നമ്മളിനിയും അറിയാത്ത കര്‍ഷക സമരം
ആയിരക്കണക്കിന് കര്‍ഷകര്‍ തെരുവിലിറങ്ങിയ പ്രതിഷേധം, സ്വന്തം മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ രാജി, പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ഉയര്‍ത്തിയ എതിര്‍പ്പ്, ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച്, കര്‍ഷകര്‍ക്കുവേണ്ടിയെന്ന അവകാശവാദവുമായി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കി. ഇത് കര്‍ഷകരുടെ പ്രശ്‌നമല്ലേ അവര്‍ പ്രതിഷേധിക്കട്ടേ എന്ന് കരുതി മാറിനില്‍ക്കുന്നവര്‍ ശ്രദ്ധിക്കുക, ഈ രാജ്യത്തെ ഓരോ പൗരനെയും ബാധിക്കുന്ന, മറ്റൊരു കോര്‍പ്പറേറ്റ് കച്ചവടത്തിന്റെ കരാറുറപ്പിക്കുന്ന നിയമങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
എന്താണ് കാര്‍ഷിക നിയമം?
കൊവിഡ് വ്യാപനവും ലോക്ക്ഡൗണും കാലാവസ്ഥാ വ്യതിയാനവുമൊക്കെ മൂലം ദുരിതമനുഭവിക്കുന്ന രാജ്യത്തെ കര്‍ഷകര്‍ക്ക് ഇരട്ടി ആഘാതം ഉണ്ടാക്കുന്നതാണ് പുതിയ നിയമങ്ങള്‍. ഒരു രാജ്യം ഒരു വിപണി എന്ന മുദ്രാവാക്യവുമായാണ് കാര്‍ഷിക ഭേദഗതി ഓര്‍ഡിനന്‍സ് 2020 എന്ന പേരില്‍ അറിയപ്പെടുന്ന മൂന്ന് നിയമങ്ങള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്. 'ഫാര്‍മേര്‍സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേര്‍സ് പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ബില്‍', 'ഫാര്‍മേര്‍സ് എംപവര്‍മെന്റ് ആന്റ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷന്‍ അഷ്വറന്‍സ് ആന്റ് ഫാം സര്‍വിസ് ബില്‍', 'എസെന്‍ഷ്യല്‍ കമ്മോഡിറ്റീസ് അമെന്‍ഡ്‌മെന്റ് ബില്‍' എന്നിവയാണ് മൂന്ന് ഓര്‍ഡിനന്‍സുകളായും പിന്നീട് നിയമങ്ങളായും വന്നത്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ ആവശ്യക്കാരെ ലഭ്യമാക്കുന്നതും, ഏതെങ്കിലും തരത്തിലുള്ള ലൈസന്‍സുകളോ ഫീസുകളോ പരിധികളോ ഇല്ലാതെ സ്വതന്ത്രമായി വ്യാപാരം സാധ്യമാക്കുന്നതുമാണ് നിയമങ്ങളെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
എന്തുകൊ@് കര്‍ഷകര്‍
പ്രതിഷേധിക്കുന്നു?
പുതിയ നിയമങ്ങളോടെ കര്‍ഷകരുടെ വിലപേശല്‍ ശക്തി ഇല്ലാതാകുകയും, കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നതുമാണ് പ്രതിഷേധങ്ങള്‍ക്കുള്ള പ്രധാന കാരണം. കാര്‍ഷിക മേഖലയെ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണമുക്തമാക്കുന്നതാണ് നിയമം. ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിനുള്ള നിലവിലെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യപ്പെടും. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന വിളകള്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സംഭരിക്കുകയും അവ പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്നതുമായിരുന്നു ഇതുവരെയുള്ള രീതി.
