തെരഞ്ഞെടുപ്പ് ഫലങ്ങൾ വരാനിരിക്കുന്ന മാറ്റങ്ങളുടെ സൂചനയോ?
എക്സിറ്റ് പോൾ ഫലങ്ങളെ ശരിവയ്ക്കുന്നതാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ. ഫലങ്ങൾ നിരീക്ഷിക്കുമ്പോൾ ഭാവി ഇന്ത്യയുടെ രാഷ്ട്രീയ ഭാഗധേയം നിർണയിക്കുന്നതായിരിക്കുമോ അവയെന്ന് തോന്നിപ്പോകുന്നു. യു.പിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽ ബി.ജെ.പിയിലെ പിന്നോക്ക വിഭാഗങ്ങളിലെ പല പ്രമുഖരും പാർട്ടി വിട്ട് അഖിലേഷ് യാദവിന്റ സമാജ് വാദി പാർട്ടിയിലേക്ക് ചേക്കേറിയപ്പോൾ യു.പിയിൽ യോഗി ആദിത്യനാഥിന്റെ ഭരണത്തിന് സമാപ്തിയായി എന്ന ഒരു ധാരണ ഉയർന്നിരുന്നു. എസ്.പിയിലേക്ക് മന്ത്രിമാരടക്കമുള്ള ബി.ജെ.പി നേതാക്കളുടെ വരവ് വലിയ ആത്മവിശ്വാസമായിരുന്നു അഖിലേഷ് യാദവിന് നൽകിയത്. പക്ഷേ, 2017 നെക്കാളും നില മെച്ചപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും ഭരണത്തുടർച്ച നേടാൻ യോഗി ആദിത്യനാഥിനായി. അഞ്ച് വർഷത്തോളം തുടർച്ചയായി യു.പി ഭരിക്കുന്ന ഒരു സർക്കാരിന് ആദ്യമായി ഭരണത്തുടർച്ച നേടിക്കൊടുക്കാൻ ഇതിലൂടെ യോഗി ആദിത്യനാഥിന് കഴിഞ്ഞു. മോദിക്ക് ശേഷം ആദിത്യനാഥ് എന്ന ഉത്തരമാണ് യു.പി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നൽകിയിരിക്കുന്നത്. അമിത് ഷാ പോലും അപ്രസക്തമായേക്കാം.
ദശകങ്ങളോളം യു.പി ഭരിച്ച കോൺഗ്രസിന് അവരുടെ ഉരുക്കു കോട്ടകളായിരുന്ന റായ്ബറേലിയും, അമേഠിയും പോലും നിലനിർത്താൻ കഴിഞ്ഞില്ല. പ്രിയങ്കാ ഗാന്ധി ബി.ജെ.പിയും, എസ്.പിയും നടത്തിയതിനേക്കാൾ കൂടുതൽ റാലികൾ യു.പിയിൽ നടത്തി. റാലികളല്ല വോട്ട് നിശ്ചയിക്കുന്നതെന്ന് യു.പി നിയമസഭാ തെരഞ്ഞെടുപ്പ് നൽകുന്ന പാഠവുമായി. പതിവുപോലെ പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിൽ ഹിന്ദുത്വ വികാരം ഇളക്കിവിടാനും യോഗി മറന്നില്ല. ഈ പ്രചാരണത്തെ ഫലപ്രദമായി നേരിടാൻ എസ്.പിക്കോ കോൺഗ്രസിനോ കഴിയാതെ പോവുന്നതും കണ്ടു. കർഷക മാർച്ചിലേക്ക് വാഹനം ഓടിച്ചു കയറ്റിയ കേന്ദ്ര മന്ത്രി പുത്രനെതിരേയുള്ള ജനരോഷമോ, കർഷകരുടെ പ്രതിഷേധമോ യു.പിയിൽ എസ്.പിക്ക് വോട്ടായി മാറിയുമില്ല.
