നിങ്ങളെന്നെ കേരള കോണ്‍ഗ്രസാക്കി
തെരഞ്ഞെടുപ്പായാല്‍ രാഷ്ട്രീയകക്ഷികളില്‍ ഇത്തിരി പ്രതിഷേധങ്ങളും പൊട്ടിത്തെറികളും മറുകണ്ടംചാട്ടങ്ങളുമൊക്കെ വേണം. ചലനങ്ങളില്ലാത്ത ജനാധിപത്യത്തിന് ഒട്ടും ഭംഗിയുണ്ടാവില്ല. നമ്മുടെ നാട്ടില്‍ ജനാധിപത്യമെന്ന ഒരു സംഗതിയുണ്ടെന്ന് മഹാഭൂരിപക്ഷം ആളുകളും കാര്യമായി ചിന്തിക്കുന്നതുതന്നെ ജനാധിപത്യത്തിന്റെ ഉത്സവമെന്നൊക്കെ പറയുന്ന തെരഞ്ഞെടുപ്പ് കാലത്താണ്. വെടിക്കെട്ടില്ലാതെ പിന്നെന്ത് ഉത്സവം. സ്ഥാനാര്‍ഥികളുടെ പേരില്‍ പരസ്യപ്രതിഷേധത്തിനും ബഹളത്തിനുമൊക്കെ ഇറങ്ങിത്തിരിക്കുന്ന പാര്‍ട്ടികളാണ് സത്യത്തില്‍ ജനാധിപത്യത്തെ ചലനാത്മകമാക്കുന്നത്.
എന്തൊക്കെ തകരാറുകളുണ്ടെങ്കിലും കോണ്‍ഗ്രസാണ് എക്കാലത്തും ഇക്കാര്യത്തില്‍ ഏറ്റവും മികച്ച സംഭാവനകള്‍ നല്‍കുന്നത്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സ്വതന്ത്ര ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് തുടങ്ങിയ കാലം മുതല്‍ അവരത് ചെയ്തുപോരുന്നുണ്ട്.
ഇത്തവണ ആ ചുമതല കോണ്‍ഗ്രസുകാര്‍ക്കു മാത്രം വിട്ടുകൊടുത്ത് അവരെ മാത്രം അങ്ങനെ ജനാധിപത്യത്തിന്റെ മുന്നണിപ്പോരാളികളാക്കേണ്ടെന്ന് മറ്റു ചില പാര്‍ട്ടികളും തീരുമാനിച്ച് ഇറങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് സി.പി.എം. മുന്‍പ് വി.എസ് അച്യുതാനന്ദന് പാര്‍ട്ടി സീറ്റ് നിഷേധിച്ചപ്പോള്‍ നടന്നതൊഴിച്ചാല്‍ സ്ഥാനാര്‍ഥിത്വത്തിന്റെ പേരിലുള്ള പരസ്യപ്രതിഷേധങ്ങള്‍ ആ പാര്‍ട്ടിയില്‍ പതിവുള്ള കാര്യമല്ല. പിന്നെ കമ്യൂണിസം കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാകണമെന്ന് മാര്‍ക്‌സ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ട് ഇക്കാര്യത്തിലും പാര്‍ട്ടി വലിയൊരു മാറ്റത്തിനു തുടക്കം കുറിച്ചിരിക്കുകയാണ്. ഇത്തവണ കുറ്റ്യാടിയിലും പൊന്നാനിയിലുമൊക്കെ സ്ഥാനാര്‍ഥികളുടെ പേരില്‍ വന്‍ ആള്‍ക്കൂട്ടത്തെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങളാണ് ധീരസഖാക്കള്‍ നടത്തിയത്. അതും സ്വന്തം പാര്‍ട്ടിയിലെ വലിയ നേതാക്കള്‍ക്കെതിരേ അസഭ്യ മുദ്രാവാക്യങ്ങളുമായി. കോണ്‍ഗ്രസുകാര്‍ പോലും ഞെട്ടിപ്പോകുന്ന തരത്തില്‍. അതുകണ്ടപ്പോള്‍ മോശമാക്കരുതല്ലോ എന്നു കരുതി ചടയമംഗലത്തും മറ്റും സി.പി.ഐക്കാരും ഇറങ്ങി.
