്താവിക്കുകയുണ്ടായി. മറ്റു പ്രതിബന്ധങ്ങൾ ഒന്നുമില്ലെങ്കിൽ നാളെയവർ ജന്മനാട്ടിൽ തിരിച്ചെത്തും. ഏറ്റവും ഒടുവിലായി ഒഴിപ്പിക്കേണ്ടിയിരുന്നത് സുമിയിൽ കുടുങ്ങിക്കിടന്നവരെയായിരുന്നു. കഴിഞ്ഞ ദിവസം അതും സാധിച്ചതോടെ മുഴുവൻ ഇന്ത്യൻ വിദ്യാർഥികളും സംഘർഷഭൂമിയിൽ നിന്നും രക്ഷപ്പെട്ടിരിക്കാം. ഇതിനിടയിൽ നവീൻ ശേഖരപ്പയെന്ന കർണാടക സ്വദേശിയായ അവസാനവർഷ മെഡിക്കൽ വിദ്യാർഥി റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെയും പഞ്ചാബ് സ്വദേശിയായ വിദ്യാർഥിക്ക് വെടിയേറ്റു പരുക്കുപറ്റിയതിന്റെയും നൊമ്പരം ബാക്കിനിൽക്കുന്നു.
കൂടുതൽ ജീവാപായം ഉണ്ടാകാതെ വിദ്യാർഥികളെ ഒഴിപ്പിക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ നയതന്ത്രപരമായ ഇടപെടലിലൂടെയാണ്. വടക്കുകിഴക്കൻ ഉക്രൈനിലെ സുമിയിൽ നിന്നാണ് 694 ഇന്ത്യൻ വിദ്യാർഥികളെയും ഒഴിപ്പിച്ചു കൊണ്ടുവരാൻ കഴിഞ്ഞത്. 11 മണിക്കൂർ നേരത്തേക്ക് പ്രഖ്യാപിച്ച വെടിനിർത്തൽ ഇതിന് സഹായകമായി. നേരത്തെ പലതവണ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും അതു ലംഘിക്കപ്പെട്ടതിനാലാണ് ഇന്ത്യൻ വിദ്യാർഥികൾക്ക് സുരക്ഷിത പാതയൊരുക്കാൻ കഴിയാതെപോയത്. ഭൂഗർഭ അറകളിൽ ഇന്ത്യൻ വിദ്യാർഥികൾ ഭക്ഷണവും വെള്ളവും കിട്ടാതെയും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെയും യാതന പൂർണമായ ദിവസങ്ങളായിരുന്നു തള്ളിനീക്കിയിരുന്നത്. കുടുങ്ങിപ്പോയ വിദ്യാർഥികളുടെ രക്ഷിതാക്കളെ മാത്രമല്ല, മുഴുവൻ ഇന്ത്യക്കാരെയും വേദനിപ്പിക്കുന്നതായിരുന്നു അവരുടെ ദയനീയാവസ്ഥ.
വെടിനിർത്തൽ ധാരണ ഇല്ലാതെപോയിരുന്നെങ്കിൽ ഒഴിപ്പിക്കൽ ഇനിയും അനിശ്ചിതമായി നീളുമായിരുന്നു. മുഴുവൻ വിദ്യാർഥികളെയും ഒഴിപ്പിച്ചു എന്ന ഉറപ്പുകൂടി ലഭിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ പൂർണമായും ആശ്വസിക്കാനാകൂ. വാർത്താവിനിമയ ബന്ധമില്ലാത്ത ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വിദ്യാർഥികൾ കുടുങ്ങി കിടപ്പുണ്ടോ എന്നന്വേഷിക്കേണ്ടിയിരിക്കുന്നു. ഉക്രൈനിൽ ഒരൊറ്റ ഇന്ത്യക്കാരനും ഇപ്പോൾ കുടുങ്ങി കിടപ്പില്ലെന്ന ആശ്വാസവചനം വൈകാതെ ഇന്ത്യൻ എംബസിയിൽ നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഇപ്പോഴത്തെ രക്ഷപ്പെടൽ വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും ഭാവിയിലെന്തു സംഭവിക്കുമെന്ന ചിന്ത അവരിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഉക്രൈനിൽ മുടങ്ങിപ്പോയ മെഡിസിൻ പഠനം പുനരാരംഭിക്കാനാകുമോ? ആകുമെങ്കിൽ അതെന്ന്, എപ്പോൾ എന്നീ ചോദ്യങ്ങളാണ് വിദ്യാർഥികളെ അലട്ടുന്നത്. മെഡിസിൻ പഠനത്തിന്റെ വിവിധ ഘട്ടങ്ങളിലെത്തിയവരാണ് എല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് പോരുന്നത്. ഉക്രൈനിലെ മെഡിക്കൽ കോളജുകളിൽ പഠനം നടത്തുന്നവരിൽ ഏറിയപങ്കും സാധാരണക്കാരുടെ കുട്ടികളാണ്. സാധാരണക്കാരുടെ മക്കൾക്ക് ഇന്ത്യയിൽ മെഡിസിൻ പഠനം ദുഷ്കരമായതിനാലാണ് അവർ ഫീസിളവുള്ള വിദേശ രാജ്യങ്ങൾ മെഡിസിൻ പഠനത്തിനായി തിരഞ്ഞെടുക്കുന്നത്. ഇതിനിടയിലാണ് മലയാളി വിദ്യാർഥികൾക്ക് അഖിലേന്ത്യാ ക്വാട്ടയിൽ ലഭിക്കേണ്ട മൂവായിരത്തോളം എം.ബി.ബി.എസ് സീറ്റുകൾ അശാസ്ത്രീയമായ പ്രവേശന നടപടിയിലൂടെ നഷ്ടപ്പെട്ട വാർത്ത പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഇത്തരത്തിൽ 4,851 സീറ്റുകളാണ് മലയാളി വിദ്യാർഥികൾക്ക് നഷ്ടമായത്. ഇതാണ് ഇന്ത്യയിലെ മെഡിസിൻ പഠനത്തിന്റെ അവസ്ഥ. ഉക്രൈനിൽ നിന്നും ഒരു വിദ്യാർഥി എം.ബി.ബി.എസ് പൂർത്തിയാക്കുമ്പോൾ ആകക്കൂടി 25 ലക്ഷം രൂപ മാത്രമേ ചെലവാകുന്നുള്ളൂ.
