ഷിയാസിന്റെ വേറിട്ട കരുതല്‍
നാടും നഗരവും നാട്ടാരുമെല്ലാം നിര്‍ധനരായ രോഗികള്‍ക്കായി ചികിത്സാ ഫണ്ടുകള്‍ സ്വരൂപിക്കുന്ന പതിവുകാഴ്ചകളും വാര്‍ത്തകളും തകൃതിയായി നടക്കുമ്പോള്‍ വേറിട്ട ഒരു ചികിത്സാ ഫണ്ട് പിരിവിന് ആലപ്പുഴ ജില്ലയിലെ വള്ളികുന്നം അടുത്തകാലത്ത് സാക്ഷിയായി. ഒരു വീട്ടുമുറ്റത്തു കുറെ ചെറുപ്പക്കാര്‍ ഒത്തുചേരുന്നു. അവിടെ ഉരുളിവച്ചു സംശുദ്ധമായ വെളിച്ചെണ്ണയില്‍ സ്വാദിഷ്ടമായ ഉണ്ണിയപ്പം ഉണ്ടാക്കുന്നു. നേരത്തെതന്നെ ഇതിനെക്കുറിച്ചു പരസ്യപ്പെടുത്തിയിരുന്നതിനാല്‍ ഇതുവാങ്ങാന്‍ നാട്ടിലെ എല്ലാവരും ഒത്തുകൂടുന്നു. ഓരോരുത്തരും അവര്‍ക്കിഷ്ടമുള്ളത്ര ഉണ്ണിയപ്പം എടുക്കുന്നു. സമീപത്തു വച്ചിരിക്കുന്ന പെട്ടിയില്‍ അവര്‍ പണം നിക്ഷേപിക്കുന്നു. എത്ര ഉണ്ണിയപ്പം എടുത്തുവെന്നോ, എത്ര പണം നിക്ഷേപിച്ചുവെന്നോ ആരും ശ്രദ്ധിക്കുന്നുപോലുമില്ല. ഒടുവില്‍ ഉണ്ണിയപ്പം തീര്‍ന്നതോടെ പെട്ടിയിലെ പണം എണ്ണി നോക്കിയപ്പോള്‍ സുഹൃത്തുക്കള്‍ ഒന്നടങ്കം ഞെട്ടിപ്പോയി. ഒന്നര ലക്ഷം രൂപ. ആ പണം അതുപോലെ ആ രോഗിയുടെ വീട്ടില്‍ എത്തിച്ചതോടെ നാട്ടിലെങ്ങും സംസാരം 'ഉണ്ണിയപ്പ ചലഞ്ചു' നടത്തി ചികിത്സാ ചെലവിനു പണം കണ്ടെത്തിയ യുവാക്കളുടെ കഥയും. ഒപ്പം അതിനാവശ്യമായ പണം ചെലവഴിക്കാന്‍ മുന്നോട്ടുവന്ന ഷിയാസ്ഖാന്‍ എന്ന ചെറുപ്പക്കാരനെക്കുറിച്ചും. 2018ലെ മഹാപ്രളയകാലത്തു ദിവസങ്ങളോളം ഓടിനടന്നു ദുരിതാശ്വാസക്യാംപുകളില്‍ ഭക്ഷണപ്പൊതികളും മരുന്നും വസ്ത്രങ്ങളും മറ്റും എത്തിക്കാന്‍ നിസ്വാര്‍ഥമായി മുന്നിട്ടിറങ്ങിയ ഷിയാസ്ഖാന്റെ സേവനം നാട്ടുകാരുടെ മനസില്‍ തെളിനീരായി നിറഞ്ഞുനില്‍ക്കുമ്പോഴാണ് കൊവിഡ്കാലത്തെ പ്രവര്‍ത്തനങ്ങള്‍ കണ്ട് പലരുടേയും മനസില്‍ ഒരു ചോദ്യം ഉയര്‍ന്നു തുടങ്ങിയത്. എന്നാല്‍ ആ സംശയം ഷിയാസ്ഖാന്റെ മുഖത്തുനോക്കി ചോദിക്കാന്‍ ആരും തയ്യാറായുമില്ല.
