ഹരിത നിയോജകമണ്ഡലം പദ്ധതിക്ക് തുടക്കമായി
ഹരിപ്പാട് : ഹരിപ്പാട് നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
വിദ്യാഭ്യാസ മേഖലയിലെ സമൂല ചര്‍ച്ചക്കും തീരുമാനങ്ങള്‍ക്കും ശേഷം രമേശ് ചെന്നിത്തല എം.എല്‍.എ ചെറുതന,കരുവാറ്റ, ചേപ്പാട്, ഹരിപ്പാട്,പളളിപ്പാട്,മുതുകുളം, എന്നീ പഞ്ചായത്തുകളിലെ നെല്‍കര്‍ഷകരുടെ പ്രതിനിധികളും വിവിധ പാടശേഖരസമിതി സെക്രട്ടറിമാരുടെയും പ്രസിഡന്റ്മാരുടെയും ജനപ്രതിനിധികള്‍ക്കുമായി ചര്‍ച്ച നടത്തി. ഹരിപ്പാട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം നടന്നത്.
ഹരിപ്പാട് കായംകുളം കൃഷി അസി.ഡയറക്ടര്‍മാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ഹരിപ്പാട് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാര്‍, പഞ്ചായത്ത് പ്രസിഡന്റ്മാര്‍ എന്നിവരും കരുവാറ്റ,ചേപ്പാട്, ഹരിപ്പാട്,പളളിപ്പാട്,മുതുകുളം, ചെറുതന, എന്നീ കൃഷി ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തു. ഈ വര്‍ഷം നെല്‍വര്‍ഷമായി ആചരിക്കുന്നതിനുളള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ പൂര്‍ണ്ണമായി വിജയിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാടിനെ ഹരിത നിയോജകമണ്ഡലമാക്കി മാറ്റുന്നതിനായി ഓണത്തിന് ശേഷം സംസ്ഥാന കൃഷി മന്ത്രിയും കാര്‍ഷിക വിദഗ്ദ്ധരും പങ്കെടുക്കുന്ന കാര്‍ഷിക സെമിനാര്‍ സങ്കെടുപ്പിക്കും നെല്‍കൃഷി വികസനത്തിന് ആവശ്യമായ തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പദ്ധതി രൂപീകരണത്തിനുമായി അടുത്ത 10 ദിവസത്തിനുളളില്‍ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കരട് സമര്‍പ്പിക്കുന്നതിനായി ഹരിപ്പാട്-മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരെയും കായംകുളം- ഹരിപ്പാട് എ.ഡിമാരെയും ചുമതലപ്പെടുത്തി. സമഗ്ര കാര്‍ഷിക വികസന പദ്ധതി നടപ്പാക്കുന്നതിന്റെ മുഖ്യ സംഘാടകരായി ഹരിപ്പാട് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരെ ചുമതലപ്പെടുത്തി.
കര്‍ഷകരെ സഹായിക്കുന്നതിനായി ഇനി മുതല്‍ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സഹായി എന്ന പേരില്‍ ഒരു പ്രത്യേക കൗണ്ടര്‍ തുറക്കുന്നതിനും തീരുമാനമായി.
എം.എല്‍.എ, എം.പി ഫണ്ടുകള്‍, കോര്‍പ്പസ് ഫണ്ടുകള്‍, ആര്‍.കെ.വി.വൈ പദ്ധതി, കൃഷി വകുപ്പിന്റെ പ്ലാന്‍ഫണ്ട്, കേന്ദ്രപദ്ധതി ആയിട്ടുളള ആര്‍.ഐ.ഡി.എഫ,് നബാര്‍ഡ് എന്നീ പദ്ധതികള്‍ സംയുക്തമായും സംസ്ഥാന ഹോര്‍ട്ടികോര്‍പ്പ്, സംസ്ഥാന വെജിറ്റബിള്‍ആന്റ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ ഫണ്ടുകള്‍ സര്‍ക്കാര്‍ അനുമതിക്ക് വിധേയമായി ഹരിപ്പാട്ടെ കര്‍ഷകര്‍ക്ക് വേണ്ടി പദ്ധതികളായി നടപ്പാക്കും. ഇതിനായി സംസ്ഥാന കൃഷി ഡയറക്ടറുടെ നേതൃത്വത്തില്‍ ഹരിപ്പാട് പ്രത്യേക യോഗം ചേരും.
