മാവോയിസ്റ്റ് - പൊലിസ് ഏറ്റുമുട്ടലുകള്‍: സമഗ്രാന്വേഷണം വേണം
കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ മാവോയിസ്റ്റുകളില്‍നിന്നു കേരളീയ പൊതുസമൂഹത്തിനു സായുധാക്രമണങ്ങളൊന്നും നേരിടേണ്ടിവന്നിട്ടില്ല. വിപ്ലവം തോക്കിന്‍കുഴലിലൂടെയെന്ന് ഉദ്‌ബോധിപ്പിച്ച മാവോ സേതൂങ്ങിന്റെ കേരളത്തിലെ അനുയായികളെന്നു പറയപ്പെടുന്നവരില്‍നിന്നു സംസ്ഥാനത്തെ ധനികര്‍ക്കോ സാധാരണക്കാര്‍ക്കോ അടുത്ത കാലത്തായി ആക്രമണങ്ങളുണ്ടായതായും അറിവില്ല. വനപ്രദേശങ്ങളിലെ ആദിവാസി കുടിലുകളില്‍ ചെന്നു ലഘുലേഖകള്‍ വിതരണം ചെയ്യുകയും അവരോട് അരിയും മുളകും വാങ്ങി കഞ്ഞിവച്ചു കുടിച്ചുപോരുകയും ചെയ്യുക എന്നതായിരുന്നു കഴിഞ്ഞ കുറേക്കാലമായി മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനശൈലി. ആദിവാസികളെ സംഘടിപ്പിച്ച് നിലവിലുള്ള സര്‍ക്കാരിനെതിരേ സായുധവിപ്ലവം സംഘടിപ്പിക്കുകയെന്നത് അവരുടെ പ്രവര്‍ത്തനലക്ഷ്യമാണെങ്കില്‍ അതു കണ്ടുപിടിക്കുന്നതില്‍ സംസ്ഥാനത്തെ പൊലിസ് സംവിധാനവും രഹസ്യാന്വേഷണ വിഭാഗവും അമ്പേ പരാജയപ്പെട്ടു എന്നല്ലേ മനസിലാക്കേണ്ടത്? ഈ പരാജയത്തെ മറച്ചുപിടിക്കാന്‍ വേണ്ടിയാണോ മാവോയിസ്റ്റ് വേട്ട എന്ന പേരില്‍ പൊലിസ് ഇടയ്ക്കിടെ നടത്തുന്ന വ്യാജ ഏറ്റുമുട്ടലുകള്‍? അതോ, മോദി സര്‍ക്കാര്‍ മാവോയിസ്റ്റ് വേട്ടയ്ക്കു വേണ്ടി നീക്കിവച്ച വന്‍ തുക തട്ടിയെടുക്കാനോ? എന്തായാലും, ഈ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലെ അവസാനത്തെ ഇരയായിരിക്കില്ല തമിഴ്‌നാട് സ്വദേശിയായ വേല്‍മുരുകന്‍.