കാര്‍ഷിക ചൂഷണം അവസാനിപ്പിക്കാന്‍ രൂപം നല്‍കിയ എ.പി.എം.സി അതായത്, അഗ്രിക്കള്‍ച്ചല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റിയുടെ അധികാരമില്ലാതാകും. പോരായ്മകളുണ്ടെങ്കിലും രാജ്യത്ത് ഹരിത വിപ്ലവം സാധ്യമാകുന്നതില്‍ പോലും പ്രധാന കാരണമായത് എ.പി.എം.സിയാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്. ഇതില്ലാതാകുന്നതോടെ ആര്‍ക്കു വേണമെങ്കിലും ഉല്‍പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും. പാന്‍ കാര്‍ഡുള്ള ഏത് വ്യാപാരിക്കും കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വാങ്ങാം. പ്രത്യേക ലൈസന്‍സോ, രജിസ്‌ട്രേഷനോ ആവശ്യമില്ല.
എ.പി.എം.സിയുടെ സംസ്ഥാന വിപണികള്‍ക്ക് പുറത്ത് വ്യാപാരം നടക്കുമ്പോള്‍, സെസ്, മാര്‍ക്കറ്റ് ഫീസ് അല്ലെങ്കില്‍ ലെവി തുടങ്ങിയവ ഉണ്ടാകില്ല. അതായത് കര്‍ഷകരും വ്യാപാരികളും സര്‍ക്കാരിന് നല്‍കേണ്ട നികുതി ഒഴിവാക്കപ്പെടും. ഇതിന്റെ ആനുകൂല്യം കര്‍ഷകര്‍ക്കും കമ്പനികള്‍ക്കും ഒരുപോലെ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വാദമെങ്കിലും, വന്‍കിട കോര്‍പറേറ്റുകളെ സഹായിക്കാന്‍ മാത്രമാണ് ഈ നീക്കമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പുതിയ നിയമത്തോടെ വിളകളുടെ ഉല്‍പാദനം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വിളകള്‍ വാങ്ങുന്ന കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടാനും വില നിശ്ചയിക്കാനും സാധിക്കും. ആര്‍ക്കും അവശ്യവസ്തുക്കള്‍ സംഭരിച്ച് വിതരണം ചെയ്യാം. സര്‍ക്കാര്‍ നിയന്ത്രണങ്ങളില്ലാതെ, ഇടനിലക്കാരില്ലാതെ നേരിട്ടാകും ഇടപാട്. ഒറ്റനോട്ടത്തില്‍ പ്രശ്‌നമില്ലെന്ന് തോന്നുമെങ്കിലും ഈ മാറ്റങ്ങള്‍ നിലവിലെ കച്ചവട രീതികളെ പാടെ മാറ്റിമറിക്കും. സര്‍ക്കാര്‍ ഇടപെടലില്ലാത്തതിനാല്‍ തന്നെ മെല്ലെ, മെല്ലെ സാധനങ്ങളുടെ വില കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിശ്ചയിക്കുന്ന സാഹചര്യം വരും. ഇതിനൊപ്പം എ.പി.എം.സിയുടെ അധികാരം ഇല്ലാതാകുന്നത്, ഭക്ഷ്യധാന്യങ്ങളുടെ വിലവര്‍ധനവിനും കാരണമായേക്കാം.