ഏതായാലും തെരുവിലെ വിഴുപ്പലക്കലില്‍ ഒന്നാം സ്ഥാനം സി.പി.എമ്മിനു വിട്ടുകൊടുക്കില്ലെന്ന ദൃഢനിശ്ചയത്തില്‍ തന്നെയാണ് കോണ്‍ഗ്രസുകാര്‍. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിപ്പട്ടിക വൈകിയതുകൊണ്ട് ഇക്കാര്യവും വൈകിയെന്നു മാത്രം. ഇത്തിരി ലേറ്റായാലെന്താ, കോണ്‍ഗ്രസുകാര്‍ ലേറ്റസ്റ്റായി തന്നെ വരും. ആകെമൊത്തം കേരളം ജനാധിപത്യസുരഭിലമാകുകയാണ്.
സീറ്റ് കിട്ടില്ലെന്ന് ഉറപ്പാകുന്ന ദിവസത്തിനു പിറ്റേന്നുതന്നെ അതുവരെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ത്ത പാര്‍ട്ടിയിലേക്കു പോകുന്നതാണ് മറ്റൊരു മഹത്തായ ജനാധിപത്യപ്രക്രിയ. ഇക്കാര്യത്തിലും ഒന്നാംസ്ഥാനത്ത് കോണ്‍ഗ്രസുകാരാണ്. പിന്നെ മുസ്‌ലിം ലീഗുകാരും. ടി.കെ ഹംസയും ചെറിയാന്‍ ഫിലിപ്പും പി.ടി.എ റഹീമും കാരാട്ട് റസാഖുമടക്കം കോണ്‍ഗ്രസിലും ലീഗിലും ഗതിപിടിക്കാതെ കിടന്ന പലരും ഇങ്ങനെ മറുകണ്ടം ചാടി രക്ഷപ്പെട്ടിട്ടുണ്ട്. സി.പി.എമ്മില്‍ അങ്ങനെ ഉടനടി മറുകണ്ടം ചാട്ടം പതിവില്ലെങ്കിലും ഇത്തവണ അക്കാര്യത്തിലും കോണ്‍ഗ്രസിന്റെ കുത്തക പാര്‍ട്ടി തകര്‍ത്തു. ചേര്‍ത്തലയിലെ ഒരു നേതാവ് പാര്‍ട്ടിവിട്ട് ഉടന്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു.
അതൊക്കെ സീറ്റ് കിട്ടാത്ത നിരാശരുടെ ജനാധിപത്യ ചെയ്തികള്‍. എന്നാല്‍ വെടക്കാക്കി തനിക്കാക്കുക എന്നൊക്കെ പറയുന്നതുപോലെ പുറത്താക്കി തനിക്കാക്കുക എന്നൊരു രാഷ്ട്രീയ തന്ത്രവും ജനാധിപത്യത്തില്‍ സാധ്യമാണെന്ന് കാട്ടിത്തന്നിരിക്കുകയാണ് സി.പി.എം. യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലെത്തിയ കേരള കോണ്‍ഗ്രസി(എം)ന് അഭിമാനം കാത്തു എന്ന് പറഞ്ഞുനില്‍ക്കാന്‍ കുറച്ചു സീറ്റുകള്‍ എണ്ണത്തില്‍ കാണിക്കണം. എന്നാല്‍ അതിലൊന്ന് സി.പി.എമ്മിന് തിരിച്ചെടുക്കുകയും വേണം. അതിനു കണ്ട മാര്‍ഗമാണ് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും പാര്‍ട്ടി അംഗവുമായ വനിതയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കല്‍. അയല്‍ക്കാരും ബന്ധുക്കളുമൊക്കെയാകുമ്പോള്‍ പലതും പരസ്പരം കടംകൊടുക്കുകയും വാങ്ങുകയുമൊക്കെ വേണ്ടിവരുമല്ലോ. അങ്ങനെ കണ്ടാല്‍ മതി.
എന്തായാലും സി.പി.എമ്മില്‍ നിന്ന് പുറത്തുപോകാന്‍ അവര്‍ക്ക് ഒട്ടും ഇഷ്ടമില്ല. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കാതെ നിവൃത്തിയുമില്ല. അങ്ങനെ പൊന്നരിവാളമ്പിളിയില്‍ കണ്ണെറിഞ്ഞിരുന്ന അവരിപ്പോള്‍ മനസ്സില്ലാമനസ്സോടെ രണ്ടിലക്കാരിയാവുകയാണ്.
