എല്‍.ഡി.എഫിലും യു.ഡി.എഫിലും മുണ്ടുടുത്ത മോദിമാരോ?
സഖാവ് പിണറായി വിജയന്‍ സി.പി.എമ്മില്‍ ഇന്നു ചോദ്യം ചെയ്യപ്പെടാത്ത ശക്തിയാണ്. അദ്ദേഹത്തിന്റെ തിരുവാക്കിനു മറുവാക്കില്ല. ചാനല്‍ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന രണ്ടാംനിര നേതാക്കള്‍ മാത്രമല്ല, പിണറായിക്കു സമശീര്‍ഷരായി നില്‍ക്കേണ്ട ഒന്നാംകിടക്കാര്‍ പോലും പിണറായി സ്തുതികീര്‍ത്തനത്തില്‍ പരസ്പരം മത്സരിക്കുകയാണ്. എല്‍.ഡി.എഫ് ഘടകകക്ഷികളുടെ കാര്യം പറയുകയും വേണ്ട. ഇങ്ങനെയൊരവസ്ഥ ഒരു ഇടതുപാര്‍ട്ടിക്ക് എത്രത്തോളം ഭൂഷണമാണെന്നു ചോദിച്ചാല്‍ സ്റ്റാലിന്റെയും ക്രൂഷ്‌ചേവിന്റെയുമൊക്കെ കാര്യം തിരിച്ചുചോദിക്കപ്പെടാം. പക്ഷേ, ഇന്ത്യയെപ്പോലൊരു ലിബറല്‍ ജനാധിപത്യവ്യവസ്ഥയില്‍, കൂട്ടുമുന്നണി സംവിധാനത്തില്‍, നമുക്കെങ്ങനെയാണു ചോദ്യം ചെയ്യപ്പെട്ടു കൂടാത്ത നവസ്റ്റാലിനെ ഉള്‍ക്കൊള്ളാനാവുക? ജനാധിപത്യവിശ്വാസികളെ അസ്വസ്ഥമാക്കേണ്ട ചോദ്യമാണത്. ഈ അസ്വസ്ഥതയുടെ ബഹിര്‍സ്ഫുരണമാണു നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ഥികളെ പാര്‍ട്ടി പ്രഖ്യാപിച്ചപ്പോഴുണ്ടായ എതിര്‍ശബ്ദങ്ങള്‍. പൊന്നാനിയിലും കുറ്റ്യാടിയിലും പ്രകടനങ്ങള്‍ നടന്നു. വേറെചിലയിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പിണറായി വിജയന്‍ എന്ന ഒരേയൊരു നേതാവിന്റെ അപ്രമാദിത്വത്തിനെതിരേ പാര്‍ട്ടിയില്‍ മുള പൊട്ടുന്ന എതിര്‍പ്പുകളാണ് അവ. ഉള്‍പ്പാര്‍ട്ടി ജനാധിപത്യമെന്ന കമ്യൂണിസ്റ്റ് ടെര്‍മിനോളജിയെ മറികടന്നു ശരിയായ ജനാധിപത്യബോധത്തിലേയ്ക്കു പാര്‍ട്ടിയണികള്‍ നീങ്ങുന്നുവെന്നാണ് ഇതിനെ വ്യാഖ്യാനിക്കേണ്ടത്. പാര്‍ട്ടിയെന്നാല്‍ നേതാവല്ലെന്ന് അണികള്‍ കാണിച്ചുകൊടുക്കുകയാണോ? ഇതു പിണറായി വിജയനും സംഘവും കൈപ്പിടിയിലൊതുക്കിയ രാഷ്ട്രീയസംവിധാനത്തില്‍ സുസാധ്യമാണോ, അതോ അസാധ്യം തന്നെയോ?
