'പുതിയ' പഞ്ച'തന്ത്ര' കഥകള്‍
കാക്കയുടെ കൂട്ടില്‍
കുയില്‍ മുട്ടയിട്ടു.
വിരിഞ്ഞ കുഞ്ഞിന്റെ
മാറ്റം കണ്ടിട്ടും
കാക്ക തന്‍കുഞ്ഞായി
വളര്‍ത്തിയത്രേ.
പുതിയ കഥയില്‍
കാക്ക കുയില്‍ കുഞ്ഞിനെ
നൂറ്റിരുപതു രൂപക്കു വിറ്റ്
സ്വന്തം കുഞ്ഞിന്
ലാക്ടോജന്‍ വാങ്ങിയത്രേ.
തന്റെ മഴു ഇരുമ്പാണെന്ന്
സത്യം ചെയ്കയാല്‍
മൂന്ന് മഴുവുമായെത്തും
ജലദേവതയെ കാത്ത്
കരയിലിരിപ്പാണ് കഥാനായകന്‍.
പൊങ്ങിയ ജലദേവത
ഇരുമ്പുമഴു മാത്രം നല്‍കി
ക്കൊണ്ടിങ്ങനെ മൊഴിഞ്ഞു:
'സത്യം പറഞ്ഞോരെല്ലാം
അധ്വാനിക്കാതൊന്നും നേടീട്ടില്ല'.
പണ്ടൊരുറുമ്പ്
വെള്ളത്തില്‍ വീണപ്പോള്‍
പ്രാവൊരില കൊത്തിയിട്ടത്രെ.
പേടിച്ചരണ്ട ഉറുമ്പ് അതിലേറി
കരയിലെത്തിയിരുന്നൂന്ന്.
ഇന്നുറുമ്പ്
വെള്ളത്തില്‍ മുങ്ങുമ്പോള്‍
പ്രാവ് മുകളിലെ കൊമ്പില്‍
ഇലകള്‍ക്കിടയിലിരുന്ന് പറഞ്ഞു:
'ന്യൂനപക്ഷങ്ങളെയാരും
പിന്തുണക്കുന്നില്ലാന്ന്'.
വഴിയില്‍ വച്ച് മുയല്‍
ഉറങ്ങുമെന്നുറപ്പുള്ളതിനാല്‍
ആമയെ പിടിക്കാന്‍
കൊട്ടേഷന്‍ കൊടുത്തത്ര.
ഹൃദയം തിന്നാന്‍
മോഹിച്ചിറങ്ങിയ മുതലയെ
മരപ്പൊത്തിലാണ്
ഹൃദയമെന്നോതി പറ്റിച്ച
കുരങ്ങനുണ്ടായിരുന്നു.
ഇപ്പൊ ഹൃദയം കിട്ടാന്‍
കുരങ്ങനെ പാട്ടിലാക്കേണ്ടന്നെ
മുതല ഒരെളുപ്പവഴി കണ്ടെത്തി
അവയവ മാഫിയയുമായി ചങ്ങാത്തം!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."