കാര്‍ഷിക നിയമം പ്രാബല്യത്തില്‍ വരുന്നതോടുകൂടി വില നിയന്ത്രണം പൂര്‍ണമായും ഇല്ലാതാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കര്‍ഷകര്‍ക്ക് പലപ്പോഴും ആശ്വാസമാകുന്ന താങ്ങുവില സമ്പ്രദായത്തിനൊപ്പം പൊതു ഭക്ഷ്യവിതരണവും, സംഭരണവും എടുത്ത് കളയുന്നതാണ് നിയമമെന്നും ആരോപണമുണ്ട്. പ്രൈസ് പ്രൊട്ടക്ഷന്‍ അഷ്വറന്‍സ് ആക്ട്, വിലയുടെ കാര്യത്തില്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് തടയുമെന്ന് പറയുന്നു, പക്ഷേ അവിടെയും വില നിര്‍ണയിക്കാനുള്ള സംവിധാനം നിര്‍ദേശിച്ചിട്ടില്ല. ഇത് സ്വകാര്യ കോര്‍പറേറ്റ് സ്ഥാപനങ്ങളെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
മുനയൊടിഞ്ഞ
കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍
നിയമങ്ങള്‍ പാസാക്കിയതിനെ രാജ്യത്തിന്റെ കാര്‍ഷിക ചരിത്രത്തിലെ സുപ്രധാന നിമിഷമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്. കര്‍ഷകരുടെ സംരക്ഷണ കവചമായ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ വരുമാനം ഇരട്ടിയാകുമെന്നും പ്രധാനമന്ത്രി അവകാശപ്പെടുന്നുണ്ട്. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില, വിപണിയിലെ സ്വതന്ത്ര ഇടപെടല്‍, ഇഷ്ടമുള്ളിടത്ത് വില്‍പന, കാര്‍ഷിക ഉല്‍പാദനത്തിലെ വര്‍ധനവ്, കാര്‍ഷിക മേഖലയിലെ വന്‍കിട നിക്ഷേപങ്ങള്‍ ഇങ്ങനെ നിരവധി വാഗ്ദാനങ്ങളോടെയാണ് പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍ നിയമം അവതരിപ്പിച്ചത്.
പൊടുന്നനെ സംഭവിച്ചതല്ല,
പ്രതിഷേധം
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത് കര്‍ഷകവിരുദ്ധ നിയമമാണെന്ന് ആരോപിച്ച് പഞ്ചാബിലും ഹരിയാനയിലും തുടങ്ങിയ പ്രതിഷേധം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. കര്‍ഷകര്‍ ഏറ്റവുമധികമുള്ള ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയുമടക്കം കര്‍ഷകര്‍ ഒന്നടങ്കം രംഗത്തെത്തി. പ്രതിപക്ഷ പാര്‍ട്ടികളും നിയമങ്ങളെ എതിര്‍ക്കുന്നുണ്ട്. നിയമങ്ങള്‍ ഫെഡറല്‍ സംവിധാനത്തെ പൂര്‍ണമായി തകര്‍ക്കുന്നതാണെന്നായിരുന്നു അകാലിദള്‍ നിലപാട്. ആദ്യം ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയ അകാലിദളിന്റെ നിലപാടു മാറ്റത്തിന് കാരണം ശക്തമായ കര്‍ഷക വികാരം തന്നെയാണ്. മുന്നണിയേക്കാള്‍ വലുത് കര്‍ഷകരാണെന്നാണ് പിന്നീട് അവര്‍ പ്രഖ്യാപിച്ചത്.
അകാലിദള്‍ നേതാവായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചതും കാര്‍ഷിക നിയമങ്ങളോടുള്ള പ്രതിഷേധം മൂലമായിരുന്നു. അംബാനിയുടെ ജിയോ വന്നപ്പോള്‍ എന്താണോ സംഭവിച്ചത് അതുതന്നെയാകും കാര്‍ഷിക ബില്ലിലൂടെയും സംഭവിക്കുക എന്നായിരുന്നു രാജിവച്ച ശേഷം അവര്‍ പറഞ്ഞത്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ കോര്‍പറേറ്റുകള്‍ക്ക് അനായാസം കര്‍ഷകരെ നിയന്ത്രിക്കാന്‍ സാധിക്കും. ഇത് മനസിലാക്കിയത് കൊണ്ട് തന്നെയാണ് രാജ്യത്തെ കര്‍ഷകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത്.
