ആയുര്‍വേദ പി.ജി ഡോക്ടര്‍മാര്‍ക്ക് സര്‍ജറിക്കു അനുമതി: ഐ.എം.എയുടെ ഹരജിയില്‍ കേന്ദ്രത്തിന് നോട്ടിസ്
ന്യൂഡല്‍ഹി: ആയുര്‍വേദ പി.ജി ഡോക്ടര്‍മാര്‍ക്ക് സര്‍ജറി ചെയ്യാന്‍ അനുമതി നല്‍കിയ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ നടപടി ചോദ്യം ചെയ്ത് ഐ.എം.എ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാറിന് നോട്ടിസയച്ചു. വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. ഹരജിയില്‍ നാലാഴ്ചക്കകം മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് 58 ഇനം ശസ്ത്രക്രിയകള്‍ നടത്താന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഐ.എം.എ രാജ്യവ്യാപകമായി പണിമുടക്കും മെഡിക്കല്‍ ബന്ദും നടത്തിയിരുന്നു.
പരിശീലനമില്ലാതെ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് സര്‍ജറി ചെയ്യാന്‍ അനുമതി നല്‍കുന്നത് വലിയ പ്രശ്‌നമുണ്ടാക്കുമെന്ന് ഐ.എം.എക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ മനീന്ദര്‍ സിങ് വാദിച്ചു.
ജനങ്ങളുടെ ആരോഗ്യകാര്യങ്ങളിലുള്ള ആശങ്ക മനസിലാക്കാവുന്നതാണെന്നും ഇതെല്ലാം അതിരുകടന്ന ആശങ്കയാണെന്നുമായിരുന്നു ഇതിന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ മറുപടി. കുറച്ചുകാലമായി ഈ ആശങ്ക നിലനില്‍ക്കുന്നു. തങ്ങള്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. 2020 നവംബര്‍ 19നാണ് ആയുര്‍വേദക്കാര്‍ക്കും സര്‍ജറിക്ക് അനുമതി നല്‍കി നിലവിലെ നിയമം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.
വര്‍ഷങ്ങളായി ഇത്തരം ശസ്ത്രക്രിയകള്‍ ആയുര്‍വേദത്തില്‍ നടക്കുന്നുണ്ടെന്നും ഇത് നിയമപരമാണെന്ന് ഉറപ്പുവരുത്താന്‍ മാത്രമാണ് വിജ്ഞാപനമെന്നുമായിരുന്നു സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ നിലപാട്. ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ആയുര്‍വേദ എജ്യുക്കേഷന്‍) റെഗുലേഷന്‍ 2016ല്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രം ആയുര്‍വേദ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ പാഠ്യപദ്ധതിയില്‍ സര്‍ജറി ഉള്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."