ഈ അന്തരത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയാവണം അടുത്ത അക്കാദമിക് വർഷം മുതൽ സ്വകാര്യ മെഡിക്കൽ കോളജുകളിലും കൽപിത സർവകലാശാലകളിലും 50 ശതമാനം സീറ്റുകളിൽ അതത് സംസ്ഥാനങ്ങളിലെ സർക്കാർ കോളജുകളിലേതിനു തുല്യമായ ഫീസ് മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ ഉത്തരവിറക്കിയത്. ഇതുവഴി വലിയൊരു വിഭാഗം വിദ്യാർഥികളെ വിദേശ രാജ്യങ്ങളിലേക്ക് മെഡിസിൻ പഠനത്തിന് പോകുന്നതിൽ നിന്നു പിന്തിരിപ്പിക്കാനാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നുണ്ടാകണം. അതുകൊണ്ട് മാത്രം കുട്ടികളുടെ വിദേശങ്ങളിലേക്കുള്ള ഒഴുക്ക് തടയാനാകുമോ? സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് ശക്തമായ നിയന്ത്രണം കൊണ്ടുവരുന്ന നിയമം പാർലമെന്റ് പാസാക്കേണ്ടിയിരിക്കുന്നു.
ഉക്രൈനിൽ നിന്നും നാളെ നാട്ടിലെത്തുന്നവർ ഉൾപ്പെടെയുള്ള മുഴുവൻ ഇന്ത്യൻ വിദ്യാർഥികളുടെയും മെഡിസിൻ പഠനം തടസപ്പെടാതിരിക്കാൻ കൂടി കേന്ദ്ര സർക്കാർ നടപടിയെടുത്താൽ അത് വിദ്യാർഥികൾക്ക് ചെയ്തു കൊടുക്കുന്ന വലിയ ഉപകാരമായിരിക്കും. പല വിദ്യാർഥികളും ഇതിനകം മുഴുവൻ ഫീസും അടച്ചിട്ടുണ്ടാകണം. അധിനിവേശം അവസാനിക്കുന്നതെന്നാണെന്നറിയില്ല. അവസാനിക്കുന്ന മുറയ്ക്ക് അവരുടെ ഫീസ് നഷ്ടപ്പെടാതെ തുടർ പഠനം നടത്താനുള്ള സൗകര്യമൊരുക്കണം. പഠനം അവസാന ഘട്ടത്തിലെത്തിയവർക്കുള്ള ഹൗസ് സർജൻസി പോലുള്ള ഇന്റേൺഷിപ്പിന് രാജ്യത്തെ എല്ലാ മെഡിക്കൽ കോളജുകളിലും സൗകര്യം ചെയ്തുകൊടുക്കാൻ കേന്ദ്ര സർക്കാരും അതത് സംസ്ഥാന സർക്കാരുകളും ഇടപെടണം. മാനസികമായി തകർന്ന വിദ്യാർഥികൾക്ക് കൗൺസലിങ് നൽകാനും സർക്കാർ ഭാഗത്ത് നിന്നും ശ്രമം ഉണ്ടാകണം.
ഇന്ത്യക്ക് പുറത്തേക്ക് മെഡിസിൻ പഠനത്തിനായി ഓരോ വർഷവും ലക്ഷക്കണക്കിന് വിദ്യാർഥികളാണ് പോയ്ക്കൊണ്ടിരിക്കുന്നത്. ഇവരിൽ ഭൂരിപക്ഷവും അവിടെ തന്നെ ജോലി നേടി സ്ഥിരതാമസമാക്കുകയാണ്. ഇതിലൂടെ ഇന്ത്യക്ക് വലിയ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാർഥികളുടെ ഫീസിനത്തിൽ അനേക കോടികൾ ഇന്ത്യക്ക് നഷ്ടപ്പെടുന്നു. ഇന്ത്യൻ വിദ്യാർഥികൾ ഡോക്ടർമാരായി വിദേശ രാജ്യങ്ങളിൽ തുടരുന്നതിനാൽ വൻതോതിൽ മനുഷ്യ വിഭവശേഷിയും നമുക്ക് നഷ്ടമാകുന്നു. ഈ രണ്ട് ചോർച്ചകളും തടയാൻ വിദേശത്തേതിനു തുല്യത പുലർത്തുന്ന മെഡിസിൻ പഠനം ഇന്ത്യയിലും സാധ്യമാക്കുക എന്നതാണ് പോംവഴി. പഠനം പൂർത്തിയാക്കുന്നവർക്ക് ഇവിടെ തന്നെ മെച്ചപ്പെട്ട തൊഴിലവസരവും ഉണ്ടാകണം. റഷ്യയുടെ ഉക്രൈൻ അധിനിവേശം ഇന്ത്യക്ക് നൽകുന്ന ഗുണപാഠം ഇതൊക്കെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."