സംഘടനാനേതൃത്വത്തിന്റെ തീരുമാനങ്ങളെ അപ്പാടെ അനുസരിക്കുകയെന്നതാണു കമ്യൂണിസ്റ്റ് രീതി. ജ്യോതിബസുവിനെപ്പോലുള്ള സമുന്നതനേതാക്കള്‍ പോലും 'ചരിത്രപരമായ വിഡ്ഢിത്തങ്ങള്‍ക്കു' മുന്നില്‍ തലകുനിച്ചു കൊടുത്തതാണു ചരിത്രം. മറിച്ചും സംഭവിച്ചിട്ടുണ്ട്. 2006 ല്‍ വി.എസ് അച്യുതാനന്ദനെ മത്സരിപ്പിക്കേണ്ടതില്ലെന്ന സംസ്ഥാനപ്പാര്‍ട്ടിയുടെ തീരുമാനത്തിനെതിരേ സഖാക്കള്‍ തെരുവിലിറങ്ങിയപ്പോള്‍ നേതൃത്വത്തിനു വഴങ്ങേണ്ടി വന്നു. പക്ഷേ, അച്യുതാനന്ദന്‍ ഇന്നൊരു സ്‌പെന്റ് ഫോഴ്‌സ് ആണ്. എന്നു മാത്രമല്ല, പരാതി കേള്‍ക്കുകയും തീരുമാനമെടുക്കുകയും ചെയ്യേണ്ട കേന്ദ്രകമ്മിറ്റിയുടെയും പോളിറ്റ്ബ്യൂറോയുടെയും പല്ലിനു പണ്ടേപ്പോലെ ശൗര്യമില്ല. പാര്‍ട്ടിയില്‍ പിണറായിയേക്കാള്‍ ജനസമ്മതനാണു പി. ജയരാജന്‍. എന്നാല്‍, അദ്ദേഹത്തെ പിന്തുണക്കുന്ന പി.ജെ ആര്‍മി പോലും പിണറായിയെ ക്യാപ്റ്റനാക്കി ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം അപ്‌ഡേറ്റ് ചെയ്യുകയാണ്.
അച്യുതാനന്ദനു വേണ്ടി സഖാക്കള്‍ തെരുവിലിറങ്ങിയപ്പോള്‍ പകച്ചുപോയ പിണറായിയല്ല ഇപ്പോള്‍ സര്‍വാധിപതിയായി നില്‍ക്കുന്ന പിണറായി. അന്നത്തെ വിപ്ലവവീര്യമുള്ള പാര്‍ട്ടിയല്ല ഇപ്പോഴത്തെ പാര്‍ട്ടി. അതുകൊണ്ട് എന്തുസംഭവിക്കുന്നുവെന്നോ! നേതൃത്വത്തിന്റെ നിലപാടുകളെ ന്യായീകരിച്ച് അച്ചടക്കമുള്ള സഖാക്കളായി പൊന്നാനിയിലെ ടി.എം സിദ്ദീഖും കുറ്റ്യാടിയിലെ കഞ്ഞമ്മദ്കുട്ടി മാസ്റ്ററും രംഗത്തുവരുന്നു. 'കഴിഞ്ഞ തവണ ഇതിലും വലിയ പ്രകടനമല്ലായിരുന്നല്ലോ നിലമ്പൂരില്‍ എന്നിട്ടെന്തു സംഭവിച്ചു'വെന്നു പറഞ്ഞു പാര്‍ട്ടി സെക്രട്ടറി കാര്യങ്ങള്‍ നിസ്സാരമാക്കിത്തള്ളുന്നു. ശരിയാണ്, തല്‍ക്കാലത്തേയ്ക്കു പാര്‍ട്ടി ജയിക്കുമായിരിക്കാം. പക്ഷേ, ഈ ജയം ഒടുവില്‍ എത്തിച്ചേരുക ആദര്‍ശങ്ങളുടെ തോല്‍വിയിലായിരിക്കുകയില്ലേ?
കോണ്‍ഗ്രസും തഥൈവ
സി.പി.എം ഏറെക്കുറെ പിണറായി വിജയന്റെ തിരുവുള്ളത്തിന് അനുസരിച്ചാണു നീങ്ങുന്നതെങ്കില്‍ കോണ്‍ഗ്രസിന്റെ അവസ്ഥയെന്താണ്? കോണ്‍ഗ്രസില്‍ ഏകാധിപത്യവാഴ്ച എന്നൊക്കെപ്പറയുന്നതു ബുദ്ധിശുന്യതയാവും. ഒരു കടിപോലും കടിക്കാനാവാതെ മുക്തകണ്ഠം കുരച്ചുകൊണ്ടിരിക്കുന്നവരാണു കോണ്‍ഗ്രസുകാര്‍. ആര്‍ക്കും എന്തും പറയാം, എന്തും ചെയ്യാം. അത്രയ്ക്കും തുറന്ന ജനാധിപത്യം. കോണ്‍ഗ്രസ് കേരളീയ സാഹചര്യത്തില്‍ തികഞ്ഞ ജനാധിപത്യ പാര്‍ട്ടിയാണെന്നു പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും സൂക്ഷ്മവിശകലനത്തില്‍ രണ്ടു നേതാക്കളുടെ തന്നിഷ്ടങ്ങളാണ് ആ പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്നു വ്യക്തമായും കാണാം. സി. പി.എമ്മിനു പിണറായി മാത്രമേ അച്ചുതണ്ടായി ഉള്ളൂവെങ്കില്‍, കോണ്‍ഗ്രസില്‍ അച്ചുതണ്ട് രണ്ടാണ്, ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. അവര്‍ തങ്ങളുടെ ഇഷ്ടങ്ങള്‍ ദുര്‍ബലമായ ഹൈക്കമ്മാന്റിനു മേല്‍ അടിച്ചേല്‍പ്പിക്കുന്നു, സ്ഥാനമാനങ്ങള്‍ ഗ്രൂപ്പ് അനുയായികള്‍ക്കു പകുത്തു കൊടുക്കുന്നു.