പഞ്ചാബ് ഭരിച്ചിരുന്ന കോൺഗ്രസ് അവിടെയും നിലം പരിശായി. പഞ്ചാബിലെ കോൺഗ്രസിലേയും, അകാലിദളിലേയും വൻമരങ്ങളായ നേതാക്കൾ ആം ആദ്മിയുടെ സാധാരണക്കാരായ സ്ഥാനാർഥികൾക്ക് മുമ്പിൽ കടപുഴകി എന്നത് വലിയൊരു രാഷ്ട്രീയ പാഠമാണ് രാഷ്ട്രീയ വിദ്യാർഥികൾക്ക് നൽകുന്നത്. കോൺഗ്രസിന് ഇവിടെ ഒരു രാജ്യസഭാ സ്ഥാനാർഥിയെ പോലും വിജയിപ്പിക്കാനാവാത്ത ദയനീയ അവസ്ഥയാണിപ്പോൾ.
മുഖ്യമന്ത്രിയെ മാറ്റിയത് കൊണ്ടോ മുഖ്യമന്ത്രി ചരൺജിത് ചന്നിയുടെ ദലിത് മുഖം നൽകിയത് കൊണ്ടോ ജനങ്ങൾ വോട്ട് ചെയ്യില്ല. അതുവരെ തമ്മിൽ തല്ലായിരുന്നുവല്ലോ സംസ്ഥാന നേതൃത്വത്തിൽ. ആം ആദ്മി യുവാക്കൾക്കും സ്ത്രീകൾക്കും വലിയ പ്രതീക്ഷകൾ നൽകിക്കൊണ്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. കഴിഞ്ഞ ആറ് മാസമായി അവർ ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കുകയായിരുന്നു. യു.പിയിൽ പ്രിയങ്കാ ഗാന്ധിയും പഞ്ചാബിൽ രാഹുൽ ഗാന്ധിയും തെരഞ്ഞെപ്പിന് ചുക്കാൻ പിടിച്ചിട്ട് പോലും കോൺഗ്രസിനെ ഭീകര പതനത്തിൽ നിന്നു രക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ കോൺഗ്രസ് മുമ്പോട്ട് വയ്ക്കുന്ന രാഷ്ട്രീയം എന്താണെന്ന് പൊതുസമൂഹത്തിന് ബോധ്യമാകുന്നില്ല എന്നല്ലേ മനസിലാക്കേണ്ടത്.
ഗോവയിലാകട്ടെ കോൺഗ്രസ് സ്ഥാനാർഥികളെ രാഹുൽ ഗാന്ധി സത്യം ചെയ്യിപ്പിച്ചുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് ഗോദയിലേക്കയച്ചത്. വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ സ്ഥാനാർഥികളെ റിസോർട്ടിലേക്ക് കൊണ്ടുപോയെങ്കിലും ഗോവയും കോൺഗ്രസിനെ തുണച്ചില്ല. റിസോർട്ട് രാഷ്ട്രീയത്തിനും ഇതോടെ അന്ത്യമായി.
മണിപ്പൂരിൽ നേരത്തെ തന്നെ പ്രതീക്ഷ ഉണ്ടായിരുന്നില്ല. ഉത്തരാഖണ്ഡും കനിഞ്ഞില്ല. നാല് സംസ്ഥാനങ്ങളിൽ ബി.ജെ.പിയും ഒരു സംസ്ഥാനത്ത് ആം ആദ്മിയും നിലയുറപ്പിച്ച അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ കോൺഗ്രസ് എവിടെയും ഇല്ലെന്ന് വരുന്നത്, രണ്ട് വർഷം കഴിഞ്ഞാൽ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു കോൺഗ്രസിനുള്ള മുന്നറിയിപ്പാണ്. ഇതിനകം പാർട്ടിയെ പുനരുദ്ധരിക്കാൻ നേതൃത്വത്തിന് കഴിയുമോ എന്ന ചോദ്യത്തിൽ കുരുങ്ങി കിടക്കുന്നു കോൺഗ്രസിന്റെ നിലനിൽപ്പ്. ഡൽഹി കോട്ടയ്ക്ക് പുറമേ ഡൽഹിയെ അപേക്ഷിച്ച് വലിയൊരു സംസ്ഥാനമായ പഞ്ചാബ് കൂടി ആം ആദ്മിയുടെ ഭരണത്തിലേക്ക് വരുമ്പോൾ, ഇതര സംസ്ഥാനങ്ങളിൽ മന്ദീഭവിച്ച ആം ആദ്മി പ്രവർത്തനങ്ങൾക്ക് അത് നവോന്മേഷം പകരും. നേതാക്കളുടെ വാക്കുകൾ കേട്ട്, അവരുടെ മുഖങ്ങൾ കണ്ട് ജനങ്ങൾ വോട്ട് ചെയ്യുന്ന കാലം ഇന്ത്യൻ രാഷ്ട്രയത്തിൽ കഴിഞ്ഞു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി പഞ്ചാബ് മാറിക്കഴിഞ്ഞു.
