സ്ഥാനാര്‍ഥിനിര്‍ണയം: ഇടുക്കിയിലും കാസര്‍കോട്ടും കോണ്‍ഗ്രസില്‍ രാജിഭീഷണി
കാസര്‍കോട്: സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് വിവിധ പാര്‍ട്ടികളില്‍ ഉടലെടുത്ത പ്രതിഷേധം അടങ്ങുന്നില്ല. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ ഡി.സി.സി പ്രസിഡന്റുമായ റോയ് കെ.പൗലോസിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇടുക്കിയിലെ കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്‌നം കൂട്ടരാജി ഭീഷണിയില്‍ എത്തിനില്‍ക്കുകയാണ്. റോയിയെ പിന്തുണയ്ക്കുന്ന ഡി.സി.സി ഭാരവാഹികളടക്കമുള്ള നേതാക്കളാണ് രാജിഭീഷണിയുമായി രംഗത്തെത്തിയത്.
പീരുമേട് മണ്ഡലത്തില്‍ റോയിയുടെ പേര് ആദ്യം മുതല്‍ കേട്ടിരുന്നു. എന്നാല്‍, ഇന്നലെ രാവിലെ സ്ഥാനാര്‍ഥി പട്ടികയിലുണ്ടാകില്ലെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് റോയിയുടെ തൊടുപുഴ കരിമണ്ണൂരിലെ വീട്ടില്‍ അദ്ദേഹത്തെ അനുകൂലിക്കുന്ന 200ഓളം പേര്‍ യോഗം ചേര്‍ന്നു. യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട റോയ് കെ. പൗലോസ് പാര്‍ട്ടി തന്നോട് നീതികേട് കാണിക്കില്ലെന്നും ശുഭാപ്തി വിശ്വാസമുണ്ടെന്നും പറഞ്ഞു.
പുറത്തുനിന്നുള്ള സ്ഥാനാര്‍ഥി എത്തിയേക്കുമെന്ന സൂചനയെ തുടര്‍ന്ന് തൃശൂരിലെ പുതുക്കാട് മണ്ഡലത്തിലെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി അയച്ചിരിക്കുകയാണ്. നേതാക്കള്‍ ഒപ്പുവച്ച പരാതി എ.ഐ.സി.സി, കെ.പി.സി.സി, ഡി.സി.സി നേതൃത്വത്തിനാണ് അയച്ചത്.
തൃപ്പൂണിത്തുറയില്‍ മുന്‍മന്ത്രി കെ.ബാബുവിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. തൃപ്പൂണിത്തുറ, പള്ളുരുത്തി, ഇടക്കൊച്ചി, മുളന്തുരുത്തി എന്നിവിടങ്ങളിലാണ് പ്രകടനം നടത്തിയത്.
കെ.ബാബുവിനെ അനുകൂലിക്കുന്ന പോസ്റ്ററുകളും വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ആലപ്പുഴയിലെ അമ്പലപ്പുഴ മണ്ഡലത്തില്‍ യു.ഡി.എഫിന്റെ സാധ്യതാപട്ടികയിലുള്ള ത്രിവിക്രമന്‍ തമ്പിക്കെതിരേയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഉദുമ മണ്ഡലത്തിലെ സ്ഥാനാര്‍ഥിനിര്‍ണയത്തിലും തൃക്കരിപ്പൂര്‍ മണ്ഡലം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടുനല്‍കിയതിലും കാസര്‍കോട്ടെ കോണ്‍ഗ്രസിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ഉദുമയില്‍ കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയയെ സ്ഥാനാര്‍ഥിയായി പരിഗണിച്ചതാണ് ഒരുവിഭാഗം നേതാക്കളെ ചൊടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്നു. വിഷയത്തില്‍ പത്തോളം ഡി.സി.സി ഭാരവാഹികള്‍ രാജിഭീഷണി മുഴക്കിയെന്നും വിവരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."