കര്‍ഷകരുടെ അടിത്തറയിളകുമെന്ന അവസ്ഥ മനസിലാക്കിയതോടെയാണ് സമരം കത്തിപ്പടരാന്‍ തുടങ്ങിയത്. പഞ്ചാബിലെയും ഹരിയാനയിലെയും കാര്‍ഷികമേഖലയില്‍ വന്‍ ദുരന്തം ഉണ്ടാവുമെന്ന തിരിച്ചറിവാണ് സമരം ശക്തിപ്പെടാന്‍ കാരണം. ഈ സമരം വടക്കേ ഇന്ത്യയിലെ കര്‍ഷകരുടെ മാത്രം പ്രശ്‌നമായി കാണാതിരിക്കുക. രാജ്യത്തെ കോടിക്കണക്കിനു വരുന്ന കര്‍ഷകര്‍ക്കും, തൊഴിലാളികള്‍ക്കും അവരെ ആശ്രയിച്ചുകഴിയുന്നവര്‍ക്കും ഈ നിയമങ്ങള്‍ നടപ്പിലാവുമ്പോള്‍ തൂക്കുകയര്‍ ഇടേണ്ടിവരും. കേരളത്തിലെ ഇടതുസര്‍ക്കാര്‍ പോലും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ കാണുന്നില്ല. സമരത്തോടൊപ്പം നില്‍ക്കുമ്പോഴും, ഇവിടത്തെ കര്‍ഷകരുടെ പ്രശനങ്ങള്‍ പഠിക്കാനോ, പരിഹരിക്കാനോ തയാറാവുന്നില്ല. കാര്‍ഷിക വിദഗ്ധരോട് ചര്‍ച്ച ചെയ്യുന്നില്ല. ഇവിടത്തെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന നെല്ല് ഉള്‍പ്പെടെ ഉള്ളവയ്ക്ക് നല്ല വില ഉറപ്പാക്കാന്‍ കഴിയുന്നില്ല. നാട്ടിലെ ജനങ്ങളെ ഊട്ടുന്ന കര്‍ഷകര്‍ ഇല്ലാതായാല്‍ നാമെല്ലാം പട്ടിണികിടന്നു ചാവും. ഈ തിരിച്ചറിവ് എന്നാണ് നമ്മള്‍ക്കുണ്ടാവുക.
നഷ്ടക്കാര്യം, ലാഭക്കാര്യം
കൃഷി നഷ്ടത്തിലാകുന്നതിന്റെ പ്രധാന കാരണം വിളവെടുപ്പ് മോശം ആകുന്നത് കൊണ്ടല്ല. മറിച്ച് കര്‍ഷകന് ഉല്‍പന്നങ്ങള്‍ക്ക് അര്‍ഹിക്കുന്ന വില ലഭിക്കാത്തതാണ്. അത് പരിഹരിക്കാന്‍ ആണ് സര്‍ക്കാര്‍ ചില ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിച്ചു നല്‍കിയിരിക്കുന്നത്. ഉല്‍പാദന ചിലവിന്റെ ഒന്നര ഇരട്ടി താങ്ങുവില കൊടുക്കണം എന്നായിരുന്നു സ്വാമിനാഥന്‍ കമ്മിറ്റിയുടെ നിര്‍ദേശം. 2014 തെരഞ്ഞെടുപ്പില്‍ മോദിയുടെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്. പക്ഷേ, പുതിയ നിയമത്തില്‍ താങ്ങുവിലയെ കുറിച്ച് പറയുന്നേയില്ല. താങ്ങുവില നിയമപരമായ അവകാശമാക്കിയാല്‍ പുതിയനിയമം വഴി വിപണി കീഴടക്കാന്‍ ലക്ഷ്യംവയ്ക്കുന്ന വന്‍കിട കോര്‍പറേറ്റ് കമ്പനികള്‍ക്ക് ആ വിലയ്‌ക്കോ അതില്‍ കൂടുതലോ കൊടുക്കേണ്ടി വരും. അതോടെ വന്‍ലാഭം എന്ന ലക്ഷ്യം ഉപേക്ഷിക്കേണ്ടിവരും. അത് ഒഴിവാക്കാന്‍ വന്‍കിടക്കാര്‍ക്ക് വേണ്ടിയാണ് മണ്ടികള്‍ക്ക് പുറത്ത് കര്‍ഷകര്‍ക്ക് പരിരക്ഷയില്ലാതെ വ്യാപാരം നടത്താന്‍ പുതിയ നിയമം അവസരമൊരുക്കുന്നത്. ബി.ജെ.പി സര്‍ക്കാരിന്റെ കോര്‍പറേറ്റ് സേവ പകല്‍ പോലെ വ്യക്തമാക്കുന്നതാണ് സത്യത്തില്‍ ഈ നിയമം.