'എന്തിനാ ഈ വേണ്ടാത്ത പണിക്കൊക്കെ പോയത്. ഗള്‍ഫില്‍ കിടന്നു കഷ്ടപ്പെട്ടു സമ്പാദിച്ചുണ്ടാക്കിയ വസ്തുവും സമയവും എല്ലാം പോയില്ലേ.. ഇതുകൊണ്ടു വല്ല പ്രയോജവുമുണ്ടായോ?'- ഇക്കാര്യത്തില്‍ മാതാപിതാക്കളും ബന്ധുക്കളും അര്‍ധഗര്‍ഭമായ മൗനവും കാണിച്ചു. എങ്കിലും അവര്‍ക്കും എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിക്കാന്‍ അവരും ധൈര്യം കാണിച്ചില്ല. അപ്പോഴും ഇതൊന്നും അറിയാത്ത മട്ടില്‍ ഷിയാസ് തന്റെ ഓട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു.. ആ നിലക്കാത്ത യാത്രയില്‍ ഷിയാസിന്റെ മനസ് മനസിനോടായി പറഞ്ഞു; ഇല്ലാ, ആ കരുതല്‍ ഒരിക്കലും നഷ്ടമാവില്ല... ഇന്നല്ലെങ്കില്‍ നാളെ താന്‍ കരുതലിന്റെ കാവല്‍ക്കാരനാണെന്നു മലോകര്‍ വിലയിരുത്തും. ഒന്നുമില്ലെങ്കില്‍ പ്രപഞ്ചനാഥന്റെ മുന്‍പിലെങ്കിലും ആ കരുതല്‍ ഒരു കരുതലായി തന്നെ നിലനില്‍ക്കുമല്ലോ?
എന്താണ് ഷിയാസിന്റെ കരുതല്‍?
അതിലൊരു കഥയുണ്ട്. ആലപ്പുഴ വള്ളികുന്നം തെക്കേമുറി എസ്.എസ് മന്‍സിലില്‍ എ. ഷിയാസ്ഖാന്‍ എന്ന മുപ്പത്തഞ്ചുകാരന്‍ ദുബായില്‍ നിന്ന് 2020 മാര്‍ച്ചു 12ന് അവധിക്കു നാട്ടില്‍വന്ന സമയം. നാട്ടിലെങ്ങും കൊവിഡ് കൊടുമ്പിരി കൊണ്ടിരിക്കുന്നു. എങ്ങും ലോക്ക്ഡൗണ്‍. പുറത്തേക്കിറങ്ങാന്‍ ഒരു നിവൃത്തിയുമില്ല. ആകെ ഒരു മടുപ്പ്. സമയം ചെലവഴിക്കാന്‍ ഫെയ്‌സ്ബുക്ക് തുറന്നു പരതുന്നതിനിടയിലാണ് അപ്രതീക്ഷിതമായി പ്രശസ്ത സിനിമാനടന്‍ മമ്മൂട്ടിയുടെ ആ പോസ്റ്റ് ശ്രദ്ധയില്‍പ്പെടുന്നത്. അതില്‍ ഇങ്ങനെ എഴുതിരിക്കുന്നു. 'നമ്മളെ കരുതുന്നതുപോലെ മറ്റുള്ളവര്‍ക്കു നേരേയും നമ്മള്‍ കരുതലുള്ളവരാകണം.'
സാധാരണ പോസ്റ്റുകള്‍ കണ്ടു ലൈക്ക് ചെയ്തു പോകുന്നതുപോലെ അതും ലൈക്ക് ചെയ്തു മുന്നോട്ടുപോയി. ഒന്നും സംഭവിക്കാത്ത മട്ടില്‍ അന്നും പതിവുപോലെ ഉറങ്ങാന്‍ കിടന്നു. എന്നാല്‍ യാമങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും എന്തുകൊണ്ടോ അന്ന് ഉറക്കം വന്നില്ല. മമ്മൂട്ടിയുടെ ആ വാക്കുകള്‍ മനസിനെ വേട്ടയാടുന്നതുപോലെ ഒരു തോന്നല്‍. അന്നത്തെ പാതിരാവില്‍ ഫെയ്‌സ്ബുക്ക് വീണ്ടും തുറന്നു. മനുഷ്യത്വം മുറ്റിനിറഞ്ഞ മമ്മൂട്ടിയുടെ ആ വാക്കുകള്‍ ഒന്നുകൂടി വായിച്ചു. 'നമ്മളെ കരുതുന്നതുപോലെ...'. അതോടെ അന്നു രാത്രി ഷിയാസ് ഒരു തീരുമാനം എടുത്തു. രണാങ്കണത്തില്‍ ഇറങ്ങുക. കൊവിഡു മൂലം കഷ്ടപ്പെടുന്നവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുക. 'ഏതു സേവനവും ആത്മാര്‍ഥമായിരിക്കണം. കാപഠ്യത്തിന്റേതാകരുത്' എന്നു പ്രളയകാലത്തു പിതാവ് അബ്ദുല്‍ മജീദ് പറഞ്ഞ ഉപദേശവും കൂടി ഓര്‍മയില്‍ വന്നപ്പോള്‍ എവിടെ നിന്നോ ഒരാവേശം മനസില്‍ നുരഞ്ഞുപൊങ്ങിയതുപോലെ. അങ്ങനെ മമ്മൂട്ടിയെ ഒരിക്കല്‍പ്പോലും നേരില്‍ കണ്ടിട്ടില്ലാത്ത ഷിയാസ്ഖാന്‍ ആ ഇറക്കത്തിനു സ്വയം ഒരു പേരും നല്‍കി. 'കരുതല്‍'. മമ്മൂട്ടി ഉപയോഗിച്ച അതേ വാക്ക്.
