ജോൺസൺ ആൻഡ് ജോൺസൺ സിംഗിൾ ഡോസ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യുണൈറ്റഡ് നാഷൻ: ജോൺസൺ ആൻഡ് ജോൺസൺ സിംഗിൾ ഡോസ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. കൊവിഡ് 19 നെതിരായ ഫലപ്രദവും സുരക്ഷിതവുമായ വാക്സിനുകളുടെ പട്ടികയിൽ അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ കഴിയും. ഇതോടെ ഒറ്റ ഡോസ് വാക്‌സിൻ സുരക്ഷിതമായി ഉപയോഗിക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വാക്‌സിനേഷൻ ഒറ്റ ഡോസ് മാത്രമാണെന്നതിനാൽ ഇത് വിതരണം ഏറെ സുഖമാക്കുമെന്നാണ് വിലയിരുത്തുന്നത്. അൾട്രാ-കോൾഡ് സപ്ലൈ ചെയിനുകൾ (-20 ഡിഗ്രി സെൽഷ്യസ്) ആവശ്യമാണെന്നും 2 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ മൂന്ന് മാസം സൂക്ഷിക്കാമെന്നതും ജോൺസൺ ആൻഡ് ജോൺസൺ വാക്സിനെ ശ്രദ്ധേയമാക്കുന്നു.
നാലാമത്തെ വാക്‌സിനുള്ള അംഗീകാരം നൽകുന്നത് പകർച്ചവ്യാധിയെ നിയന്ത്രിക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ: ടെഡ്രോസ് അദാനോം പറഞ്ഞു. എങ്കിലും എല്ലാ രാജ്യങ്ങളിലെയും എല്ലാ ആളുകൾക്കും വാക്സിനുകൾ നൽകിയാൽ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ രാജ്യങ്ങൾക്കും ന്യായമായ വിലയ്ക്ക് വാക്സിനുകൾ ലഭ്യമാക്കുന്നതിനായി വികസ്വര രാജ്യങ്ങളിലെ ഉൽപ്പാദനം ത്വരിതപ്പെടുത്താനും അതിന്റെ സാങ്കേതികവിദ്യകൾ കൈമാറാനും അദ്ദേഹം ലോക രാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ലൈസൻസുള്ള വാക്സിനുകളുടെ സുരക്ഷ വിലയിരുത്തുന്നത് സംഘടന തുടരുകയാണ്. ഉപയോഗത്തിനായി ലൈസൻസുള്ള എല്ലാ വാക്സിനുകളും സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."