സാമ്പത്തിക മാന്ദ്യത്തിന് പരിഹാര നിർദേശങ്ങളില്ല
അൻസാർ മുഹമ്മദ്
തിരുവനന്തപുരം
ഉന്നത വിദ്യാഭ്യാസം, തൊഴിൽ, നൈപുണ്യ വികസനം എന്നീ മേഖലകളിൽ ഊന്നൽ നൽകിയും പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കേരളത്തിന്റെ ഖജനാവ് നിറയ്ക്കാൻ നികുതി വരുമാന മാർഗങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയും കേരളത്തിന്റെ ഭാവിയുടെ ഗതി നിർണയിക്കുന്ന പ്രഖ്യാപനങ്ങളടങ്ങുന്നതാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്. എന്നാൽ കൊവിഡിൽ തകർന്നടിഞ്ഞ കേരളത്തിന്റെ സാമ്പത്തിക മാന്ദ്യത്തിനുള്ള പരിഹാര നിർദേശങ്ങളൊന്നും ബജറ്റിലില്ല.
സി.പി.എമ്മിന്റെ നയംമാറ്റ രേഖ പാർട്ടി സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പ് അംഗീകാരം നേടിയതിനു പിന്നാലെ രണ്ടാം പിണറായി സർക്കാരിന്റെ ബജറ്റിലുമുണ്ട് നയംമാറ്റം. സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കാൻ 25 കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചത്. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം ലക്ഷ്യമിട്ട് ദീർഘവീക്ഷണത്തോടെയുള്ള വിദ്യാഭ്യാസ കാഴ്ചപ്പാടും ബജറ്റിലുണ്ട്.
പല പ്രധാന വകുപ്പുകൾക്കും നേരത്തെ നിശ്ചയിച്ചതിലേറെ തുക നീക്കിവച്ചു. ഐ.ടി, സ്റ്റാർട്ടപ്, കാർഷിക മേഖല, ഉന്നത വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യ മേഖല തുടങ്ങിയ വിഭാഗങ്ങളിൽ പുതിയ പദ്ധതികളിലൂടെ പരമാവധി തൊഴിലവസരം വർധിപ്പിക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ നൽകിയത്. ഒരു ലക്ഷം പുതിയ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുമെന്നും ബജറ്റിൽ പറയുന്നു.
സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് വൻ നികുതി വർധനവിലേക്കൊന്നും ബജറ്റ് കടന്നില്ല. ഭൂമിയുടെ ന്യായവില ഉയർത്തിയും മോട്ടോർ നികുതി പരിഷ്‌കരിച്ചും 602 കോടി സമാഹരിക്കാൻ ലക്ഷ്യമിടുന്നുണ്ട്. കൊവിഡ് പ്രതിസന്ധിയിൽനിന്ന സാമ്പത്തിക മേഖലയെ കരകയറ്റാൻ കരം കൂട്ടുന്നതിലെ പരിമിതികളും സർക്കാർ തിരിച്ചറിഞ്ഞു. 1,57,000 കോടിയിലേറെ റവന്യൂ ചെലവ് കണക്കാക്കുമ്പോഴും നികുതി പരിഷ്‌കരണത്തിലൂടെ ലക്ഷ്യമിടുന്ന അധിക വരുമാനം 602 കോടി മാത്രമാണ്.
ഭൂമിയുടെ ന്യായവില ഉയർത്തലാണ് പ്രധാന തീരുമാനം. 15 ശതമാനം വർധനവുണ്ടാകുമെന്ന വിലയിരുത്തലുകൾക്കിടയിലും ന്യായവിലയിൽ സർക്കാർ കൂട്ടിയത് 10 ശതമാനം മാത്രം. അതേസമയം, ഇത്തവണ സാമൂഹ്യക്ഷേമ പെൻഷൻ വർധിപ്പിച്ചില്ല. 2026 ആകുമ്പോഴേക്കും 2,500 രൂപ ആക്കി ഉയർത്തുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നിലനിൽക്കുമ്പോഴും ഇത്തവണ സർക്കാർ ഇടവേളയെടുത്തു.
യുദ്ധത്തിന്റെ ആഘാതം വിലക്കയറ്റത്തിലേക്കെത്തുമെന്ന വിലയിരുത്തലിൽ ഭക്ഷ്യസുരക്ഷ അടക്കം ഉറപ്പാക്കാൻ 2,000 കോടി ബജറ്റിൽ നീക്കിവച്ചു. കൂപ്പുകുത്തിക്കിടക്കുന്ന വിപണിയെ ഉടനെ ചലിപ്പിക്കാനാവുന്ന ഒരു പ്രഖ്യാപനവും ബജറ്റിൽ ഇടം കണ്ടില്ല. പ്രതിസന്ധിയിലായ കച്ചവട മേഖലയ്ക്ക് ഉത്തേജനം പകരുന്ന ഒരു പാക്കേജും ബജറ്റിൽ പ്രഖ്യാപിച്ചില്ല. പൊതുഗതാഗത മേഖലയിൽ സ്റ്റേജ് കാര്യേജ് സർവിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ റോഡ് ടാക്‌സിലും സ്റ്റേജ് കാര്യേജ് ബസുകൾക്ക് ഉപയോഗിക്കുന്ന ഡീസലിന്റെ വിൽപന നികുതിയിലും ഇളവ് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതും സർക്കാർ കണ്ടില്ലെന്നു നടിച്ചു.