പിറ്റേന്നു രാവിലെ തൊട്ടടുത്ത കടയില്‍പോയി ആറുകൂട്ടം സാധങ്ങള്‍ വാങ്ങി ആറു കിറ്റുകളിലാക്കി സ്വന്തം വാഹനത്തില്‍ നേരേപോയത് പെയ്ഡ് ക്വാറന്റൈന്‍ സെന്ററിലേക്ക്. അവിടെ അതു നല്‍കിയപ്പോള്‍ ഒരു കാര്യം മനസിലായി. ഇത് ഇവിടെ അവസാനിക്കില്ല. ഇതിനായി കൂടുതല്‍ പണം വേണ്ടിവരും. എന്നാല്‍ ആരുടേയും ഒരു സഹായവും സ്വീകരിക്കാതെ വേണം മുന്നോട്ടുപോകേണ്ടത്. ഏതു പ്രതിസന്ധി നേരിട്ടാലും അങ്ങനെത്തന്നെ മുന്നോട്ടുപോകുക എന്ന ഉറച്ച തീരുമാനത്തില്‍ വീണ്ടും സാധങ്ങള്‍ വാങ്ങി പിന്നെയും പോയത് ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകളിലേക്ക്. പിന്നീടുള്ള യാത്ര ഭക്ഷ്യക്കിറ്റിനോടൊപ്പം മാസ്‌ക്കും സാനിറ്റൈസറും മറ്റു കൊവിഡ്‌കെയര്‍ കിറ്റുകളുമായിട്ടായിരുന്നു. ഇതുകണ്ട ചിലര്‍ പറഞ്ഞു. 'നല്ലകാര്യം.' ചിലര്‍ 'പേരെടുക്കാ'നാണെന്ന് അസൂയപൂണ്ടു. എന്നാല്‍ അതൊന്നും ഷിയാസ് ചെവികൊണ്ടില്ല. കേട്ടഭാവം നടിച്ചതുമില്ല. പിന്നീട് ഒരു ജൈത്രയാത്ര ആയിരുന്നു. കൊവിഡ് കാരണം തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍, സര്‍ക്കസ് കലാകാരന്മാര്‍, ട്രാന്‍സ്ജന്ററുകള്‍, ഓട്ടോ തൊഴിലാളികള്‍... ഇതര സംസ്ഥാനതൊഴിലാളികള്‍... അങ്ങനെ നീണ്ടു ആ നിര. ഇതിനിടയില്‍ കിറ്റുകള്‍ എത്തിക്കുന്നതിനായുള്ള സഹായത്തിനായി സുഹൃത്തുക്കളില്‍ പലരും രംഗത്തെത്തി. പ്രത്യേകിച്ച് ഓണം, വിഷു തുടങ്ങിയ വിശേഷദിവസങ്ങളില്‍ ആത്മാര്‍ഥമായി അവരും ഒപ്പം രംഗത്തിറങ്ങിയത് വലിയ കാര്യമായി ഷിയാസ് കണ്ടു. അവരെ സ്മരിക്കുമ്പോള്‍ ആയിരം നാവാണു ഷിയാസിന്. കൊവിഡ് കാലം നീണ്ടതോടെ പ്രവര്‍ത്തനമേഖല വിപുലീകരിക്കേണ്ടതായി വന്നു. തനിയെയുള്ള ആ ജൈത്രയാത്ര പിന്നെ ജില്ലയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് കോട്ടയം, പത്തനംതിട്ട, തിരുവനന്തപരും, എറണാകുളം ജില്ലകളിലേക്കു നീണ്ടു. ഷിയാസിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സദാ വീക്ഷിച്ചിരുന്ന വള്ളികുന്നം സി.