പഞ്ചാബിന്റെ രാഷ്ട്രീയ ഗതി തിരിച്ചുവിടാനുള്ള നിയോഗം അയാള്‍ക്കായിരുന്നു... ;കൊമേഡിയനില്‍ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക്, താരമായി ഭഗവന്ത് മാന്‍
പഞ്ചാബ് ആംആദ്മി തൂത്തുവാരിയതോടെ എല്ലാവരുടേയും ശ്രദ്ധ ആ മനുഷ്യനിലേക്കാണ്. നിയുക്ത മുഖ്യമന്ത്രി ഭഗ്‌വന്ത് മാന്‍. 11 വര്‍ഷം മുന്‍പ് രാഷ്ട്രീയത്തില്‍ പ്രവേശിച്ച നാല്‍പ്പത്തിയെട്ടുകാരനായ ഭഗ്‌വന്ത് സിങ് മാന്‍ ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിനുശേഷം എഎപിയുടെ രണ്ടാമത്തെ മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുകയാണ്. കൊമേഡിയനായി പഞ്ചാബിലെ ആളുകളുടെ മനംകവരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശനം.
സതോജ് ഗ്രാമത്തിലെ ഒരു സ്‌കൂള്‍ അധ്യാപകന്റെ കുടുംബത്തിലായിരുന്നു ഭഗ്‌വന്ത്‌സിങ് മാനിന്റെ ജനനം. സുനമിലെ ഷഹീദ് ഉദ്ദം സിങ ഗവ. കോളജില്‍ ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കെ തന്റെ കന്നി ഓഡിയോ കാസറ്റിലൂടെ മാന്‍ 18ാം വയസില്‍ പ്രശസ്തനായി. സാമൂഹികവും രാഷ്ട്രീയവുമായ ആക്ഷേപഹാസ്യത്തില്‍ അഗ്രഗണ്യനായ അദ്ദേഹം താമസിയാതെ ജുഗ്‌നു മസ്ത് മസ്ത് പോലുള്ള ദീര്‍ഘകാല ടെലിവിഷന്‍ ഷോകളിലൂടെ പഞ്ചാബിലെ ഹാസ്യരംഗത്തിന്റെ അനിഷേധ്യ രാജാവായി.
2014 ലും 2019 ലും തുടര്‍ച്ചയായി പഞ്ചാബിലെ സംഗരൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ചുകയറിയ അദ്ദേഹം പൊള്ളുന്ന രാഷ്ട്രീയ വിഷയങ്ങളുന്നയിക്കാന്‍ ഹാസ്യത്തെ ആയുധമാക്കി. പ്രശസ്ത ടിവി താരം കൂടിയായ ഭഗവന്ത് മാന്റെ ജനകീയതയുടെ കാരണമറിയാന്‍ നര്‍മ്മമൊളിപ്പിച്ച പ്രസംഗങ്ങള്‍ തന്നെ ധാരാളമാണ്.
ഭഗവന്ത് ഒരു കൊമേഡിയന്റെ റോളില്‍ 'ദി ഗ്രേറ്റ് ഇന്ത്യന്‍ ലോഫ്റ്റര്‍ ചലഞ്ച് 'എന്ന നാഷണല്‍ ടെലിവിഷന്‍ ഷോയില്‍ മത്സരിച്ചപ്പോള്‍ അന്നതിന്റെ ജഡ്ജ് നവജോത് സിംഗ് സിദ്ധു ആയിരുന്നു. അതെ സിദ്ധുവാണ് ഈ ഭഗവന്ത് മാനിന്റെ പ്രധാന എതിരാളിയായി ഈ തിരഞ്ഞെടുപ്പ് ഗോദയിലുണ്ടായിരുന്നത്. പങ്കെടുക്കുന്ന വേദികളില്‍ എല്ലാം തന്നെ മഞ്ഞ നിറത്തിലുള്ള തലപ്പാവണിഞ്ഞാണ് അദ്ദേഹം പ്രത്യക്ഷപ്പെടാറുള്ളത്.
അതേസമയം പൊതുമധ്യത്തില്‍ ഒട്ടേറെ വിമര്‍ശിക്കപ്പെടേണ്ട,പരിഹാസ്യനാകേണ്ടിവന്നിട്ടുണ്ട്. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ മാന്‍ മുന്‍കാലങ്ങളില്‍ നടത്തിയ ചില പ്രസംഗങ്ങളുടെ വിഡിയോകളും അദ്ദേഹത്തിനെതിരെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങുന്നതിനു തൊട്ടുമുമ്പായി അദ്ദേഹം താന്‍ മദ്യപാനം അവസാനിപ്പിക്കുന്നതായി പരസ്യശപഥം ചെയ്തു. അന്ന് വേദിയിലുണ്ടായിരുന്ന കെജ്‌രിവാള്‍ സുധീരമായ ഈ തീരുമാനത്തിന്റെ പേരില്‍ മാനിനെ അഭിനന്ദിച്ചു എങ്കിലും, ബിജെപിയും കോണ്‍ഗ്രസും പിന്നീട് മാന്‍ ഈ പ്രതിജ്ഞ പാലിച്ചില്ല എന്ന് ആക്ഷേപമുന്നയിച്ചിരുന്നു.
പൊതുജനങ്ങള്‍ക്കിടയില്‍ അഭിപ്രായ സര്‍വേ നടത്തി, 93 ശതമാനം പേരുടെയും പിന്തുണയോടെയാണ് മാനിനെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്നാണ് അന്ന് കെജ്‌രിവാള്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."