ഒരു ഫോണിലെന്തിരിക്കുന്നു?
കേരളത്തിലെ രാഷ്ട്രീയകക്ഷികളുടെ വലിയ നേതാക്കളൊക്കെ അവരുടെ പ്രവാസി സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കാനെന്ന പേരില്‍ വിദേശത്തു പോകാറുണ്ട്. കൈനിറയെ ഉപഹാരങ്ങളും മറ്റുമായാണ് അവര്‍ തിരിച്ചെത്തുക. പണവും കാണുമെങ്കിലും അതു നേരിട്ട് കൈയില്‍ കൊണ്ടുവരില്ല. അതിന് അവര്‍ക്ക് വേറെ സംവിധാനങ്ങളുണ്ട്.
പല കാര്യങ്ങള്‍ക്കും ഉപകാരപ്പെടേണ്ടവരായതുകൊണ്ട് കേരളത്തിലും പുറത്തും ബിസിനസ് നടത്തുന്ന പണക്കാരും സമ്പന്നരായ പാര്‍ട്ടി അനുഭാവികളുമൊക്കെയാണ് അതു നല്‍കുന്നത്. എത്രകിട്ടിയാലും മതിയാകാത്തവരാണ് മിക്ക നേതാക്കളും. ചിലര്‍ കിട്ടിയതിനു പുറമെ ചോദിച്ചുവാങ്ങാറുണ്ടെന്നും കേട്ടിട്ടുണ്ട്.
അതവരുടെ കുറ്റമൊന്നുമല്ല. ചില തൊഴിലുകള്‍ ചെയ്യുന്നവരില്‍ ചിലതരം അസുഖങ്ങളുണ്ടാകാറുണ്ടല്ലോ. പണ്ട് മാവൂര്‍ ഗ്വാളിയര്‍ റയണ്‍സില്‍ പണിയെടുത്തിരുന്ന പലരും ശ്വാസകോശരോഗികളായി മാറിയിരുന്നു. മാലിന്യമുണ്ടാക്കുന്ന മറ്റുതരം ഫാക്ടറികളിലെ തൊഴിലാളികള്‍ക്കും രോഗങ്ങള്‍ വരാറുണ്ട്. അതുപോലെ അധികാരരാഷ്ട്രീയപ്പണി ചെയ്യുന്നവര്‍ക്കു വരുന്ന രോഗങ്ങളാണ് വിട്ടുമാറാത്ത അധികാരമോഹം, ആക്രാന്തം, സുഖഭോഗാസക്തി തുടങ്ങിയവ. രോഗം ആരുടെയും കുറ്റമല്ലല്ലോ. ഈ രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സയില്ല. ചികിത്സിച്ചു മാറ്റാവുന്ന രോഗങ്ങളുമല്ല. നേതാക്കളില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്ന രോഗങ്ങളല്ല ഇവ. കൊവിഡ് പോലെ തന്നെ അവരുടെ കുടുംബാംഗങ്ങളിലേക്കും സ്ഥിരം സമ്പര്‍ക്കമുള്ള ശിങ്കിടികളിലേക്കുമൊക്കെ അതു വ്യാപിക്കും. മാസ്‌ക് ധരിച്ചോ സാനിറ്റൈസര്‍ പുരട്ടിയോ ഒന്നും അതു തടയാനാവില്ല.