കെജ് രിവാൾ മൃദു ഹിന്ദുത്വത്തിന്റെ വക്താവാണെന്നും, നരേന്ദ്ര മോദിയെ ഒരിക്കൽ പോലും വിമർശിക്കാത്ത നേതാവാണെന്നുമുള്ള ആക്ഷേപം നിലനിൽക്കുമ്പോൾ തന്നെ അദ്ദേഹം ജനോപകാരപ്രദമായ ഒട്ടേറെ കാര്യങ്ങളും ചെയ്യുന്നു എന്നത് ജനം അറിയുന്നുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളിലെ പ്രവർത്തനം കൊണ്ട് പഞ്ചാബ് പിടിച്ചടക്കാൻ ആം ആദ്മിക്ക് കഴിഞ്ഞെങ്കിൽ ആം ആദ്മി നേടിയ വിശ്വാസ്യതയാണതിന്റെ അടിസ്ഥാനം. ഡൽഹിയിൽ അഴിമതി മുക്തമായ ഭരണം കാഴ്ചവയ്ക്കുന്ന, സൗജന്യ വൈദ്യുതിയും, വെള്ളവും നൽകുന്ന കെജ് രിവാളിൽ പഞ്ചാബ് ജനതയും വിശ്വാസമർപ്പിച്ചതിൽ അത്ഭുതപ്പെടേണ്ടതില്ല. പഞ്ചാബിൽ ഭൂരിപക്ഷവും കർഷകരാണ്. അവരുടെ പ്രധാന ആവശ്യമാകട്ടെ സൗജന്യ വൈദ്യുതിയും വളം സബ്സിഡിയുമാണ്. ഇത് നിർവഹിച്ചു കൊടുക്കാൻ മാറി മാറി വന്ന ഭരണകൂടങ്ങൾക്കൊന്നും കഴിഞ്ഞില്ല. ആം ആദ്മിക്ക് അത് കഴിയുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നു. കോൺഗ്രസിൽ നിന്നു മാത്രമല്ല, ബി.ജെ.പിയിൽ നിന്ന് പോലും ആം ആദ്മിയിലേക്ക് വോട്ട് ചോർന്നു എന്നുവേണം കരുതാൻ.
ഭഗവന്ത് സിങ് മൻ എന്ന ഒരു സാധാരണ മനുഷ്യന് പഞ്ചാബിലെ വൻ മരങ്ങളെ കട പുഴക്കാൻ കഴിഞ്ഞെങ്കിൽ ജനങ്ങളിൽ വന്ന് കൊണ്ടിരിക്കുന്ന രാഷ്ട്രീയ ചിന്തകളിലെ മാറ്റമാണ് അത് പ്രതിഫലിപ്പിക്കുന്നത്. ആം ആദ്മിയും, തൃണമൂൽ കോൺഗ്രസും ക്രമാനുഗതമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ മുന്നേറുമ്പോൾ, ഒരു കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നിർണായക ശക്തിയായിരുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ് ക്രമാനുഗതമായി തകർച്ചയെ നേരിട്ട് കൊണ്ടിരിക്കുകയാണെന്ന യാഥാർഥ്യം നേതൃത്വം ഉൾക്കൊള്ളണം. ആം ആദ്മി പോലുള്ള, തൃണമൂൽ കോൺഗ്രസ് പോലുള്ള പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ ഇടം നേടിക്കൊണ്ടിരിക്കുമ്പോൾ പാരമ്പര്യത്തിന്റെ മഹിമയോ, കുടുംബ മേന്മയോ ഗുണം ചെയ്യില്ല. കോൺഗ്രസ് മുമ്പോട്ട് വയ്ക്കുന്ന രാഷ്ട്രീയം ജനങ്ങൾക്ക് മനസിലാകുന്നില്ലെങ്കിൽ, ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിൽ പാർട്ടി നേതൃത്വം ഒരു പുനർവിചിന്തനം നടത്തേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."