പട്ടിണിക്കുമേല്‍ നിലക്കാത്ത ഇസ്‌റാഈല്‍ ബോംബ് വര്‍ഷവും; ഗസ്സയില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 81 പേര്‍, അല്‍ഷിഫയില്‍ അക്രമണം ഇനിയും കടുപ്പിക്കും
തെല്‍ അവിവ്: പട്ടിണിയില്‍ പൊരിയുന്ന ഗസ്സക്കുമേല്‍, നോമ്പുകാര്‍ക്കു മേല്‍ വീണും വീണ്ടും ബോംബ് വര്‍ഷിച്ചു കൊണ്ടിരിക്കുകയാണ് ഇസ്‌റാഈല്‍ ഭീകര സേന. സയണിസ്റ്റ് സേനയുടെ ആക്രമണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ 81 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 116 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതെല്ലാം പുറത്തു വരുന്ന കണക്കുകള്‍ മാത്രമാണ്. ഗസ്സയിലെ അല്‍ഷിഫ ആശുപത്രിക്ക് നേരെയുള്ള ആക്രമണവും ശക്തമായി തുടരുകയാണ്. ആക്രമണം ഇനിയും കടുപ്പിക്കുമെന്നാണ് സൈന്യം നല്‍കുന്ന മുന്നറിയിപ്പ്.
ഇന്നലെ കാലത്താണ് അല്‍ഷിഫ ആശുപത്രിക്കു നേരെ നാലാം തവണയും ഇസ്‌റാഈല്‍ ആക്രമണം നടത്തിയത്. ആശുപത്രിയില്‍ 20 ഫലസ്തീനികളെ കൊലപ്പെടുത്തിയതായി സേന അറിയിച്ചു. എന്നാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അതിലും കൂടുതലാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.നിരവധി പേര്‍ക്ക് പരിക്കുണ്ട്. ആശുപത്രി വളഞ്ഞ സൈന്യം ഇനിയും ആക്രമണത്തിന് നീക്കം നടത്തുന്നതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ആയിരങ്ങളാണ് ആശുപത്രിയിലും പരിസരത്തുമായി കഴിഞ്ഞു കൂടുന്നത്.
അതിനിടെ അറസ്റ്റിലായ അല്‍ ജസീറയുടെത് ഉള്‍പ്പെടെ മാധ്യമ പ്രവര്‍ത്തകരെ പന്ത്രണ്ട് മണിക്കൂറിനു ശേഷം ഇസ്‌റാഈല്‍ മോചിപ്പിച്ചു. അന്തര്‍ദേശീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അല്‍ജസീറ റിപ്പോര്‍ട്ടര്‍ ഇസ്മാഈല്‍ ഗൗലിനെയും മറ്റു മാധ്യമ പ്രവര്‍ത്തകരെയും ഇസ്‌റാഈല്‍ മോചിപ്പിച്ചത്.
തങ്ങള്‍ക്ക് കടുത്ത പീഡനമാണ് ഇസ്‌റാല്‍ സൈന്യത്തിന്റെ ഭാഗത്തു നിന്ന് അനുഭവിക്കേണ്ടി വന്നതെന്ന് മോചിതരായ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. സൈന്യം വിവസ്ത്രരാക്കി നിര്‍ത്തി മര്‍ദനങ്ങള്‍ക്ക് വിധേയമാക്കിയെന്ന് ഇസ്മാഈല്‍ ഗൗല്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങളും സേന നശിപ്പിച്ചു.
ഖത്തര്‍ കേന്ദ്രീകരിച്ച് താല്‍ക്കാലിക വെടിനിര്‍ത്തല്‍ ചര്‍ച്ച പുനരാരംഭിച്ചിരിക്കെ, അല്‍ഷിഫ ആശുപത്രിക്ക് നേരെയുള്ള ആക്രമണവും വടക്കന്‍ ഗസ്സയിലെ പട്ടിണി സാഹചര്യവും മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയും ഇസ്‌റാഈലിനെതിരെ ലോകതലത്തില്‍ പ്രതിഷേധം ശക്തമാക്കി. ഗസ്സയില്‍ പട്ടിണി മൂലം ജനങ്ങള്‍ മരിക്കുന്ന അവസ്ഥയില്‍ അന്തര്‍ദേശീയ സമൂഹം ലജ്ജിക്കണമെന്ന് യു.എന്‍ റിലീഫ് മേധാവി മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ് ചൂണ്ടിക്കാട്ടി.
ഒക്ടോബര്‍ ഏഴുമുതല്‍ നടക്കുന്ന ആക്രമണങ്ങളില്‍ 31,726 പേരാണ് കൊല്ലപ്പെട്ടത്. വെസ്റ്റ് ബാങ്കില്‍ 35 ഫലസ്തീനികളെ കൂടി ഇസ്‌റാഈല്‍ സൈന്യം കസ്റ്റഡിയിലെടുത്തു. പട്ടിണി പിടിമുറുക്കിയ ഗസ്സ തുറന്ന ശ്മശാനമായി തീര്‍ന്നതായി യൂറോപ്യന്‍ യൂനിയന്‍ രാഷ്ട്രീയകാര്യ മേധാവി ജോസഫ് ബോറല്‍ പഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഇസ്‌റാഈല്‍ യുദ്ധകാര്യ മന്ത്രിസഭയില്‍ കടുത്ത ഭിന്നതയാണുള്ളത്. ഹമാസിനെ അമര്‍ച്ച ചെയ്ത് എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കും വരെ യുദ്ധം തുടരുമെന്ന് ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."