ഈ രോഗാവസ്ഥ തിരിച്ചറിഞ്ഞ് നാട്ടിലെ തന്നെ വന്‍കിട മുതല്‍ ചെറുകിട വരെയുള്ള ബിസിനസ് സംരംഭകര്‍ നേതാക്കള്‍ക്കും അവരെ സ്വാധീനിക്കാന്‍ ശേഷിയുള്ള കുടുംബാംഗങ്ങള്‍ക്കും ശിങ്കിടികള്‍ക്കുമൊക്കെ ഉപഹാരങ്ങള്‍ നല്‍കിക്കൊണ്ടേയിരിക്കുന്നത് നാട്ടുനടപ്പാണ്. അങ്ങനെയായിരിക്കണം ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിയുടെ കരാര്‍ ലഭിക്കാനോ മറ്റോ വേണ്ടി യൂനിടാക് കമ്പനി ഉടമ വേണ്ടപ്പെട്ടവര്‍ക്കു നല്‍കാന്‍ സ്വപ്നയെ ഏല്‍പ്പിച്ച ഐഫോണുകളിലൊന്ന് വലിയൊരു വിപ്ലവപ്പാര്‍ട്ടിയുടെ പി.ബി നേതാവിന്റെ വീട്ടിലെത്തിയത്. ആ ഫോണുകള്‍ എവിടെയെന്ന് അന്വേഷിച്ചുനടന്ന അന്വേഷണ ഏജന്‍സികള്‍ക്കു കിട്ടിയ വിവരം അതിലൊന്ന് ആ നേതാവിന്റെ ഭാര്യ ഉപയോഗിച്ചു എന്നാണ്. അതില്‍ അവരുടെ സിംകാര്‍ഡ് കണ്ടെത്തിയതാണ് കാരണം. ഫോണ്‍ അവര്‍ ഉപയോഗിച്ചതല്ലെന്നും നേതാവിനേക്കാള്‍ അതിപ്രശസ്തരായ മക്കളിലൊരാള്‍ ഉപയോഗിച്ചതാണെന്നുമൊക്കെയുള്ള വാര്‍ത്ത വരുന്നുമുണ്ട്. ലൈഫ് മിഷന്‍ വിവാദം വന്നതോടെ ആ ഫോണ്‍ ഉപയോഗിക്കാതായെന്നും വാര്‍ത്തയുണ്ട്.
അതങ്ങ് പുകിലായി. ഇപ്പോള്‍ സകലമാന ബൂര്‍ഷ്വാ, വലതുപക്ഷ ശക്തികളും അതില്‍ കയറിപ്പിടിച്ചിരിക്കുകയാണ്. നേതാവിന്റെ ഭാര്യയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടിസയയ്ക്കുകയും അവര്‍ ആദ്യം പോകാതിരിക്കുകയുമൊക്കെ ചെയ്തതോടെ അതു കൂടുതല്‍ പുകയുകയുമാണ്.
ഇതൊക്കെ ഇത്ര വലിയ കാര്യമാണോ? ആരെങ്കിലും സന്തോഷത്തോടെ നല്‍കുന്ന ഉപഹാരങ്ങള്‍ സ്വീകരിക്കുന്നത് കുറ്റകരമാണെന്ന നിയമമൊന്നും ഈ നാട്ടിലില്ല. അങ്ങനെ നല്‍കുന്നതു വേണ്ടെന്നു പറഞ്ഞ് അവരുടെ മനസ്സു വേദനിപ്പിക്കുന്നത് കേരളീയ സംസ്‌കാരമനുസരിച്ച് ഒട്ടും ശരിയുമല്ല. പിന്നെ ഇന്നത്തെ കാലത്ത് ഇതത്ര വലിയ ഉപഹാരവുമല്ല. വെറും 1.13 ലക്ഷം രൂപയാണ് ആ ഫോണിന്റെ വില. ശരാശരി സി.പി.ഐ നേതാക്കളെയും കടന്നപ്പള്ളി രാമചന്ദ്രനെയും പോലെയുള്ളവര്‍ക്ക് അതു വലിയൊരു തുകയായിരിക്കും. ഇത്രയൊക്കെ വിലയുള്ള ഉപഹാരം കിട്ടിയാല്‍ അവര്‍ പേടിച്ചുപോയെന്നുമിരിക്കും. എന്നാല്‍ വലിയ പാര്‍ട്ടികളുടെ നേതാക്കളെയോ കുടുംബത്തെയോ സംബന്ധിച്ച് അതു വെറുമൊരു ചീള് കേസ്. എന്നിട്ടും പ്രൈമറി പിള്ളേര്‍ പരസ്പരം പിച്ചി, മാന്തി എന്നൊക്കെ പരാതിപറയുന്നതുപോലെ ഫോണ്‍ കിട്ടി, അതില്‍ കോള്‍ ചെയ്തു, വാട്‌സ്ആപ്പ് നോക്കി എന്നൊക്കെ കുറ്റപ്പെടുത്തി നടക്കുകയാണ് ചിലര്‍. അല്ലെങ്കില്‍ തന്നെ ഒരു മൊബൈല്‍ ഫോണിലെന്തിരിക്കുന്നു, സിം കാര്‍ഡ് അല്ലാതെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."