ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടോ ?
ന്യൂഡൽഹി
1985ന് ശേഷം ഉത്തർപ്രദേശിൽ ഭരണകക്ഷി തുടർഭരണം നേടുന്ന സാഹചര്യവും കോൺഗ്രസിന് വിവിധ സംസ്ഥാനങ്ങളിൽ തകർച്ച നേരിടുന്നതും 2024ലെ പൊതു തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കോൺഗ്രസിന് ദേശീയ തലത്തിൽ ബി.ജെ.പി ബദലായി ഉയർന്നുവരാനുള്ള ശേഷി കുറയുന്നുവെന്നാണ് ഓരോ തെരഞ്ഞെടുപ്പുകളും അടിവരയിടുന്നത്.
ബി.ജെ.പിയുടെ വളർച്ച പിന്നോട്ടാണെങ്കിലും ശക്തമായ ബദൽ ഉയർന്നുവരുന്നില്ല. ഏറെക്കാലം രാജ്യം ഭരിച്ച കോൺഗ്രസിന് അത്തരത്തിൽ ഉയിർത്തെഴുന്നേൽക്കാനാകുന്നില്ല.
പ്രാദേശിക പാർട്ടികൾ സ്വന്തം നിലയിൽ കാഴ്ചവയ്ക്കുന്ന പ്രവർത്തന മികവിനെ കൂട്ടിയോജിപ്പിച്ച് നേട്ടമുണ്ടാക്കുന്നതിലും കോൺഗ്രസ് പരാജയപ്പെടുന്നു. 2024 ൽ ബി.ജെ.പിക്ക് ആരു ബദലാകുമെന്ന ചർച്ചയ്ക്ക് കൂടുതൽ ഇന്ധനം പകരുന്നതാണ് അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം. യു.പി ഭരിക്കുന്ന പാർട്ടി രാജ്യം ഭരിക്കുമെന്ന പാരമ്പര്യത്തിന് മാറ്റം വരുത്താൻ ഇനിയുള്ള രണ്ടു വർഷം പ്രതിപക്ഷത്തിനു മുന്നിലുണ്ട്. പ്രാദേശിക പാർട്ടികളുടെ ഐക്യശ്രമവും നടക്കുന്നുണ്ട്. പക്ഷേ ആര് നേതൃത്വം വഹിക്കുമെന്ന ചോദ്യമാണ് ബാക്കി. കോൺഗ്രസ് ദുർബലമാകുമ്പോൾ പുതിയ പാർട്ടികളിൽ ജനങ്ങൾ പ്രതീക്ഷ പുലർത്തുന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങളിൽ വ്യക്തമാകുന്നത്.
പരമ്പരാഗത പാർട്ടികളോട് പുതുതലമുറക്ക് താൽപര്യം കുറയുന്നു.
ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങൾക്ക് കാതോർക്കുന്ന പാർട്ടികൾക്കേ നിലനിൽപ്പുള്ളൂവെന്ന സ്ഥിതിയാണ് തെളിയുന്നത്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും വിലക്കയറ്റവും രൂക്ഷമാകുമ്പോൾ പരമ്പരാഗത പാർട്ടികളെ തള്ളി എ.എ.പി പോലുള്ള പാർട്ടികൾ അധികാരം നേടുന്നത് അത്തരം സൂചനയാണ് നൽകുന്നത്.
25 കോടി ജനങ്ങൾ വോട്ടുചെയ്യുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് നൽകുന്നത് രാജ്യത്തെ രാഷ്ട്രീയം എവിടേക്ക് ചായുന്നുവെന്നതാണ്. പോരായ്മകളും പരിഹാരവും നടത്തി തിരിച്ചെത്താൻ പ്രതിപക്ഷത്തിന് യു.പി തെരഞ്ഞെടുപ്പാനന്തര കാലം സമയം നൽകുന്നു. ഈ സമയം ആര് മികച്ച രീതിയിൽ വിനിയോഗിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകളൊരുങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."