ഐ ഗോപകുമാര്‍ ഷിയാസിനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി. ആത്മാര്‍ഥത നിറഞ്ഞ ആ കരവും കൂടി ഒത്തുചേര്‍ന്നപ്പോള്‍ മനസിന്റെ ആവേശം പതിന്മടങ്ങു വര്‍ധിച്ചെന്നു ഷിയാസ് പറയുന്നു. തീര്‍ന്നില്ല, ഫുഡ് കണ്‍സല്‍ട്ടന്റായ മൃണാളിന്റെ നിര്‍ദേശങ്ങളും ഷിയാസിനെ മുന്നോട്ടു നയിക്കാന്‍ ഏറെ പ്രചോദനം നല്‍കി. ഇതിനിടയില്‍ ഈ പ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നതിനായി 'കരുതല്‍ വണ്ടി' എന്നപേരില്‍ ഒരു ഇന്നോവ കാറും വാടകക്കെടുക്കേണ്ടിവന്നു. തുടര്‍ന്ന് അതിലായി യാത്ര. ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന പ്രവാസികള്‍ക്കും അവധിക്കു നാട്ടില്‍ വന്ന സൈനികള്‍ക്കും കഥകളികലാകാരന്മാര്‍ക്കും പ്രത്യേക സമ്മാനങ്ങള്‍ വിതരണം ചെയ്യാനും ഷിയാസ് മറന്നില്ല. ഓരോ കിറ്റിലും അരി, പഞ്ചസാര, ആട്ട, തേയില തുടങ്ങി എഴുന്നൂറോളം രൂപയുടെ സാധനങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നിട്ടും അവസാനിച്ചില്ല, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഭക്ഷ്യക്കിറ്റുകള്‍ ഉള്‍പ്പെടെ നിരവധി സഹായങ്ങള്‍ നല്‍കി. ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് ആലപ്പുഴ ജില്ലാ കലക്ടര്‍ അലക്‌സാണ്ടര്‍ ആയിരുന്നു. കൊവിഡ് കാരണം സ്‌കൂളുകള്‍ അടച്ചതിനെത്തുടര്‍ന്നു പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് പന്ത്രണ്ടോളം മൊബൈലുകളും 15 ടി.വിയും വാങ്ങി നല്‍കാനും ഷിയാസ് മറന്നില്ല. ഒപ്പം നിരവധി നോട്ട്ബുക്കുകളും വാങ്ങി വിതരണം ചെയ്തു. ഇതിനിടയില്‍ അഭിനന്ദനങ്ങളുമായി ഒട്ടേറെ പേരും എത്തിയിരുന്നു.
ഈ ജൈത്രയാത്ര തുടരുന്നതിനിടയില്‍ ദുബായില്‍ പൈപ്പ് ഫാക്ടറി പ്രൊജക്ട് എന്‍ജിനീയറായ ഷിയാസിന്റെ വിസയുടെ കാലാവധിയും അവസാനിച്ചിരുന്നു. അതോടെ മടങ്ങിപ്പോകാനുള്ള സാധ്യത മങ്ങി. ദുബായില്‍ ഗ്രാഫിക് ഡിസൈനറായ ഭാര്യ അഫ്‌സലയും മകന്‍ അയാന്‍ ഫൈസിയും അവിടെ കുടുങ്ങുകയും ചെയ്തു. പിന്നീട് വിമാന സര്‍വിസ് പുരാരംഭിച്ചതോടെയാണ് അവര്‍ക്കു നാട്ടിലേക്കു മടങ്ങാനായത്.
