മാവോയിസ്റ്റുകള്‍ക്കുമില്ലേ മനുഷ്യാവകാശം?
നക്‌സലൈറ്റ് നേതാവ് എ. വര്‍ഗീസിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച അതേ ദിവസമാണ് മാവോയിസ്റ്റ് വേല്‍മുരുകന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വാര്‍ത്ത പുറത്തുവന്നത്. വേല്‍മുരുകന്റെ ശരീരത്തില്‍ വെടിയേറ്റ 44 മുറിവുകളുണ്ടായിരുന്നെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയെന്നായിരുന്നു വാര്‍ത്ത. വേല്‍മുരുകന്റെ ഹൃദയം, കരള്‍, വൃക്ക, ആമാശയം മുതല്‍ വൃഷണം വരെയുള്ള പ്രധാന അവയവങ്ങളെല്ലാം വെടിയേറ്റു തകര്‍ന്നിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനേക്കാള്‍ ഞെട്ടിക്കുന്ന കാര്യമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് ഇനി പറയാനുള്ളത്. അത്, വേല്‍മുരുകന്റെ രണ്ടു കാലെല്ലും തകര്‍ന്നിരുന്നുവെന്നതാണ്. വാര്‍ത്ത കാലെല്ലിന്റെ തകര്‍ച്ചയിലല്ല, അതു തകര്‍ത്ത സമയത്തിലാണ്. മുരുകന്‍ മരിച്ചു കഴിഞ്ഞ ശേഷമാണ് കാലെല്ലു തകര്‍ത്തത്. മൃതദേഹത്തോടു പോലും കാണിച്ച കണ്ണില്‍ ചോരയില്ലായ്മ.
1970 ല്‍ നക്‌സല്‍ വര്‍ഗീസിനെ വെടിവച്ചു കൊന്നത് സംസ്ഥാന പൊലിസ്. പൊലിസുമായുള്ള ഏറ്റുമുട്ടലിലാണ് വര്‍ഗീസ് കൊല്ലപ്പെട്ടതെന്നായിരുന്നു അന്നു ലക്ഷ്മണയുള്‍പ്പെടെയുള്ള പൊലിസ് ഉന്നതരുടെ വിശദീകരണം. പിന്നീട്, ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്, അത്രയും കാലം കുറ്റബോധത്തോടെ ജീവിക്കേണ്ടി വന്ന രാമചന്ദ്രന്‍ നായര്‍ എന്ന പൊലിസുകാരന്‍ 'അത് ഏറ്റുമുട്ടലായിരുന്നില്ല, നിരായുധനായ വര്‍ഗീസിനെ പിടിച്ചുകൊണ്ടുപോയി വെടിവച്ചു കൊല്ലുകയായിരുന്നു'വെന്ന വെളിപ്പെടുത്തല്‍ നടത്തുന്നത്.
പൊലിസ് ക്രൂരതയില്‍ കൊല്ലപ്പെട്ട വര്‍ഗീസിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിക്കുമ്പോഴാണ് അദ്ദേഹത്തിനു കീഴിലുള്ള പൊലിസ് പടിഞ്ഞാറത്തറയില്‍ നടത്തിയ ക്രൂരതയുടെ കഥ പുറംലോകമറിയുന്നത്. ഇതിനെ എങ്ങനെ സര്‍ക്കാര്‍ ന്യായീകരിക്കും. ലക്ഷ്മണയുടെ നിര്‍ദ്ദേശപ്രകാരം രാമചന്ദ്രന്‍നായര്‍ വര്‍ഗീസിന്റെ ശരീരത്തിലേയ്ക്ക് ഒരു തവണ മാത്രമേ വെടിയുതിര്‍ത്തിരുന്നുള്ളൂ. തലങ്ങും വിലങ്ങും വെടിവച്ചു ശരീരം ആകെ തകര്‍ത്തിരുന്നില്ല. വര്‍ഗീസ് മരിച്ച ശേഷം പൊലിസിന്റെ രോഷം മുഴുവന്‍ ആ ശരീരത്തില്‍ കാലെല്ലുകള്‍ അടിച്ചു തകര്‍ത്തുകൊണ്ടു നടപ്പാക്കിയിരുന്നുമില്ല. അത്രയെങ്കിലും മാന്യത അന്നത്തെ പൊലിസ് ചെയ്തിരുന്നു.
വേല്‍മുരുകനെ കൊന്ന പൊലിസ് ഇന്നു പറയുന്നത് അന്നു വര്‍ഗീസിനെ കൊന്നപ്പോള്‍ പൊലിസ് ഉന്നതര്‍ പറയുന്ന അതേ കാര്യം തന്നെ, 'തണ്ടര്‍ബോള്‍ട്ടിനെ അക്രമിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ തിരിച്ച് ആക്രമിക്കുകയായിരുന്നു'വെന്ന്. വേല്‍മുരുകന്റെ വെടിയേറ്റ് ഏതെങ്കിലും പൊലിസുകാരന്റെ നഖത്തിനെങ്കിലും പോറല്‍ പറ്റിയതായി ആര്‍ക്കുമറിയില്ല. സത്യത്തില്‍ സംഭവിച്ചതെന്തെന്നു വ്യക്തമാകാന്‍ വര്‍ഗീസിന്റെ മരണത്തിലെന്നപോലെ ഇനിയും പതിറ്റാണ്ടുകള്‍ കഴിയുമായിരിക്കും.
ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് ആമുഖമായി പറയേണ്ടത് 2015 ല്‍ സമുന്നത നീതിപീഠം നടത്തിയ ഒരു നിരീക്ഷണമാണ്. 'മാവോയിസ്റ്റ് ആവുകയെന്നത് കുറ്റകൃത്യമല്ല. അതിന്റെ പേരില്‍ ആരെയും അറസ്റ്റ് ചെയ്യരുത് '.
നേരത്തെ നക്‌സലൈറ്റുകള്‍ക്കു കഴിയാതിരുന്ന പോലെ ഇന്നത്തെ മാവോയിസ്റ്റുകള്‍ക്കും കേരളത്തില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ലെന്ന ഉറച്ച ബോധ്യം ഈ കുറിപ്പെഴുതുന്നയാള്‍ക്കുണ്ട്. കാരണം അന്നു നക്‌സലൈറ്റുകള്‍ക്കെന്നപോലെ ഇന്നു മാവോയിസ്റ്റുകള്‍ക്കും ജനകീയാടിത്തറയില്ല. വനത്തില്‍ ഒളിച്ചു കഴിഞ്ഞും വല്ലപ്പോഴും ആദിവാസി ഊരുകളില്‍ പ്രത്യക്ഷപ്പെട്ടും ഉണ്ടാക്കിയെടുക്കാനാവുന്നതല്ല ജനകീയാടിത്തറ.ജനമനസ്സുകളില്‍ സ്ഥാനം പിടിക്കണമെങ്കില്‍ അവര്‍ക്കിടയില്‍ അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടു നിരന്തരം പ്രവര്‍ത്തിക്കണം. അതിന് ആദ്യം വേണ്ടത് തോക്കും ബോംബും മാറ്റിവയ്ക്കലാണ്. അത്യന്താധുനികായുധങ്ങള്‍ കൈവശമുള്ള പട്ടാളത്തിനും അര്‍ദ്ധസൈനികര്‍ക്കും മറ്റും മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ മാവോയിസ്റ്റുകള്‍ക്കു കഴിയില്ല. എന്നിട്ടുവേണമല്ലോ സൈന്യത്തെയും പൊലിസിനെയും മുട്ടുകുത്തിച്ചു ഭരണം പിടിച്ചെടുക്കല്‍.
വര്‍ഗീസിന്റെയും കുന്നിക്കല്‍ നാരായണന്റെയും മറ്റും നേതൃത്വത്തില്‍ നക്‌സലൈറ്റുകള്‍ നടത്തിയ പോലെ പൊലിസ് സ്റ്റേഷന്‍ ആക്രമണമോ ജന്മിമാരെ ഉന്മൂലനം ചെയ്യലോ പില്‍ക്കാലത്തു കോങ്ങാട്ടില്‍ നടത്തിയ പോലെ തലയറുക്കലോ ഒന്നും മാവോയിസ്റ്റുകളുടെ നേതൃത്വത്തില്‍ ഉണ്ടായതായി അറിവില്ല. ആകെ ഉണ്ടായത് 2014 ല്‍ പാലക്കാട്ട് കെ.എഫ്.സി ഔട്ട്‌ലെറ്റ് ആക്രമണവും നീറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് കൊച്ചി ഓഫിസ് ആക്രമണവും വയനാട്ടില്‍ പൊലിസുമായി നടത്തിയ ദുര്‍ബലമായ ഏറ്റുമുട്ടലുമാണ്. അതുകൊണ്ട്, ഒരു മാവോയിസ്റ്റ് വിപ്ലവം (അട്ടിമറി പോലും) ഇന്നത്തെ നിലയില്‍ ഇന്ത്യയില്‍, പ്രത്യേകിച്ചു കേരളത്തില്‍ ഉണ്ടാകാന്‍ ഒരു സാധ്യതയുമില്ല. അതുകൊണ്ടു തന്നെ മാവോയിസ്റ്റുകളെ ഇങ്ങനെ കണ്ടിടത്തു വച്ചു കൊന്നു തള്ളുന്നത് അതിക്രൂരമായ നടപടിയാണ്. ഇടതുപക്ഷ ഭരണത്തില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ്.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊലിസ് കൊന്നു തള്ളിയത് എട്ടു മാവോയിസ്റ്റുകളെയാണ്. 2016 ല്‍ മലപ്പുറം ജില്ലയിലെ കരുളായി വരയന്‍മലയില്‍ മാവോയിസ്റ്റ് സംഘടനയുടെ കേന്ദ്രകമ്മിറ്റി അംഗം കുപ്പു ദേവരാജും അജിതയും വെടിയേറ്റു മരിച്ചു. അന്നും പൊലിസ് പറഞ്ഞത് ആക്രമണം തടയാന്‍ നടത്തിയ പ്രതിരോധത്തിനിടയിലെ സ്വാഭാവിക സംഭവമെന്നായിരുന്നു. രോഗാതുരനായി എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്തത്ര അവശനായിരുന്നു കുപ്പു ദേവരാജ് എന്നായിരുന്നു അനൗദ്യോഗികമായി പുറത്തുവന്ന വിവരം.