മ@ികളില്‍ കര്‍ഷകര്‍ ചെയ്യുന്നത്
സ്വാതന്ത്ര്യം ലഭിച്ചുള്ള ആദ്യ വര്‍ഷങ്ങളില്‍ കര്‍ഷകരില്‍ നിന്നു നേരിട്ട് വ്യാപാരികള്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. ആ സാഹചര്യത്തില്‍ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ള വ്യാപാരികള്‍ പലവിധ സമ്മര്‍ദങ്ങള്‍ നടത്തി കുറഞ്ഞ വിലയ്ക്ക് കര്‍ഷകരില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങിക്കുകയും ഇത് കര്‍ഷകരുടെ ജീവിതം കൂടുതല്‍ ദുരിത പൂര്‍ണമാക്കുകയും ചെയ്തു. ഇത് അവസാനിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ മണ്ടികള്‍ (ചന്ത) സ്ഥാപിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഇത് ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്. അതായത് ഓരോ പ്രദേശത്തും കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ ഒരു പ്രത്യേക ചന്തയുണ്ടാകും. ആ ചന്ത നിയന്ത്രിക്കുന്ന ഒരു കമ്മിറ്റിയും ഉണ്ടാകും. കര്‍ഷകരില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങിക്കാന്‍ താല്‍പര്യമുള്ള വ്യാപാരികള്‍ കമ്മിറ്റിയില്‍ നിന്ന് അതിനായി ലൈസന്‍സ് എടുക്കണം. അവര്‍ക്ക് മാത്രമേ മണ്ടികള്‍ വഴി ഉല്‍പനങ്ങള്‍ വാങ്ങാന്‍ കഴിയൂ.
ഉദാഹരണത്തിന് വയനാട് ജില്ലയിലെ കര്‍ഷകര്‍ക്കായി സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പറ്റ എന്നിവിടങ്ങളില്‍ ചന്തകള്‍ (മണ്ടികള്‍) ഉണ്ടെന്നു കരുതുക. ഓരോ കര്‍ഷകര്‍ക്കും അവരുടെ പ്രദേശത്തിന് അനുസരിച്ചു നേരത്തെ നിശ്ചയിച്ച ചന്തകള്‍ ഉണ്ടാകും. വിളവെടുത്ത് തന്റെ ഉല്‍പന്നവുമായി കര്‍ഷകന്‍ ചന്തയില്‍ പോകുന്നു. അവിടെ ലൈസന്‍സ് എടുത്ത പത്ത് വ്യാപാരികള്‍ ഉണ്ടെന്നു കരുതുക. ഉല്‍പന്നത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച ഒരു മിനിമം താങ്ങുവിലയുണ്ടാകും. അതിനു മുകളില്‍ വ്യാപാരികള്‍ ലേലം വിളിച്ചു കര്‍ഷകരില്‍ നിന്നു സാധനങ്ങള്‍ വാങ്ങുന്നു. ഈ സംവിധാനം വഴി കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില കിട്ടും എന്നാണ് സര്‍ക്കാര്‍ ലക്ഷ്യംവച്ചത്. ഈ സംവിധാനത്തില്‍ വയനാട്ടിലെ കര്‍ഷകര്‍ക്ക് തന്റെ ഉല്‍പന്നങ്ങള്‍ കോഴിക്കോട്ടോ മൈസൂരോ കൊണ്ടുപോയി വില്‍ക്കാന്‍ ആവില്ല. അതുപോലെ ഏതെങ്കിലും വ്യാപാരിക്ക് നേരിട്ട് കര്‍ഷകരില്‍ നിന്ന് ഉല്‍പ്പനങ്ങള്‍ വാങ്ങാനും കഴിയില്ല.