പുറമേയ്ക്കു പറയുന്ന ജനാധിപത്യം ആ പാര്‍ട്ടിയിലില്ല. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ഏകാധിപത്യവാസനയില്‍ അധിഷ്ഠിതമാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ള സകല ദൗര്‍ബല്യങ്ങളും. 2016 ലെ തെരഞ്ഞെടുപ്പു കാലത്തു നടന്ന സംഭവങ്ങള്‍ ഓര്‍ക്കുക. അന്നു വി.എം സുധീരനാണു കെ.പി.സി.സി പ്രസിഡന്റ്. ഇരുഗ്രൂപ്പുകളും ചേര്‍ന്നു സുധീരനെ ഞെരിച്ചുകളഞ്ഞു. അന്നു സ്വന്തം ഗ്രൂപ്പുകാര്‍ക്കുവേണ്ടി ഉമ്മന്‍ചാണ്ടി കൈക്കൊണ്ട നടപടികളാണു ഭരണം നഷ്ടപ്പെടുത്തലിന് ആക്കം കൂട്ടിയത്. ഇപ്പോഴും കാര്യങ്ങള്‍ മറിച്ചല്ല. സുധീരന്റെ സ്ഥാനത്തു മുല്ലപ്പള്ളിയാണെന്നേയുള്ളൂ. ഗ്രൂപ്പുകാര്‍ പാരവച്ചു തോല്‍പ്പിക്കുമെന്ന പേടി മൂലമാണത്രേ മുല്ലപ്പള്ളി മത്സരിക്കാത്തത്. എ ഗ്രൂപ്പും ഐ ഗ്രൂപ്പും തങ്ങളുടെ എല്ലാമെല്ലാമായ നേതാക്കന്മാരുടെ ഏകച്ഛത്രാധിപത്യത്തിനു കീഴില്‍ പാര്‍ട്ടിയെ ഉപ്പുവച്ച കലമാക്കുന്നതിലെ അസംബന്ധ യുക്തി ഓര്‍ത്തുനോക്കുക.
സി.പി.എമ്മിലെയും കോണ്‍ഗ്രസിലെയും ജനാധിപത്യം മായക്കാഴ്ചയാണ്. വാസ്തവത്തില്‍ ഏകാധിപത്യപ്രവണതയും സ്വജനപക്ഷപാതവുമാണു പാര്‍ട്ടിയെ നശിപ്പിക്കുന്നത്. സി.പി.എം കേഡര്‍ സ്വഭാവവും സംഘടനാപരമായ സുഭദ്രതയും കാട്ടി വിരട്ടി കാര്യങ്ങള്‍ നടത്തിയെടുക്കും. കോണ്‍ഗ്രസ് അതിനു കഴിയാതെ തളര്‍ന്നുപോവും. ഗ്രൂപ്പ് കളിയില്‍ മടുത്ത നേതാക്കള്‍ക്കു പാര്‍ട്ടി വിട്ടുപോവുകയേ വഴിയുള്ളൂ. പിണറായി വിജയന്‍ ആന്‍ഡ് കമ്പനിയുടെ തന്നിഷ്ടങ്ങള്‍ മറികടക്കാന്‍ സി.പി.എമ്മിന്റെ കേന്ദ്രനേതൃത്വത്തിനു കഴിയാത്തപോലെ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും നിലയ്ക്കുനിര്‍ത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിനും കഴിയണമെന്നില്ല. അതുകൊണ്ടാണു സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ ഗ്രൂപ്പല്ല ജയസാധ്യതയായിരിക്കും മാനദണ്ഡം, യുവാക്കള്‍ക്കും വനിതകള്‍ക്കും പരിഗണന എന്നൊക്കെയുള്ള ധീരമായ വാക്കുകള്‍ വെള്ളത്തില്‍ വരച്ച വരകളാവുന്നത്. തന്നിഷ്ടങ്ങളുണ്ടാക്കുന്ന അപകടങ്ങള്‍ നേതാക്കള്‍ തിരിച്ചറിയുന്നില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്ന് ഏറെ ആയുസുണ്ടാവുകയില്ല. എപ്പോഴാണ് ജനാധിപത്യത്തിന്റെ അന്തഃസത്ത കേരളത്തിലെ രണ്ടു മുന്നണികളും ശരിയായ രീതിയില്‍ മനസിലാക്കുക? ബി.ജെ.പിയുടെ നവഫാസിസം കൊടികുത്തിക്കഴിഞ്ഞ ശേഷമോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."