പടിവാതിൽക്കലെത്തി പരീക്ഷ; പാഠപുസ്തകം പണിപ്പുരയിൽ
സുരേഷ് മമ്പള്ളി
കണ്ണൂർ
കണ്ണൂർ സർവകലാശാല ഹിന്ദി ബിരുദ പരീക്ഷയ്ക്ക് ആഴ്ചകൾ മാത്രം ശേഷിക്കേ, പാഠപുസ്തകം 'അച്ചടി'യിൽ തന്നെ. ആറാം സെമസ്റ്റർ തീരാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് ആധുനിക ഏവം സമകാലീൻ ഹിന്ദി കവിത പേപ്പറിൽ ഉൾപ്പെട്ട കാവ്യരത്‌നാകർ എന്ന പുസ്തകം പണിപ്പുരയിലുള്ളത്. ഡൽഹിയിലെ വാണിപ്രകാശൻ ബുക്‌സ് ആണ് പ്രസാധകർ.
കാവ്യരത്‌നാകറിൽ ഉൾപ്പെട്ട കവിതകൾ സമാഹരിച്ച് സർവകലാശാലയ്ക്കു തന്നെ പുസ്തകം ഇറക്കുന്നതിനു തടസമില്ലെങ്കിലും അധികൃതർ താൽപര്യമെടുക്കുന്നില്ലെന്ന് സെനറ്റ് അംഗം ഡോ. ആർ.കെ ബിജു ആരോപിച്ചു. 2019 ജൂൺ 20ന് പരിഷ്‌കരിച്ച സിലബസിലാണ് കാവ്യരത്‌നാകർ ഉൾപ്പെടുത്തിയത്. മൂന്നുവർഷമായിട്ടും വിദ്യാർഥികൾക്കു സർവകലാശാല പുസ്തകം ലഭ്യമാക്കിയിട്ടില്ല.
സിലബസ് പ്രകാരം ആഴ്ചയിൽ ആറ് പിരിയഡ് പഠിപ്പിക്കേണ്ട പുസ്തകമാണ് അച്ചടി പൂർത്തിയാകാതെ കിടക്കുന്നത്. ഏപ്രിൽ അവസാനം നടക്കുന്ന അവസാന വർഷ പരീക്ഷയ്ക്ക് എങ്ങനെ തയാറെടുക്കുമെന്നറിയാതെ കുഴങ്ങുകയാണ് വിദ്യാർഥികൾ.
എം.ജി അടക്കം പല സർവകലാശാലകളുടെയും സിലബസിൽ കാവ്യരത്‌നാകറിലെ കവികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. പല കവിതകളും പഴയ പുസ്തകങ്ങൾ സംഘടിപ്പിച്ച് പഠിപ്പിക്കുന്നുണ്ടെങ്കിലും പുതിയ കവിതകൾ കിട്ടാൻ പ്രയാസമാണെന്ന് തലശേരി ബ്രണ്ണൻ കോളജിലെ അധ്യാപകൻ പറയുന്നു.
സിലബസ് നിലവിൽ വന്ന് മൂന്നു വർഷമാകുമ്പോഴും പാഠപുസ്തകം തയാറാവാത്തത് സിലബസ് കമ്മിറ്റിയുടെ പിടിപ്പുകേടാണ്. പുസ്തകം പ്രസിദ്ധീകരിക്കാൻ കരാറെടുത്ത വാണിപ്രകാശൻ, എം.ജി സർവകലാശാല സിലബസിൽ ഉൾപ്പെട്ട ഇതേ പേരിലുള്ള മറ്റൊരു പുസ്തകമാണ് ആവശ്യക്കാർക്ക് നൽകുന്നത്. പേരിലെ സാമ്യത്തിനപ്പുറം ഉള്ളടക്കത്തിൽ രണ്ടു പുസ്തകങ്ങളും ഭിന്നമാണ്.
ഇതിനു പുറമേ പേപ്പറിന്റെ പ്രാതിനിധ്യം ഉപരിപഠനത്തിന് പോകുന്ന വിദ്യാർഥികളെ സംബന്ധിച്ച് ഏറെ പ്രധാനമാണ്.
മിക്ക സർവകലാശാലകളും ബിരുദാനന്തര ഹിന്ദി സിലബസിൽ കാവ്യരത്‌നാകറിൽ ഉൾപ്പെട്ട കവികളുടെ മറ്റു കവിതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ വിദ്യാർഥികൾക്ക് വേണ്ട മുന്നറിവ് ലഭിക്കാതെ പോകുന്നത് വലിയ പോരായ്മയാകുമെന്നും വിഷയവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സെമസ്റ്റർ പരീക്ഷകൾ മാത്രം കൃത്യമായി നടത്തുന്നെന്നു മേനി നടിക്കുന്ന അധികൃതർ വിദ്യാർഥികൾക്ക് പാഠപുസ്തകം സമയത്ത് ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം കൂടി കാണിക്കണമെന്ന് ഡോ. ആർ.കെ ബിജു പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."