ഹിന്ദുത്വവാദം നിറഞ്ഞാടിയ തെരഞ്ഞെടുപ്പ്
ഹരിദ്വാറിലെ മുസ്ലിംകൾക്കെതിരായ വിദ്വേഷ പ്രസംഗത്തിന് പിന്നാലെയാണ് യു.പിയിലെ തെരഞ്ഞെടുപ്പ് 80 ശതമാനവും 20 ശതമാനവും തമ്മിലാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരസ്യമായി പ്രഖ്യാപിച്ചത്. 2017ൽ ഒരു മുസ്ലിമിനെപ്പോലും സ്ഥാനാർഥിയാക്കാതിരുന്ന ബി.ജെ.പി ഇത്തവണയും പതിവ് തെറ്റിച്ചില്ല. യു.പി മാത്രമല്ല തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും താഴേക്കിടയിൽ വർഗീയ പ്രചാരണം നടത്തിയാണ് ബി.ജെ.പി നാലു സംസ്ഥാനങ്ങളിൽ ഭരണത്തുടർച്ച ഉറപ്പാക്കിയിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള തെരഞ്ഞെടുപ്പ് ഫലം രാജ്യത്തെ മതേതര സമൂഹത്തിനുള്ള അവസാന മുന്നറിയിപ്പാണ്.
എത്ര ഫലപ്രദമായാണ് ബി.ജെ.പി വർഗീയതയുടെ കരുക്കൾ നീക്കുന്നതെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പുകൾ പിടിക്കാൻ വികസനത്തെക്കാൾ നല്ല ആയുധമാണ് ഹിന്ദുത്വവാദമെന്ന ബി.ജെ.പി തിരിച്ചറിഞ്ഞിരിക്കുന്നു. യു.പിയിൽ മാത്രമല്ല, ഉത്തരാഖണ്ഡിലും ഗോവയിലും ബി.ജെ.പിക്ക് ഇത്തവണ മുന്നോട്ടുവയ്ക്കാൻ ഭരണ നേട്ടങ്ങളൊന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ഒരു ജനകീയ പദ്ധതി പോലും പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. എണ്ണവില ഇനിയും ഉയരില്ലെന്ന് പോലും സർക്കാരിന് പറയാൻ കഴിഞ്ഞിരുന്നില്ല. രാജ്യത്തെ തൊഴിലില്ലായ്മക്ക് പരിഹാരമുണ്ടായിരുന്നില്ല. നോട്ടുനിരോധനമുണ്ടാക്കിയ കെടുതികൾ അവസാനിച്ചിട്ടുണ്ടായിരുന്നില്ല.
എന്നിട്ടും ബി.ജെ.പിക്ക് ജയിക്കാൻ ഹിന്ദുത്വവാദത്തിന്റെ ചേരുവകൾ മതിയായി. കനത്തപരാജയമാണ് ഉത്തർപ്രദേശിൽ കോൺഗ്രസ് നേരിട്ടത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകൾ ഉണ്ടായിരുന്നെങ്കിൽ 2022ൽ എത്തുമ്പോൾ നിയമസഭയിലേക്ക് കോൺഗ്രസ് പ്രതിനിധികളായി എത്തുന്നത് രണ്ട് പേർ മാത്രം. കേവലം 2.36 ശതമാനം വോട്ട് മാത്രമാണ് കോൺഗ്രസിന് നേടാനായത്. സോണിയാ ഗാന്ധിയുടെ ലോക്സഭ മണ്ഡലം ഉൾക്കൊള്ളുന്ന റായ്ബറേലിയും രാഹുൽ ഗാന്ധിയുടെ പഴയ ലോക്സഭ സീറ്റ് ഉൾക്കൊള്ളുന്ന അമേത്തി നിയമസഭാമണ്ഡലത്തിലും കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്.
സമാജ് വാദി പാർട്ടി 110 സീറ്റുകൾ നേടിയിട്ടുണ്ടെന്നത് മാത്രമാണ് ഉത്തർപ്രദേശിൽ നിന്നുള്ള ഏക ആശ്വാസം. എന്നാൽ ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലുമെല്ലാം കോൺഗ്രസ് കാര്യമായ വെല്ലുവിളിയുയർത്താതെ കീഴടങ്ങുകയായിരുന്നു. യു.പിയിൽ മായാവതിയുടെ തകർച്ചയും വിലയിരുത്തേണ്ടതാണ്. ബി.ജെ.പിയുമായി രഹസ്യധാരണയുണ്ടാക്കിയ മായാവതി സ്വന്തം വോട്ടുബാങ്ക് ബി.ജെ.പിക്ക് അടിയറവച്ചതല്ലാതെ സ്വന്തമായി നേട്ടമൊന്നുമുണ്ടാക്കിയില്ല. പഞ്ചാബിൽ തെരഞ്ഞെടുപ്പെത്തും വരെ തമ്മിലടിച്ച കോൺഗ്രസ് 18 സീറ്റുകളിലൊതുങ്ങി. ബി.ജെ.പിക്കെതിരേ കോൺഗ്രസ് ശക്തമായ പ്രകടനം കാഴ്ചവയ്ക്കുമെന്ന് എക്‌സിറ്റ് പോളുകൾ പ്രവചിച്ച ഉത്തരാഖണ്ഡിലെ 70 സീറ്റുകളിൽ 47 സീറ്റുകളും ബി.ജെ.പി നേടി. രണ്ടാംസ്ഥാനത്തുള്ള കോൺഗ്രസ് നേടിയത് 19 സീറ്റുകൾ മാത്രം. മണിപ്പൂരിലെ 60 സീറ്റുകളിൽ 32 സീറ്റുകൾ നേടി ബി.ജെ.പി ഭരണം നിലനിർത്തി. ഗോവയിലും കോൺഗ്രസിന് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. 40ൽ 20 സീറ്റുകളും നേടിയത് ബി.ജെ.പിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."