കോണ്‍ഗ്രസില്‍ 81 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥിപ്പട്ടികയായി: പ്രഖ്യാപനം മറ്റന്നാള്‍
ന്യുഡല്‍ഹി: കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായതായി കോണ്‍ഗ്രസ് നേതാക്കള്‍. 91 മണ്ഡലങ്ങളിലേക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്. ഇതില്‍ 81 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ നിര്‍ണയം പൂര്‍ത്തിയായി. പത്തു മണ്ഡലങ്ങളില്‍ പ്രഖ്യാപനം വൈകുന്നതിനാല്‍ മറ്റന്നാള്‍ ഡല്‍ഹിയില്‍ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു.
നേമം അടക്കമുള്ള പത്തു സീറ്റുകളിലാണ് നിര്‍ണയം വൈകുന്നത്. ഇത്തവണ എം.പി മാര്‍ മത്സരിക്കില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. മുസ്ലിം ലീഗ് 27 സീറ്റിലും ജോസഫ് വിഭാഗം പത്തു സീറ്റിലും ആര്.എസ്.പി അഞ്ച് സീറ്റിലും എന്‍.സി.പി രണ്ടു സീറ്റിലും മത്സരിക്കും. കെ.കെ രമ മത്സരിക്കുകയാണെങ്കില്‍ വടകരയില്‍ ആര്.എം.പിയെ യു.ഡി.എഫ് പിന്തുണക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിക്കില്ലെന്നുറപ്പായി. എം.പിമാരും മത്സരിക്കില്ല. രമേശ് ചെന്നിത്തലയും ഉണ്ടാകില്ല. എന്നാല്‍ നേമത്ത് കരുത്തനായ സ്ഥാനാര്‍ഥിയുണ്ടാകുമെന്നും ദുര്‍ബലനായ സ്ഥാനാര്‍ഥിയാകില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഒരു മണ്ഡലത്തിലും കോണ്‍ഗ്രസില്‍ തര്‍ക്കമില്ലെന്നും മറ്റന്നാള്‍ കരുത്തരായവരുടെ സ്ഥാനാര്‍ഥിപ്പട്ടിക സോണിയാഗാന്ധി പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
മുസ്ലിം ലീഗിന്റെ രണ്ടു സീറ്റുകളുടെ കാര്യത്തിലും തീരുമാനമായി. പേരാമ്പ്രയും പുനലൂരുമാണ് മുസ്ലിം ലീഗിനനുവദിച്ച രണ്ടു സീറ്റുകളെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."