എന്നാല്‍ കാലക്രമത്തില്‍ സംഭവിച്ചത് വ്യാപാരത്തിന് ലൈസന്‍സ് കൊടുക്കുക എന്നത് തന്നെ കൈക്കൂലിക്കുള്ള വഴിയായി കണ്ടു. ഇങ്ങനെ പണം കൊടുത്തു ലൈസന്‍സ് എടുക്കുന്ന വ്യാപാരികള്‍ അവരുടെ താല്‍പര്യ സംരക്ഷണത്തിനായി കാര്‍ട്ടല്‍ രൂപീകരിക്കുന്ന നിലവന്നു. അതായത് ലേലം തുടങ്ങുന്നത്തിനു മുന്നേ വ്യാപാരികള്‍ തമ്മില്‍ വിലയുടെ കാര്യത്തില്‍ ഒരു ധാരണയില്‍ എത്തും. ഞങ്ങള്‍ ഇന്ന് ഉള്ളിക്ക് കിലോയ്ക്ക് 10 രൂപയില്‍ കൂടുതല്‍ വിളിക്കില്ല അങ്ങനെ. ഫലത്തില്‍ ലേലം ഇല്ലാതെ വ്യാപാരികള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കേണ്ട ഗതികേടിലായി കര്‍ഷകര്‍. ഈ പ്രശ്‌നം പരിഹരിക്കണമെന്ന് കാര്‍ഷിക സംഘടനകള്‍ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. നിലവിലെ പുതിയ നിയമങ്ങള്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ലെന്ന് മാത്രമല്ല കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയും ചെയ്യും.
കേരളം കര്‍ഷകരെ മനസിലാക്കിയോ?
പ്രകൃതി ദുരന്തങ്ങളെയും കാലാവസ്ഥാ വ്യതിയാനത്തെയും സംബന്ധിച്ച് കേരളീയര്‍ അല്‍പമെങ്കിലും ഉത്കണ്ഠപ്പെടാന്‍ തുടങ്ങിയത് അടുത്തകാലത്താണ്. 2018ലെ മഹാപ്രളയം വരെ നാം കരുതിയിരുന്നത് കാലാവസ്ഥാ വ്യതിയാനം വിദൂരമായ എന്തോ സംഗതിയാണെന്നായിരുന്നു. 2018 മുതല്‍ക്കിങ്ങോട്ട് ഏതാണ്ട് 600- 700നും ഇടയ്ക്ക് ആളുകള്‍ പ്രകൃതി ദുരന്തങ്ങളുടെ ഫലമായി മരണപ്പെടുകയും നൂറുകണക്കായ ഉരുള്‍പൊട്ടലുകളും കൃഷിനാശവും സംഭവിക്കുകയും ചെയ്തു കഴിഞ്ഞപ്പോള്‍ മാത്രമാണ് കാര്യങ്ങള്‍ ഗൗരവതരമാണെന്ന ബോധ്യത്തിലേക്ക് നാം എത്തുന്നത്. അപ്പോഴും പ്രശ്‌നത്തിന്റെ യഥാര്‍ഥ കാരണങ്ങളിലേക്ക് കടക്കാനോ, നടന്നടുത്തുകൊണ്ടിരിക്കുന്ന ദുരന്തങ്ങളുടെ വ്യാപ്തി മനസിലാക്കാനോ ഒരു സമൂഹം എന്ന നിലയില്‍ നാം തയ്യാറായിട്ടില്ല. പതിറ്റാണ്ടുകളായി തുടരുന്ന പ്രകൃതിഹത്യയുടെ അനന്തരഫലമാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നോ, അതിന്റെ തീവ്രത ഇനിയും കൂടാനിരിക്കുന്നതേയുള്ളൂ എന്നോ തിരിച്ചറിയാതെ തൊലിപ്പുറത്തുള്ള ചികിത്സകളുമായി ഭരണകൂടവും ആസൂത്രണ വിദഗ്ധരും മുന്നോട്ടുവന്നിരിക്കുകയാണ്. 