വയനാട് പടിഞ്ഞാറെത്തറ ബപ്പനംമലയിലാണ് മാവോയിസ്റ്റ് വേല്‍മുരുകന്‍ പൊലിസിന്റെ വെടിയുണ്ടകളേറ്റ് 2020 നവംബര്‍ മൂന്നിനു കൊല്ലപ്പെട്ടത്. തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലിലാണ് വേല്‍മുരുകന്‍ കൊല്ലപ്പെട്ടതെന്നായിരുന്നു പൊലിസ് ഭാഷ്യം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. വേല്‍മുരുകന്റെ രണ്ടു തുടയെല്ലുകളും തകര്‍ന്നതു മരണപ്പെട്ടതിനു ശേഷമാണ്. ശരീരത്തിന്റെ ചുറ്റുഭാഗങ്ങളിലും വെടിയേറ്റ 44 പരുക്കുകളുണ്ട്. വയറ്റിലാണെങ്കില്‍ ദഹിക്കാത്ത ഭക്ഷണാവശിഷ്ടങ്ങളും. ഇതില്‍നിന്നെല്ലാം മനസിലാകുന്നത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വേല്‍മുരുകനെ പൊലിസ് വളഞ്ഞിട്ട് വെടിവച്ചുകൊല്ലുകയായിരുന്നു എന്നല്ലേ? കൊന്നതിനുശേഷം തോക്കിന്‍ പാത്തി കൊണ്ടോ മറ്റേതെങ്കിലും മരത്തടി കൊണ്ടോ രണ്ടു കാലിന്റെയും തുടയെല്ലുകള്‍ അടിച്ചു തകര്‍ത്തിട്ടുമുണ്ടാകണം. ഏറ്റുമുട്ടലിന്റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ച എന്‍ക്വയറി റിപ്പോര്‍ട്ടും നിയമപരമല്ല. ജുഡിഷ്യല്‍ മജിസ്‌ട്രേറ്റല്ല എന്‍ക്വയറി നടത്തേണ്ടത്. ഇതു സുപ്രിംകോടതി വിധിക്ക് എതിരാണ്. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റാണ് എന്‍ക്വയറി നടത്തേണ്ടത്. ഈ നടപടിക്രമങ്ങളൊന്നും പാലിക്കാത്തതില്‍നിന്നുതന്നെ വേല്‍മുരുകന്റെ മരണം ഏറ്റുമുട്ടലില്ല സംഭവിച്ചതെന്നു വ്യക്തമാണ്.
വേല്‍മുരുകന്റെ മരണം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടതുമുന്നണി സര്‍ക്കാര്‍ 2020 നവംബറില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടാകണം. എന്നാല്‍, അതിന്മേല്‍ എന്തു തുടര്‍നടപടിയാണ് സര്‍ക്കാര്‍ എടുത്തത്?
വ്യാജ ഏറ്റുമുട്ടലിലൂടെയാണ് വേല്‍മുരുകനെ തണ്ടര്‍ബോള്‍ട്ട് കൊന്നതെന്ന് ആരോപിച്ച് വേല്‍മുരുകന്റെ കുടുംബം മധുര ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. കൊലപാതകം സംബന്ധിച്ച് ജുഡിഷ്യല്‍ അന്വേഷണം വേണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. 2019ല്‍ മാവോയിസ്റ്റ് സി.പി ജലീലിനെ വെടിവച്ചു കൊന്നതും വേല്‍മുരുകനെ കൊന്നതുപോലെയായിരുന്നു. വയനാട് വൈത്തിരിയിലെ ഒരു റിസോര്‍ട്ടില്‍നിന്നു ഭക്ഷണം വാങ്ങി മടങ്ങിപ്പോകുകയായിരുന്ന ജലീലിനെ തണ്ടര്‍ബോള്‍ട്ട് പിന്നില്‍നിന്നു വെടിവച്ചു വീഴ്ത്തുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ സി.പി ജലീല്‍ പൊലിസിനെ വെടിവച്ചിരുന്നില്ലെന്നും തെളിഞ്ഞു. അട്ടപ്പാടിയില്‍ മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ വാളയാര്‍ കേസില്‍ പൊലിസിനെതിരേ ഉയര്‍ന്ന ജനരോഷം മറച്ചുപിടിക്കാന്‍ വേണ്ടിയായിരുന്നു എന്നാരോപിച്ചത് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠനായിരുന്നു. സി.