ഹരിത നിയോജകമണ്ഡലം പദ്ധതിയില്‍പ്പെടുത്തി ഹരിപ്പാട്ടെ തരിശുഭൂമികളെല്ലാം കൃഷിയോഗ്യമാക്കി കൃഷിയില്‍ പുതിയൊരു വിപ്ലവം സൃഷ്ടിക്കുന്ന ഹരിത ഹരിപ്പാട് പദ്ധതിക്ക് തുടക്കം കുറിക്കും. അതിനായി സംയുക്ത പ്രോജക്ട് നടപ്പിലാക്കക, കുടുംബശ്രീകളെ കോര്‍ത്തിണക്കി കൃഷിക്കു വേണ്ടിയുള്ള പദ്ധതി ഡോ.അംബേദ്കറുടെ നാമധേയത്തില്‍ മാതൃകാകൃഷി പദ്ധതിയായി ഹരിപ്പാട് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
എല്ലാ പഞ്ചായത്തുകളിലും ഹൈടെക് കാര്‍ഷിക പരിശീലനം (പോളി ഹൗസ്, ഗ്രീന്‍ഹൗസ്, ജൈവകൃഷി) നല്‍കും. നാളികേര കര്‍ഷകരെ സഹായിക്കുന്നതിനായി 10 പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലുമായി കൊപ്രാ സംഭരണ യൂണിറ്റുകള്‍ക്ക് തുടക്കം കുറിക്കാനും. സംസ്ഥാന കൃഷിവകുപ്പുമായി ചേര്‍ന്ന് നാളീകേര കര്‍ഷകരെ സഹായിക്കുന്നതിനായി ഓരോ വാര്‍ഡും കേന്ദ്രീകരിച്ച് രോഗബാധിതമായ തെങ്ങുകള്‍ വെട്ടിമാറ്റി പുതിയ തെങ്ങിന്‍ തൈകള്‍ നല്‍കുന്നതിന് സഹായം ഏര്‍പ്പെടുത്തുവാനും പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് എല്ലാ വീടുകളിലും ''ഒരുമരം'' പദ്ധതി ആവിഷ്‌ക്കരിക്കുവാനും കൂടുതല്‍ ജൈവ പച്ചക്കറി വിപണന സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുവാനും ഉദ്ദേശിക്കുന്നുണ്ട്. ഈ പദ്ധതികളുടെ നടത്തിപ്പിനോടൊപ്പം സമ്പൂര്‍ണ്ണ പച്ചക്കറി കൃഷി വ്യാപനം, ഇടവിള കൃഷി എന്നിവക്കായി കുടുംബശ്രീ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനായി സി.ഡി.എസ്, എ.ഡി.എസ് ഭാരവാഹികളുടെ യോഗം ചേരുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്‍ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കാനും തീരുമാനിച്ചു. പാടശേഖരങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഹരിപ്പാട്,കായംകുളം കൃഷി അസി.ഡയറക്ടര്‍മാരെയും ചുമതലപ്പെടുത്തി.
ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവ് ജോണ്‍ തോമസ്, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എം.കെ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാ സന്തോഷ്, പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രക്കുറുപ്പ്, ചെറുതന പഞ്ചായത്ത് പ്രസിഡന്റ് രത്‌നകുമാരി, ഹരിപ്പാട് മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.എം രാജു, മുതുകുളം പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാമചന്ദ്രക്കുറുപ്പ,് ഹരിപ്പാട് കൃഷി അസി.ഡയറക്ടര്‍ മായാദേവി കുഞ്ഞമ്മ, കായംകുളം കൃഷി അസി.ഡയറക്ടര്‍ അനില്‍കുമാര്‍, അസി.ഡയറക്ടര്‍ എലിസബത്ത് ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."