തര്‍ക്കം തുടരുന്ന മണ്ഡലങ്ങള്‍ ഇവ: നേമത്തും അനിശ്ചിതത്വം, മറ്റു മണ്ഡലങ്ങളിലും തര്‍ക്കം, കോണ്‍ഗ്രസ് പട്ടിക നീളുന്നു
ന്യുഡല്‍ഹി: നേമം ഉള്‍പ്പെടെ തര്‍ക്കമുള്ള കോണ്‍ഗ്രസിന്റെ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. വട്ടിയൂര്‍ക്കാവ്, നേമം, വര്‍ക്കല, നെടുമങ്ങാട്, തൃപ്പൂണിത്തുറ, ഇരിക്കൂര്‍, കല്‍പ്പറ്റ, നിലമ്പൂര്‍, പട്ടാമ്പി, പീരുമേട് എന്നീ സീറ്റുകളിലാണ് തര്‍ക്കം തുടരുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തും.
ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേരളത്തില്‍ നിന്ന് ചര്‍ച്ചകളില്‍ പങ്കാളികളാകും. ഇരുവരും ഇന്നലത്തെ ചര്‍ച്ചകള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. നാളെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിക്കുകയെന്ന് ഇന്നലെ സോണിയാ ഗാന്ധി അടക്കമുള്ളവരുമായും സ്‌ക്രീനിംഗ് കമ്മിറ്റി അംഗങ്ങളുമായുമുള്ള ചര്‍ച്ചകള്‍ക്ക് ശേഷം കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കിയിരുന്നു.
ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്നുറപ്പായി. നേമത്തു നിന്നു മത്സരിക്കുമെന്ന വാര്‍ത്തകള്‍ ഇതോടെ അസ്തമിക്കുകയാണ്. രമേശ് ചെന്നിത്തല ഹരിപ്പാടും മത്സരിക്കും. 91 സീറ്റുകളിലാവും ഇക്കുറി കോണ്‍ഗ്രസ് മത്സരിക്കുക.
നേമം അടക്കം പത്ത് സീറ്റുകളില്‍ അന്തിമതീരുമാനം ആയിട്ടില്ല. നേമത്ത് വി.ഐ.പി സ്ഥാനാര്‍ഥികളുണ്ടാകില്ല. എം.പിമാരും ഇവിടെ മത്സരിക്കില്ല. എന്നാല്‍ ദുര്‍ബലനായ സ്ഥാനാര്‍ഥിയാകില്ലെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. സ്ഥാനാര്‍ഥികളെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മറ്റന്നാള്‍ ദില്ലിയില്‍ നിന്നുണ്ടാവുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഭൂരിഭാഗം സീറ്റുകളിലും സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഇന്ന് തന്നെ ദില്ലിയ്ക്ക് മടങ്ങും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായ ശേഷമായിരിക്കും കെ.പി.സി.സി അധ്യക്ഷന്‍ ദില്ലിയില്‍ നിന്നും മടങ്ങുക.
നേമത്തെ സ്ഥാനാര്‍ഥി ആരാകുമെന്നതില്‍ ഇപ്പോഴും സസ്പെന്‍സ് തുടരുകയാണ്. തീരുമാനമാകാത്ത 10 മണ്ഡലങ്ങളില്‍ ഇപ്പോള്‍ ഹരിപ്പാടും പുതുപ്പള്ളിയുമില്ല. 10 മണ്ഡലങ്ങളില്‍ ചര്‍ച്ച തുടരുമ്പോള്‍ 81 മണ്ഡലങ്ങളില്‍ ചില മാറ്റങ്ങള്‍ വന്നേക്കാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."