ജി.എസ്.ടി വരുമാനം 14.5 ശതമാനത്തിലെത്തിയതിലാണ് ധനമന്ത്രി പ്രതീക്ഷ പുലർത്തുന്നത്. മദ്യ നികുതിയും മോട്ടോർ നികുതിയും ഇപ്പോൾ തന്നെ കൂടുതലായതിനാൽ അവയിൽ തൊടാതെ മറ്റു മേഖലകളിലെ നികുതി വരുമാനമാണ് സർക്കാർ ലക്ഷ്യമിട്ടത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സേവനങ്ങളുടെ ഫീസ് വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ചെലവു ചുരുക്കലിന് പ്രത്യേക നിർദേശങ്ങളുമില്ല.
വിവാദങ്ങൾക്കിടയിലും സിൽവർലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ 2,000 കോടി രൂപ ബജറ്റിൽ നീക്കിവച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്ത് സർവകലാശാലകളുടെ സമഗ്രമായ മാറ്റത്തിനുതകുന്ന പദ്ധതികൾ ബജറ്റിലുണ്ട്. നാല് ഐ.ടി ഇടനാഴികളാണ് ശ്രദ്ധേയമായൊരു പ്രഖ്യാപനം.
കൃഷിക്കും മൂല്യവർധിത ഉൽപന്നങ്ങൾക്കും പ്രാധാന്യം നൽകിയുള്ള നിർദേശങ്ങൾ ബജറ്റിൽ ഇടംപിടിച്ചു.
വീര്യം കുറഞ്ഞ മദ്യം പഴവർഗങ്ങളിൽനിന്ന് ഉൽപാദിപ്പിക്കുമെന്ന പ്രഖ്യാപനവുമുണ്ടായി. കാർഷികോൽപന്നങ്ങളുടെ ഉൽപാദനത്തിനും വിപണനത്തിനും സൗകര്യമുള്ള ഫുഡ് പാർക്കുകളുടെ പ്രഖ്യാപനം കാർഷിക മേഖലയ്ക്കു പ്രതീക്ഷ നൽകുന്നു. മൂല്യവർധിത ഉൽപന്നങ്ങളുടെ മാർക്കറ്റിങിനായി കമ്പനി രൂപീകരണം പുതിയ ചുവടുവയ്പ്പാണ്. നെല്ലിന്റെ താങ്ങുവില ഉയർത്താനും സർക്കാർ തയാറായി. പട്ടികജാതി- പട്ടികവർഗ ക്ഷേമത്തിനു കൂടുതൽ പ്രാധാന്യം ഇത്തവണയും ലഭിച്ചു.
വൻകിട പദ്ധതികൾക്കായി കിഫ്ബിയെയാണ് സർക്കാർ ഈ ബജറ്റിലും ആശ്രയിക്കുന്നത്. കിഫ്ബി പദ്ധതികൾ സംബന്ധിച്ച കണക്കുകൾ ബജറ്റിൽ ഉൾപ്പെടുത്തുമെന്ന് സർക്കാർ നേരത്തെ നിലപാടെടുത്തിരുന്നെങ്കിലും അതുണ്ടായില്ല. ഇപ്പോൾ കിഫ്ബി ഏറ്റെടുത്തിരിക്കുന്നത് 70,000 കോടി രൂപയുടെ പദ്ധതികളാണ്. മോട്ടോർ വാഹന നികുതിയുടെ പകുതിയും ഇന്ധന സെസുമാണ് കിഫ്ബിയുടെ വായ്പാ തിരിച്ചടവിനുള്ള മാർഗം. എന്നാൽ, ഈ നികുതി വരുമാനം കുറയുന്നത് തിരിച്ചടവ് തെറ്റുമോ എന്ന ആശങ്കയ്ക്കു കാരണമാകുന്നു.
കേരളത്തിന്റെ റവന്യൂ കമ്മി 16,000 കോടിയിൽനിന്ന് 23,0000 കോടിയായി വർധിച്ചിരിക്കുകയാണ്. 402 കോടി മാത്രമാണ് അധിക വരുമാനം. അതിനർത്ഥം വിഭവ സമാഹരണത്തിനു കാര്യമായ ശ്രമമുണ്ടായിട്ടില്ലെന്നാണ്. ധനിക വിഭാഗങ്ങളിൽനിന്ന് വിഭവ സമാഹരണത്തിന് ഒരു ശ്രമവും ബജറ്റിലില്ല. പൊതുമേഖലയുടെ കാര്യക്ഷമത ഉയർത്തി അവയെ സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുന്ന സമീപനവും ബജറ്റിൽ വേണ്ടെന്നുവച്ചു. കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടുന്ന പതിവു സമീപനം ധനമന്ത്രി ഇത്തവണയും ആവർത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."