അണിയറക്കു പിന്നിലെ സംഭവം
ഒരു വര്‍ഷക്കാലമായി 'കരുതലു'മായി മുന്നോട്ടുപോയപ്പോള്‍ ഷിയാസ് അറിയാത്ത മറ്റൊന്ന് അണിയറക്കു പിന്നില്‍ രൂപപ്പെട്ടുതുടങ്ങിയിരുന്നു. ആരുടേയും സഹായം വാങ്ങാതെ കൊവിഡ് കാലത്തെ സഹായഹസ്തവുമായി ക്വാറന്റൈന്‍ ക്യാംപുകളില്‍ നിന്ന് ക്യാംപുകളിലേക്കു ഭക്ഷ്യക്കിറ്റുകളുമായി തലങ്ങും വിലങ്ങും ഓടിയപ്പോള്‍ തന്റെ പണപ്പെട്ടി കാലിയായത് ഷിയാസ് അറിഞ്ഞതേയില്ല. ഒപ്പം ലക്ഷങ്ങളുടെ കടക്കാരനാവുകയും ചെയ്തു. എന്നിട്ടും ആരുടേയും മുന്‍പിലും സഹായം ആവശ്യപ്പെടാതെ തളരാത്ത മനസുമായി ചുവടുകള്‍ മുന്നോട്ടുപായിക്കുന്നതിനിടയിലാണ് വീട്ടുകാര്‍ ആ സത്യവും അറിഞ്ഞത്. ഗള്‍ഫില്‍ പോയി കഷ്ടപ്പെട്ടു നേടിയ ഏക സമ്പാദ്യമായ ഭൂമിയും 21 ലക്ഷം രൂപക്കു കടം വീട്ടാനായി ഷിയാസ് വിറ്റിരിക്കുന്നു. ആദ്യം ഒരു ഞെട്ടലായാണ് വീട്ടുകാര്‍ ഇതറിഞ്ഞതെങ്കിലും ഇതേക്കുറിച്ച് അവര്‍ ഒന്നും ചോദിച്ചതുമില്ല. ഒരുപക്ഷേ അവരുടെ മനസില്‍ പരിഭവം ഉണ്ടായിരുന്നിരിക്കാം. അവര്‍ പ്രകടിപ്പിച്ചുമില്ല. സഹോദരനോടും മാതാപിതാക്കള്‍ക്കുമൊപ്പം കുടുംബവീട്ടില്‍ താമസിക്കുന്ന ഷിയാസ് കരുതല്‍ മേഖല വികസിച്ചതോടെ ഇനി മടങ്ങിപ്പോകണമെന്ന ആഗ്രഹവും ഉപേക്ഷിച്ചു. കൊവിഡ്കാല സേവനം ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ജോലിതേടി ഭാര്യ വീണ്ടും ദുബായിലേക്കു മടങ്ങിയെങ്കിലും നാട്ടില്‍ ജോലിചെയ്തു സേവനം തുടരാനാണ് ഷിയാസ്ഖാന്റെ തീരുമാനം. സ്വന്തം ഭൂമിവിറ്റ് കടങ്ങള്‍ വീട്ടിയതിനോടൊപ്പം 'കരുതലിന്റെ' നടത്തിപ്പിനായി ഒരു കാറും വാങ്ങി. ഇപ്പോഴും ദിവസം 15 പേര്‍ക്കെങ്കിലും കിറ്റുകള്‍ കൊടുക്കാന്‍ ഷിയാസ് മറക്കാറില്ല. തിരിഞ്ഞുനോക്കുമ്പോള്‍ ഇരുപത്തിഅയ്യായിരത്തോളം പേര്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റുകള്‍ നല്‍കാന്‍ കഴിഞ്ഞത് വലിയ ചാരിതാര്‍ഥ്യത്തോടെയാണ് ഷിയാസ് കാണുന്നത്. പ്രത്യേകരാഷ്ട്രീയം ഒന്നും ഇല്ലെങ്കിലും സേവനത്തിന് രാഷ്ടീയം ആവശ്യമില്ലെന്നു തെളിയിക്കാന്‍കൂടിയാണ് തന്റെ സേവനം എന്നു പറയാനും ഷിയാസിനു മടിയില്ല. എങ്കിലും കടംവാങ്ങി ഇനിയും ഇതു തുടരണോ എന്നു ചോദിച്ചാല്‍ ഷിയാസ് ഉടന്‍ പറയും; 'തീര്‍ച്ചയായും തുടരും. അല്ലാഹു അല്ലേ വലിയവന്‍.. അവന്‍ എല്ലാം നടത്തിക്കൊള്ളും. തന്നെയുമല്ലാ, ഈ കരുതല്‍ ഇവിടുത്തേക്കു മാത്രമല്ലാ, മരണാനന്തരജവിതത്തിലേക്കുള്ള ഒരു കരുതല്‍ കൂടിയാണ്'. ഒപ്പം മമ്മൂട്ടിയുടെ ആ ഫെയ്‌സ്ബുക്ക് പോസ്റ്റും ഷിയാസ് ഓര്‍മിക്കും. 'നമ്മളെ കരുതുന്നതുപോലെ മറ്റുള്ളവര്‍ക്കു നേരേയും നമ്മള്‍ കരുതലുള്ളവരാകണം'. ഒരുപക്ഷേ അന്ന് ആ പോസ്റ്റ് വായിച്ചില്ലായിരുന്നെങ്കില്‍ തന്റെ വഴി മറ്റേതെങ്കിലും ആയേനെ എന്നു തുറന്നുപറയുമ്പോഴും ഷിയാസിന്റെ മുഖത്ത് പ്രതീക്ഷയുടെ കരുതല്‍ നാമ്പുകള്‍ മെല്ലെ പ്രകാശിക്കുന്നതും കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."