പി.ഐ അന്വേഷണ സംഘവും സമാനമായ റിപ്പോര്‍ട്ടാണ് പാര്‍ട്ടി നേതൃത്വത്തിനു നല്‍കിയത്. എന്നിട്ടെന്തെങ്കിലും നടപടിയുണ്ടായതുമില്ല.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനു ശേഷം പത്തിലധികം മാവോയിസ്റ്റ് വ്യാജ ഏറ്റുമുട്ടലുകളാണ് സംസ്ഥാനത്തു നടന്നത്. ഇതിനെക്കുറിച്ചൊന്നും ഇതുവരെ വിശദമായ അന്വേഷണം നടക്കുകയോ കുറ്റവാളികള്‍ക്കെതിരേ നടപടിയെടുക്കുകയോ ഉണ്ടായില്ല. പൊലിസ് പറയുന്നത് ഭരണകൂടം കേള്‍ക്കുകയല്ല, ഭരണകൂടം പറയുന്നതു പൊലിസ് അനുസരിക്കുകയാണ് വേണ്ടത്. തോക്കുകൊണ്ടും ലാത്തികൊണ്ടുമല്ല ജനാധിപത്യ ഭരണക്രമം നിലനില്‍ക്കുന്ന രാജ്യത്ത് എതിരഭിപ്രായക്കാരെ നേരിടേണ്ടത്. അതു നരേന്ദ്രമോദി സര്‍ക്കാര്‍ പിന്തുടരുന്ന ശൈലിയാണ്. മുസ്‌ലിം, ന്യൂനപക്ഷ, ദലിത്, പിന്നോക്ക വിഭാഗങ്ങളെയും കമ്യൂണിസ്റ്റുകളെയും ഉന്മൂലനം ചെയ്യുകയെന്നതാണ് സവര്‍ണ ഫാസിസ്റ്റ് രീതി. അതാണിപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാനത്തു നടത്തുന്നതെന്നു തോന്നിപ്പോകുന്നു.
മാവോയിസ്റ്റുകളെ വളഞ്ഞിട്ട് വെടിവച്ചു കൊല്ലുകയും, എന്നിട്ടവരുടെ മൃതശരീരത്തിനരികില്‍ നേരത്തെ കൊണ്ടുവന്ന എ.കെ 47 പോലുള്ള ആയുധങ്ങള്‍ വയ്ക്കുകയും ചെയ്യുന്ന രീതി തണ്ടര്‍ബോള്‍ട്ട് അവസാനിപ്പിക്കണം. പട്ടിണിക്കാരായ മാവോയിസ്റ്റുകള്‍ക്ക് എവിടെനിന്നാണ് വിലപിടിപ്പുള്ള ആയുധങ്ങള്‍ ലഭിക്കുന്നതെന്ന് എന്തുകൊണ്ട് ഇതുവരെ കേരളാ പൊലിസിനു കണ്ടെത്താനായില്ല? സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നു വഴിതെറ്റിപ്പോകുന്നവരെ എത്ര കാലമെന്നു കരുതിയാണ് സര്‍ക്കാര്‍ കൊന്നൊടുക്കുക? മാവോയിസ്റ്റുകളെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്ന സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്റെ വാക്കുകള്‍ സര്‍ക്കാര്‍ ഇതുവരെ കേട്ടതായി ഭാവിച്ചിട്ടില്ല.
മാവോയിസ്റ്റ് വേട്ടയ്ക്കു കേന്ദ്രസര്‍ക്കാര്‍ 580 കോടി അനുവദിച്ച് ഉത്തരവിറങ്ങിയതിന്റെ പിന്നാലെയാണ് സി.പി ജലീലടക്കമുള്ള ഏഴു മാവോയിസ്റ്റുകള്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പൊലിസിന്റെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കേന്ദ്ര ഫണ്ട് തട്ടിയെടുക്കാനാണ് വ്യാജ മാവോയിസ്റ്റ് വേട്ടകള്‍ നടത്തുന്നതെന്ന ആരോപണം സമൂഹമധ്യത്തില്‍ സജീവമാണ്. അതല്ല സത്യാവസ്ഥയെങ്കില്‍, സംസ്ഥാന സര്‍ക്കാരിന് ഈ വിഷയത്തില്‍ ഒളിച്ചുവയ്ക്കാനൊന്നും ഇല്ലെങ്കില്‍, എന്തുകൊണ്ട് ഇതുവരെ നടന്ന മാവോയിസ്റ്റ് - പൊലിസ് ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച് സമഗ്രമായ ഒരു ജുഡിഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുന്നില്ല?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."