അതിക്രൂരത വീണ്ടും ; ഒന്നരവയസുകാരിയെ കൊന്നത് ബക്കറ്റിലെ വെള്ളത്തിൽ മുക്കി
മുത്തശ്ശിയുടെ സുഹൃത്ത് അറസ്റ്റിൽ
സ്വന്തം ലേഖിക
കൊച്ചി
ഒന്നരവയസുകാരിയെ മുത്തശ്ശിയുടെ കാമുകൻ ഹോട്ടൽ മുറിയിൽവച്ച് ബക്കറ്റിലെ വെള്ളത്തിൽമുക്കി കൊലപ്പെടുത്തി. അങ്കമാലി കോടിശ്ശേരി സ്വദേശി സജീവിന്റെയും ഡിക്‌സിയുടെയും മകൾ നോറ മരിയയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
സംഭവത്തിൽ സജീവിന്റെ മാതാവ് സിപ്‌സിയുടെ സുഹൃത്ത് പള്ളുരുത്തി കല്ലേക്കാട്ടു വീട്ടിൽ ബിനോയ് ഡിക്രൂസ് (28)നെ പൊലിസ് അറസ്റ്റുചെയ്തു.
സജീവിന്റെ മാതാവ് സിപ്‌സിയുമായുള്ള ബന്ധത്തിൽനിന്ന് പ്രതി ഒഴിഞ്ഞുമാറാൻ ശ്രമിച്ചതിനെ തുടർന്ന് പ്രതിക്കെതിരേ സിപ്‌സി കള്ളക്കേസ് നൽകിയതിലും മരിച്ചുപോയ കുട്ടി തന്റെ കുട്ടിയാണെന്ന് പ്രചരിപ്പിച്ചതുമാണ് കൊലപാതകത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് സിപ്‌സി നാലും ഒന്നരയും വയസുള്ള കുട്ടികൾക്കും പ്രതിക്കും ഒപ്പം കലൂരിലെ ഹോട്ടലിൽ മുറിയെടുത്തത്. തുടർന്നുള്ള ദിവസങ്ങളിൽ സിപ്‌സി അതിരാവിലെ തന്നെ ഹോട്ടലിൽ നിന്നു പുറത്തുപോയിരുന്നു. രാത്രി ഇവർ മടങ്ങിവരുന്നവരെ കുട്ടികളെ നോക്കിയിരുന്നത് പ്രതിയായിരുന്നുവെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു.
തിങ്കളാഴ്ച രാത്രി സിപ്‌സി ഹോട്ടലിൽനിന്ന് പുറത്തു പോയസമയത്താണ് പ്രതി കുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ തലകീഴായിനിർത്തിയത്. തുടർന്ന് ഇയാൾ സിപ്‌സിയെ വിവരം അറിയിക്കുകയായിരുന്നു. പുലർച്ചെ ഒരു മണിയോടെ സിപ്‌സി ഹോട്ടൽ മുറിയിൽ എത്തുന്നതും പിന്നാലെ രണ്ട് കുഞ്ഞുങ്ങളുമായി ഹോട്ടൽ വിടുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.
കുട്ടി ഛർദ്ദിച്ച് അവശനിലയിലായെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും ഹോട്ടൽ ജീവനക്കാരോട് അവർ പറഞ്ഞിരുന്നു. ആശുപത്രിയിലെത്തുംമുമ്പേ കുട്ടി മരിച്ചിരുന്നു. സംശയംതോന്നിയ ഡോക്ടർമാർ പൊലിസിനെ അറിയിക്കുകയും പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
ഇതോടെ പൊലിസ് യുവാവിനെ കൊച്ചി നോർത്ത് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്തു. കുറ്റംസമ്മതിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലിസ് വ്യക്തമാക്കി. കുട്ടികളുമായി മുത്തശ്ശി പലതവണ ഹോട്ടലിൽ മുറിയെടുത്തിട്ടുണ്ടെന്നും അവരുടെ പല ഇടപാടുകൾക്കും കുട്ടികളെ മറയാക്കുകയായിരുന്നുവെന്നും കുട്ടിയുടെ അമ്മ ഡിക്‌സി പറയുന്നു.വിദേശത്തായിരുന്ന ഇവർ ഇന്നലെ വൈകുന്നേരത്തോടെ തിരിച്ചെത്തി.
കുട്ടികളുടെ പിതാവിന് കഞ്ചാവ് കച്ചവടം ഉണ്ടായിരുന്നെന്നും അവർ ആരോപിച്ചു. തന്റെ മാതാവിനൊപ്പം നിർത്തിയിരുന്ന കുട്ടികളുടെ സംരക്ഷണം വിവിധ കാരണങ്ങൾ പറഞ്ഞ് സിപ്‌സി ഏറ്റെടുക്കുകയായിരുന്നുവെന്നും ഡിക്‌സി പറഞ്ഞു. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ചുള്ള പരാതി ശിശുക്ഷേമ സമിതിയുടെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."