2018ലെ പ്രളയക്കെടുതിയുടെ സാമ്പത്തിക നഷ്ടത്തെ സംബന്ധിച്ച് വിവിധ ഏജന്‍സികള്‍ നടത്തിയ കണക്കെടുപ്പുകളെ മാത്രം ശ്രദ്ധിച്ചാല്‍ ഭരണകൂടത്തിന്റെ തെറ്റായ മുന്‍ഗണനകളെക്കുറിച്ചുള്ള ധാരണ നമുക്ക് ലഭിക്കും. 30,000 കോടി രൂപയോളം വരുന്ന സാമ്പത്തിക നഷ്ടം കണക്കാക്കിയിരിക്കുന്നതില്‍ പാരിസ്ഥിതിക നഷ്ടമെന്ന നിലയില്‍ വിലയിരുത്തിയിരിക്കുന്നത് ഏതാണ്ട് 240 കോടി രൂപയാണ്. ഈ കണക്കിന്റെ മാനദണ്ഡമെന്താണെന്ന് ചോദിച്ചാല്‍ വ്യക്തമായ ഒരുത്തരം നല്‍കാന്‍ ആര്‍ക്കും സാധിക്കില്ല. ഇത് കേരളത്തിലെ സാമ്പത്തിക ആസൂത്രണ വിദഗ്ധന്മാരുടെ പ്രശ്‌നമായി കാണേണ്ട ഒന്നല്ല. മറിച്ച്, അവര്‍ ഉപയോഗിക്കുന്ന സാമ്പത്തിക അളവുകോലിന്റെ പ്രശ്‌നമായിത്തന്നെ വിലയിരുത്തേണ്ടതാണ്. മനുഷ്യനടക്കം എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പിന്റെ അടിസ്ഥാന ശിലകളായ പ്രാകൃതി വിഭവങ്ങള്‍ക്കും പാരിസ്ഥിതിക സേവനങ്ങള്‍ക്കും മൂല്യനിര്‍ണയം നടത്താനുള്ള അളവുകോല്‍ സാമാന്യ സാമ്പത്തിക മാതൃക ഇതുവരെയും കണ്ടെത്തിയിട്ടില്ല എന്നതിന്റെ ദുരന്തഫലമാണ് വാസ്തവത്തില്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നതും ഭാവിതലമുറ കൂടുതല്‍ രൂക്ഷമായ തോതില്‍ അനുഭവിക്കാന്‍ പോകുന്നതും.
സമരത്തിന്റെ ഭാവി
ഈ സമരം വീണ്ടും തുടര്‍ന്നാല്‍ ഇന്ത്യയില്‍ കാര്‍ഷിക കലാപത്തിന് വഴിയൊരുക്കാനിടയുണ്ട്. കര്‍ഷകര്‍ അത്രയും അനുഭവിക്കുന്നു. പ്രത്യേകിച്ച്, പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍. പ്രശ്‌നം ഗൗരവത്തോടെ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഭാവി തുലാസിലാവും. ഇത് ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ മനസിലാക്കി തുടങ്ങിയിട്ടുണ്ട്. അവരുടെ അടിത്തറ ഇളകി കര്‍ഷക സമരത്തില്‍ ഒലിച്ചുപോവാന്‍ തുടങ്ങിയിട്ടുണ്ട്. പണം കൊടുത്ത് ജനപ്രതിനിധികളെ വാങ്ങുന്നതുകൊണ്ട് ജനകീയ അടിത്തറ ഉണ്ടാവില്ലെന്ന് തിരിച്ചറിയണം. ഇന്ത്യയിലെ പ്രമുഖരായ സാമ്പത്തികവിദഗ്ധര്‍ ഇന്ത്യയോട് വിടചൊല്ലുന്നു. ഇതും അപകടം ഉണ്ടാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."