2019 മാര്‍ച്ച് 7 ന് വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് ജലീല്‍ വെടിയേറ്റു മരിച്ചു. റിസോര്‍ട്ട് ആക്രമിക്കാനെത്തിയ നക്‌സലൈറ്റുകള്‍ സംഭവസ്ഥലത്തെത്തിയ പൊലിസിനെ ആക്രമിച്ചപ്പോള്‍ തങ്ങള്‍ നടത്തിയ പ്രത്യാക്രമണത്തിലാണു ജലീല്‍ മരിച്ചതെന്നന്നാണു പൊലിസ് പറഞ്ഞിരുന്നത്. ജലീല്‍ വെടിവയ്ക്കാന്‍ ഉപയോഗിച്ചുവെന്നു പൊലിസ് അവകാശപ്പെട്ട തോക്കും മൃതദേഹത്തിനടുത്തുണ്ടായിരുന്നു.
എന്നാല്‍, മാസങ്ങള്‍ക്കു ശേഷം വെളിച്ചത്തു വന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറഞ്ഞത് വെടിവയ്ക്കാന്‍ ജലീല്‍ ഉപയോഗിച്ചുവെന്നു പറയുന്ന തോക്കില്‍ നിന്ന് ഒരു തവണ പോലും വെടി ഉതിര്‍ന്നിരുന്നില്ല എന്നാണ്. മാത്രവുമല്ല, വെടിവച്ചുവെന്നു പറയുന്ന ജലീലിന്റെ വിരലുകളിലും വെടിമരുന്നിന്റെ അംശമുണ്ടായിരുന്നില്ലെന്നു കണ്ടെത്തി. അതോടെ പൊലിസ് മലക്കം മറിഞ്ഞു. തങ്ങളെ വെടിവച്ചത് ജലീലല്ല, ഒപ്പമുണ്ടായിരുന്ന മാവോയിസ്റ്റാണ് എന്നാണു പുതിയ ഭാഷ്യം.
2019 ല്‍ തന്നെ മറ്റൊരു മാവോയിസ്റ്റ് വേട്ട കൂടി നടന്നു. അട്ടപ്പാടി മഞ്ചക്കണ്ടി ഊരിനടുത്തായിരുന്നു അത്. അതില്‍ മരിച്ചത് ഒന്നോ രണ്ടോ അല്ല മൂന്നു പേര്‍. കാര്‍ത്തി, രമ, എന്നിവര്‍ ആദ്യദിവസവും മണിവാസകം അടുത്ത ദിവസവും. ആദ്യദിവസം കൊല്ലപ്പെട്ടവരുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ മാവോയിസ്റ്റുകള്‍ വീണ്ടും ആക്രമിച്ചുവെന്നും അതിനിടയിലാണ് മണിവാസകം കൊല്ലപ്പെട്ടതെന്നുമാണു പൊലിസ് അവകാശപ്പെട്ടത്. പക്ഷേ, അവിടെ നിന്നും പുറത്തുവന്ന വാര്‍ത്ത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് നിഷ്‌കരുണം വെടിവച്ചു കൊല്ലുകയായിരുന്നുവെന്നാണ്.
മഞ്ചക്കട്ടി മാവോയിസ്റ്റ് ഹത്യക്കു ശേഷം അന്നത്തെ സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ടോംജോസ് ഒരു ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനത്തിലെ വരികള്‍ ഭരണചക്രം യഥാര്‍ഥത്തില്‍ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥപ്രഭുക്കന്മാരുടെ മനസ്സിലെ ദുഷ്ടതയും ക്രൂരതയും വെളിപ്പെടുത്തുന്നതാണ്. ആ ലേഖനത്തിലെ വരികള്‍ ഇങ്ങനെ:
'സായുധസമരത്തിന്റെ വക്താക്കളായ മാവോയിസ്റ്റുകള്‍ക്കു മനുഷ്യാവകാശത്തിന് അര്‍ഹതയില്ല. അവരെ കണ്ടിടത്തു വെടിവച്ചുകൊല്ലണം'..!
പിന്നെങ്ങനെ പൊലിസും തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളെന്ന മുദ്ര കുത്തി കണ്ണില്‍ കണ്ടവരെയെല്ലാം വേട്ടയാടാതിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."